സവര്‍ണവല്‍ക്കരിക്കപ്പെട്ട മഹാബലി - വാമനകഥയല്ല യഥാര്‍ത്ഥ ഓണം
Onam
സവര്‍ണവല്‍ക്കരിക്കപ്പെട്ട മഹാബലി - വാമനകഥയല്ല യഥാര്‍ത്ഥ ഓണം
സി.കെ. ശശി കൊടുങ്ങല്ലൂര്‍
Thursday, 19th August 2021, 3:05 pm
ഇക്കാണും വിധത്തില്‍ ഓണം ആഘോഷമാക്കിയത് പ്രവാസികളാണ്. കേരളത്തിനു പുറത്ത് ഗൃഹാതുരത്വം നുണഞ്ഞ് വീര്‍പ്പുമുട്ടി കഴിഞ്ഞിരുന്ന മലയാളികളുടെ ദേശീയവും സാംസ്‌കാരികവുമായ കൂട്ടായ്മകള്‍ക്കും വികാരങ്ങള്‍ക്കും രൂപം കൊടുക്കുന്നതിനായിട്ടാണവര്‍ സവര്‍ണവല്‍ക്കരിക്കപ്പെട്ട മഹാബലി -വാമനകഥ അടിസ്ഥാനമാക്കി ഓണത്തെ മലയാളി തനിമയുടെ ഉത്സവാഘോഷമാക്കിയത്.

പതിവുപോലെ തമിഴകത്തെ പൂക്കളും സവര്‍ണ്ണ ഭാഷ്യങ്ങളുമായി ഓണം നാം അടിച്ചുപൊളിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഓണം ഒരു കേരളീയ മിത്താണ്. അതിന് കൊമ്പന്‍മീശയും കുടവയറുമുള്ള മഹാബലിയുമായി ഒരു ബന്ധവുമില്ല. ഓണം സംബന്ധിച്ച മിത്തിനെ അടിസ്ഥാനമാക്കുന്ന ഓണപ്പാട്ടുകള്‍ അച്ചടിച്ചത് 1874ല്‍ ആണെങ്കില്‍ മാവേലിയുടെ ശരീരത്തിന് വികൃതപരിണാമം സംഭവിച്ചത് 1950കള്‍ക്കു ശേഷമാണ്. 1947 മുതല്‍ 1957വരെ മഹാബലിക്ക് പൂണൂലുണ്ടായിരുന്നില്ല. പൂണൂലിട്ട മഹാബലിയുടെ ഓണം ആഘോഷിക്കാന്‍ തുടങ്ങിയത് ഓണം ഒരു ദേശീയോത്സവമായി 1960ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ്.

ഓണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സവര്‍ണഭാഷ്യകാരന്‍മാര്‍ എഴുതിക്കൂട്ടുന്നതും വായിട്ടടിക്കുന്നതും മഹാബലി എന്ന അസുരചക്രവര്‍ത്തിയുടെ അഹങ്കാരത്തെക്കുറിച്ചാണ്. ഓണത്തില്‍ നിന്നും പഠിക്കേണ്ട പാഠം അഹങ്കാരം അരുതെന്നും ചതിയനായ വാമനനെന്ന ബ്രാഹ്മണന്റെ വിനയത്തെ ഉള്‍ക്കൊള്ളണമെന്നുമാണ് ആള്‍ദൈവങ്ങള്‍ അടക്കമുള്ള അവര്‍ണ്ണര്‍ ബോധനം ചെയ്യാന്‍ ശീലിച്ചിരിക്കുന്നത്! ഇതുകേട്ടാല്‍ തോന്നും മഹാബലി എന്തോ വലിയൊരു അപരാധം ചെയ്തുവെന്ന്. എന്താണ് മഹാബലി ചെയ്ത അപരാധം?

