കരിം ബെന്‍സെമക്ക് പകരം മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരം റയല്‍ മാഡ്രിഡിലെത്തുന്നു? റിപ്പോര്‍ട്ട്
Football
കരിം ബെന്‍സെമക്ക് പകരം മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരം റയല്‍ മാഡ്രിഡിലെത്തുന്നു? റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 26th May 2023, 12:43 pm

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് ബുണ്ടസ്ലിഗ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് നോര്‍വീജിയന്‍ സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. ഈ സീസണില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് റെക്കോഡുകള്‍ വാരിക്കൂട്ടുന്ന ഹാലണ്ടിനെ നോട്ടമിട്ട് മുന്‍ നിര ക്ലബ്ബുകള്‍ രംഗത്തുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ട്.

താരത്തെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് രംഗത്തുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഫ്രഞ്ച് സൂപ്പര്‍താരം കരിം ബെന്‍സെമ റയല്‍ മാഡ്രിഡ് വിടുന്നതോടെ ഒത്ത പകരക്കാരനെ ക്ലബ്ബിലെത്തിക്കുകയാണ് ലോസ് ബ്ലാങ്കോസിന്റെ ലക്ഷ്യം.

കരിം ബെന്‍സെമയെ പോലൊരു സൂപ്പര്‍ സ്ട്രൈക്കരുടെ നിലവാരത്തിലുള്ള വളരെ ചുരുക്കം കളിക്കാരെ യൂറോപ്പിലുള്ളൂ എന്നിരിക്കെ ഹാലണ്ടാണ് പെര്‍ഫെക്ട് സബ്സ്റ്റിറ്റിയൂട്ട് എന്നാണ് റയലിന്റെ വിലയിരുത്തല്‍.

എന്നാല്‍ റയലിന്റെ നീക്കം മുന്നില്‍ കണ്ട മാഞ്ചസ്റ്റര്‍ സിറ്റി ഹാലണ്ടുമായി അഞ്ച് വര്‍ഷത്തെ കരാറില്‍ ഒപ്പുവെക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 51 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് സിറ്റി ഹാലണ്ടിന്റെ കരാര്‍ പുതുക്കുക.

ഈ സീസണില്‍ മാത്രം 52 ഗോളുകളാണ് ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റിക്കായി അടിച്ചുകൂട്ടിയിരിക്കുന്നത്. പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ഖ്യാതിയും ഹാലണ്ട് ഇതിനകം നേടിക്കഴിഞ്ഞു.

അതേസമയം, യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയലിനെ തോല്‍പ്പിച്ച് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണ് സിറ്റി.
ജൂണ്‍ 11നാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടം നടക്കുക. ഇന്റര്‍മിലാനുമായാണ് സിറ്റി ഫൈനലില്‍ കൊമ്പുകോര്‍ക്കുക. തുര്‍ക്കിയിലെ ഇസ്താന്‍ബൂളില്‍ അറ്റാത്തുര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.

Content Highlights: Real Madrid wants to replace Karim Benzema with Erling Haaland