പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിക്ക് സ്വീകരണം; കേക്ക് മുറിച്ച് സ്വീകരിച്ചത് ബി.ജെ.പി വാര്‍ഡ് മെമ്പര്‍
Kerala News
പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിക്ക് സ്വീകരണം; കേക്ക് മുറിച്ച് സ്വീകരിച്ചത് ബി.ജെ.പി വാര്‍ഡ് മെമ്പര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th February 2022, 9:47 pm

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്തെ പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ആര്‍.എസ്.എസ് പ്രവര്‍ത്തകന് സ്വീകരണം. ബി.ജെ.പി വാര്‍ഡ് മെമ്പറുടെ സാന്നിധ്യത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്.

ദേശാഭിമാനിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന കല്ലിയൂര്‍ വെള്ളായണി സ്വദേശി ഷിജിനാണ് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെയും വാര്‍ഡ് മെമ്പറുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത്.

ജനുവരി 10ന് വിഴിഞ്ഞം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് ഷിജിന്‍. വവ്വാമൂല സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോയി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിന്‍മേലാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ വീടാക്രമിച്ചതടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമാണ് ഷിജിന്‍.

ജാമ്യത്തിലിറങ്ങിയ ഷിജിന് തെന്നൂര്‍ പ്രതിഭ ഗ്രന്ഥശാലയ്ക്ക് മുന്നില്‍ കേക്ക് മുറിച്ചാണ് സ്വീകരണം നല്‍കിയത്. ആഘോഷത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളിലടക്കം ബി.ജെ.പി പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്.

ബി.ജെ.പി വാര്‍ഡ് മെമ്പറായ ആതിര, യുവമോര്‍ച്ച കോവളം മണ്ഡലം സെക്രട്ടറി കെ.എസ്. വിഷ്ണു, കല്ലിയൂര്‍ വെസ്റ്റ് മേഖലാ പ്രസിഡന്റ് ജെ.വി. പ്രശാന്ത്, ആര്‍.എസ്.എസ് മുഖ്യശിക്ഷക് അഭിലാഷ് എന്നിവരാണ് ആഘോഷത്തിന് നേതൃത്വം നല്‍കിയത്.

കേസില്‍ ഒളിവിലെന്ന് പൊലീസ് പറയുന്ന രണ്ടാം പ്രതിയും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.

കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്ന ബി.ജെ.പി നേതൃത്വം ജനങ്ങളോട് മാപ്പ് പറയണമെന്നും ഇത്തരക്കാരെ സമൂഹം അകറ്റി നിര്‍ത്തണമെന്നും സി.പി.ഐ.എം കല്ലിയൂര്‍, വെള്ളായണി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ എസ്.ആര്‍. ശ്രീരാജും എസ്. ജയചന്ദ്രനും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Content Highlight:  Receipt of BJP activist released on bail in Pocso