പ്രജാതല്‍പ്പരനായ മഹാബലിയുടെ ഭരണത്തിന്‍ കീഴില്‍ എല്ലാവര്‍ക്കും സുഖമായിരുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയില്‍ മുതലാളിമാര്‍ക്കും ചൂഷകര്‍ക്കും പരിഗണന ലഭിക്കാത്തതുപോലെ ബലിയുടെ ഭരണത്തില്‍ മെയ്യനങ്ങാന്‍ മടിക്കുന്ന ബ്രാഹ്മണര്‍ക്കും ദേവകള്‍ക്കും വേണ്ടത്ര പരിചരണം ലഭിച്ചില്ല. ഇതില്‍ കുപിതരായ അവരുടെ അപേക്ഷ പ്രകാരമാണ് വിഷ്ണു വാമനനായി അവതരിച്ചതും ചതിയിലൂടെ മൂന്നടി മണ്ണുചോദിച്ച് വിണ്ണടക്കം അളന്നെടുത്തതും. വാമനന്‍ തട്ടിപ്പുകാരനാണെന്ന് മനസ്സിലാക്കിയ ശൂക്രാചാര്യന്‍ ഭൂമിദാനത്തിന് പ്രാരംഭമായി നടന്ന ജലദാനം വിഘ്നപ്പെടുത്താന്‍ കരടിന്റെ രൂപത്തില്‍ കുടത്തിന്റെ മുഖം അടച്ചു.

ജലം പുറത്തേക്ക് നിര്‍ഗ്ഗളമായി പ്രവഹിക്കാത്തതിന്റെ കാരണം തിരിച്ചറിഞ്ഞ വാമനന്‍ ഒരു ദര്‍ഭകൊണ്ട് കരട് കുത്തിമാറ്റി. അതുചെന്നുതറച്ചത് ശുക്രാചാര്യരുടെ കണ്ണിലും. കണ്ണുപൊട്ടിയ ശുക്രാചാര്യര്‍ അന്നു മുതല്‍ ഒറ്റക്കണ്ണനായിത്തീര്‍ന്നു. ശുക്രാചാര്യര്‍ ബലിയെ ശപിച്ചു. തുടര്‍ന്ന് വാമനന്‍ സ്ഥലം അളന്നു. രണ്ടടി അളന്നശേഷം അളക്കാന്‍ സ്ഥലമില്ലാതായപ്പോള്‍ ശേഷിക്കുന്നത് തന്റെ ശരീരം മാത്രമേയുള്ളു എന്നറിയിച്ച ബലി വാക്ക്പാലിക്കാന്‍ അതളന്നെടുക്കാന്‍ ആവശ്യപ്പെട്ടു. അനന്തരം വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി.

പി.എസ്. ബാനര്‍ജിയുടെ ‘മഹാബലി’ ചിത്രീകരണം

പാതാളത്തിലെ ഏഴു ലോകങ്ങളില്‍ സ്വര്‍ഗ്ഗതുല്യമായ സുതലത്തിലേക്ക്. ഇന്ദ്രനെ സന്തോഷിപ്പിക്കാന്‍ വേണ്ടി വാമനവേഷംകെട്ടി ബലിയുടെ രാജ്യം ചതിച്ച് കൈക്കലാക്കിയത് തെറ്റായിപ്പോയെന്ന് വിഷ്ണുവിനു ബോധ്യമായി. ദുഃഖിതനും പശ്ചാത്താപവിവശനുമായ അദ്ദേഹം പാപമോചനാര്‍ഥം മഹാബലിയുടെ കൊട്ടാരത്തിന്റെ കാവല്‍ക്കാരനായി മാറി പ്രായശ്ചിത്തം ചെയ്യുവാന്‍ തീരുമാനിച്ചു. ഇതിലെവിടെയാണ് അഹങ്കാരം? അഹങ്കാരവും ചതിയും കാണിച്ചത് വിഷ്ണുവാണ്. അതദ്ദേഹത്തിന് ബോധ്യപ്പെടുകയും പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. ബോധ്യപ്പെടാത്തത് സവര്‍ണ്ണര്‍ക്കും അവരുടെ അവര്‍ണ്ണ ‘ചാപ്പ’ന്‍മാര്‍ക്കുമാണ്.

പാതാളത്തിലെ സ്വര്‍ഗ്ഗതുല്യമായ സുതലത്തില്‍ കുടിയിരുത്തുന്നതോടെ ബലിയെ സംബന്ധിച്ച പുരാണകഥ പര്യവസാനിച്ചു. എന്നാല്‍ അവിടുന്നിങ്ങോട്ടുള്ള ഓണത്തിന്റെ അടിസ്ഥാനം നാട്ടറിവിന്റേതാണ്. ചിങ്ങമാസത്തിലെ തിരുവോണനാളില്‍, സൂര്യഭഗവാന്റെ ജന്മനക്ഷത്രമായ അത്തം മുതല്‍ വിഷ്ണുവിന്റെ ജന്മനക്ഷത്രമായ തിരുവോണംവരെയുള്ള കാലയളവില്‍ ഓണം ആഘോഷിച്ചു തുടങ്ങിയത് അടുത്തകാലത്താണ്.

കര്‍ക്കിടകം ഒന്നു മുതല്‍ കന്നിയിലെ ആയില്യം മകം വരെ വിവിധ ജനവിഭാഗങ്ങള്‍ വൈവിധ്യത്തോടെ ആഘോഷിച്ചിരുന്ന ബഹുത്വത്തിന്റെ ഉത്സവമാണ് ഓണം. തൃക്കാക്കരയോണം, മാവേലിയോണം മാവേലിയും മഹാദേവനും മാധവനും ആഗമിക്കുന്ന മഹാബലിചരിതം പാട്ടുകാരുടെ വിവക്ഷയിലുള്ള ഓണം എന്നിങ്ങനെ ഓണം മൂന്നുവിധം.

ആദ്യത്തേത് പ്രാചീനമെങ്കില്‍ രണ്ടാമത്തേത് അര്‍വ്വാചീനവും, മൂന്നാമത്തേത് സമകാലികവുമാണ്. കര്‍ക്കിടകം, ചിങ്ങം, കന്നി മാസങ്ങളിലായി’ദിക്കുതോറും’ ‘തിങ്കള്‍ തോറും’ ആഘോഷിച്ചിരുന്ന ഓണത്തിന്റെ ബഹുത്വം നഷ്ടപ്പെട്ടത് ‘മഹാബലി ചരിതം’ അവയെ ചിങ്ങത്തിലെ തിരുവോണമായി ഏകീകരിച്ചതിന് ശേഷമാണ്. തൃക്കാക്കര മഹാദേവന്‍, തൃക്കാക്കരപ്പന്‍, മഹാദേവര്‍, മാതേവര്‍, മാവേലി തുടങ്ങിയ സങ്കല്‍പ കഥാപാത്രങ്ങളുടെ ആരാധനയാണ് ഓണം.

എന്നാലതിന് സൂര്യാരാധനയും കാരണവരാരാധനയും ബൗദ്ധ പൈതൃകവുമായൊക്കെ ബന്ധമുണ്ട്. അതേ സമയം പുരാണത്തിലെ മഹാബലിയുമായോ വാമനനുമായോ ബന്ധമില്ലതാനും. തൃക്കാക്കര ആസ്ഥാനമായി ഭരിച്ച മഹാബലി എന്ന ഒരു പെരുമാള്‍ ഉണ്ടായിരുന്നുവെന്നും ആദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഒടുവിലത്തെ പെരുമാളായ ഭാസ്‌ക്കര രവിവര്‍മ്മനെന്ന ചേരമാന്‍ പെരുമാള്‍ തുടങ്ങിവച്ച ഏര്‍പ്പാടാണ് ഓണാഘോഷമെന്നും ചിലര്‍ സമര്‍ഥിക്കുന്നു. തൃക്കാക്കരയിലെ ദേവന്റെ ഉത്സവമായിരുന്നത്രെ ഓണം. അതുകാണാന്‍ ആബാലവൃദ്ധം ജനങ്ങള്‍ അവിടെ പോയിരുന്നു. അവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ദേവന്‍ അരുളി ച്ചെയ്തതനുസരിച്ചാണ് ഓണം സ്വന്തം വീടുകളില്‍ തൃക്കാക്കരപ്പനെവച്ച് ആരാധിച്ചു ആഘോഷിച്ചുതുടങ്ങിയത്.

മങ്കുടി മരുതനാരുടെ മധുരൈ കാഞ്ചി എന്ന സംഘകാല കൃതിയില്‍ മധുരയില്‍ ഓണം ആഘോഷിച്ചിരുന്നു എന്ന കണ്ടെത്തല്‍ എത്രമാത്രം ശരിയാണെന്ന കാര്യത്തില്‍ സംശയമുണ്ട്. സോംഗ് ഒഫ് മധുരൈ എന്ന കന്തസ്വാമി മുതലിയാരുടെ ഭാഷാന്തരത്തില്‍ ഓണം വിഷ്ണുവിന്റെയല്ല നന്നന്‍ എന്ന രാജാവിന്റെ പിറന്നാളാഘോഷമാണെന്നാണ് പറയുന്നത്. (മലയാളിയുടെ ഭൂതകാലങ്ങള്‍: ഓണവും സാമൂഹ്യഭാവനാലോകവും. ഡോ. പി രണ്‍ജിത് പുറം 203 കറന്റ് ബുക്സ് തൃശൂര്‍)

മാവേലിയുടെ വേരിനെത്തേടി വിദേശങ്ങളിലേക്ക് പോകുന്നതും ശരിയാണെന്ന് തോന്നുന്നില്ല. ഓണത്തിന്റെ ചരിത്രപരമായ അസ്തിത്വം തേടേണ്ടത് പുറംനാടുകളിലല്ല. കേരളത്തിലെ വിവിധ ജനവിഭാഗങ്ങളുടെ ആഖ്യാനങ്ങളെയും കീഴാളജനതയുടെ അനുഷ്ഠാനങ്ങളെയും കാരണവരാരാധനയേയും സൂര്യാരാധനയേയും ബൗദ്ധപാരമ്പര്യങ്ങളെയും മുന്‍നിറുത്തിയായിരിക്കണം.

പി.കെ. ശ്രീനിവാസന്റെ ബലിനാട് ചിത്രീകരണം

മാവേലി ഒരു കേരളീയ മിത്താണ്. വിപരീതാവസ്ഥയില്‍ ജീവിച്ചിരുന്ന കീഴാളജനതയുടെ പ്രാര്‍ഥിതരൂപമാണ് ഓണപ്പാട്ടുകളില്‍ തെളിഞ്ഞുനില്‍ക്കുന്ന, ആധികള്‍, വ്യാധികള്‍, ആപത്ത്, കള്ളപ്പറ, ചെറുനാഴികള്‍ എന്നിവ ഇല്ലാത്ത ‘വേണ്ടനേരം നല്ല മഴപെയ്യുന്നതും’ ‘നല്ല കനകം കൊണ്ടെല്ലാവരും ആഭരണങ്ങളണിയുന്നതും’ ആമോദത്തോടെ വസിക്കുന്ന മഹാബലി നാടുവാണിടും കാലം. ഋതുഭംഗി പൂത്തുനില്‍ക്കുന്ന പൂക്കാലം. പൊന്‍കതിരൊളിയാല്‍ പൊന്‍കസവ് അണിയുന്ന പകലും നിലാവില്‍കുളിച്ച രാവും പ്രഹല്‍ദചിത്തരായ മനുഷ്യരും ചേര്‍ന്നൊരുക്കുന്ന വരവേല്‍പിന്റെ വസന്തോത്സവം – ഓണം.

ഇക്കാണും വിധത്തില്‍ ഓണം ആഘോഷമാക്കിയത് പ്രവാസികളാണ്. കേരളത്തിനു പുറത്ത് ഗൃഹാതുരത്വം നുണഞ്ഞ് വീര്‍പ്പുമുട്ടി കഴിഞ്ഞിരുന്ന മലയാളികളുടെ ദേശീയവും സാംസ്‌കാരികവുമായ കൂട്ടായ്മകള്‍ക്കും വികാരങ്ങള്‍ക്കും രൂപം കൊടുക്കുന്നതിനായിട്ടാണവര്‍ സവര്‍ണവല്‍ക്കരിക്കപ്പെട്ട മഹാബലി -വാമനകഥ അടിസ്ഥാനമാക്കി ഓണത്തെ മലയാളി തനിമയുടെ ഉത്സവാഘോഷമാക്കിയത്. ഇതിനായി ബലികൊടുത്തത് കീഴാളരുടെ വൈവിധ്യമാര്‍ന്ന കഥകളെ അടിസ്ഥാനമാക്കിയുള്ള ഉത്സവങ്ങളാണ്. ഇതോടെ മരിച്ചുവീണത് ബഹുസ്വരതയുടെ ഓണവും മാവേലിയുമാണ്. ജയിച്ചത് ഓണവുമായി ബന്ധമില്ലാത്ത വാമനനും മഹാബലിയും!

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Real story behind Onam – CK Sasi Kodungallur writes