Administrator
Administrator
അതുകൊണ്ടരിശം തീരാതെ റയല്‍…..
Administrator
Wednesday 4th May 2011 8:05pm

പി.വി സുരാജ്

നൗകാമ്പില്‍ തകര്‍ത്തുപെയ്ത മഴയ്ക്കും റയല്‍ മാഡ്രിഡ് താരങ്ങളുടേയും കോച്ച് ജോസെ മൗറീന്യോയുടേയും ചൂട് തണുപ്പിക്കാനാകുന്നില്ല. ചിരവൈരികളായ ബാര്‍സയുട കൈയ്യില്‍ നിന്നുമേറ്റ പരാജയം കുറച്ചൊന്നുമല്ല മൗറീന്യോയെയും കുട്ടികളെയും അരിശത്തിലാക്കിയിരിക്കുന്നത്. കളിച്ച് തോല്‍പ്പിക്കുകയാണെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. ഇതുപക്ഷേ റഫറിമാരും കൂടിച്ചേര്‍ന്നാണ് തങ്ങളെ തോല്‍പ്പിച്ചതെന്നാണ് മൗറീന്യോ ആരോപിക്കുന്നത്.

ബാര്‍സയുടെ തട്ടകമായ നൗകാമ്പില്‍ നടന്ന കളി 1-1 സമനിലയിലായതോടെ റയലിന്റെ പതനം പൂര്‍ത്തിയാവുകയായിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി നടന്ന കളിയിലെ ഗോള്‍ശരാശരിയില്‍ ബാര്‍സ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് നടന്നടുക്കുന്നത് നടുവിനും കൈയ്യുംകൊടുത്ത് കണ്ടുനില്‍ക്കാനായിരുന്നു മൗറീന്യോയുടേയും കുട്ടികളുടേയും യോഗം. എല്‍ ക്ലാസിക്കോയിലെ ടീമിന്റെ ക്ലാസിക് പ്രകടനം കാണാനെത്തിയ ആരാധകരെ നിരാശരാക്കിയായിരുന്നു റയല്‍ കളിക്കളം വിട്ടത്.

കളി തോറ്റു, ഇനി അധികൃതര്‍ക്കു നേരേ
ആദ്യപാദത്തില്‍ മെസ്സിയുടെ മാന്ത്രികനീക്കങ്ങള്‍ക്കു മുമ്പില്‍ അമ്പേ പരാജയപ്പെട്ട റയലിനെ രണ്ടാംപാദത്തില്‍ ബാര്‍സ സമനിലയില്‍ പിടിച്ചുകെട്ടുകയായിരുന്നു. എന്നാല്‍ തോറ്റതല്ലെന്നും തങ്ങളെ തോല്‍പ്പിക്കുകയായിരുന്നുവെന്നുമാണ് മൗറീന്യോയുടെ ആരോപണം. തന്റെ താരങ്ങള്‍ മികച്ച പ്രകടനം നടത്തിയെന്നും എന്നാല്‍ റഫറിയുടെ ‘ പ്രകടനത്തില്‍’ തങ്ങള്‍ തോറ്റുപോയെന്നുമാണ് മൗറീന്യോ പറയുന്നത്.

ആദ്യപാദത്തില്‍ തോറ്റതുമുതല്‍ അധികൃതര്‍ക്കെതിരേ മൗറീന്യോ തിരിഞ്ഞിരുന്നു. ആദ്യമല്‍സരത്തില്‍ പെപ്പെയുടെ ഫൗളോടെയാണ് വിവാദങ്ങള്‍ ആരംഭിക്കുന്നത്. ബാര്‍സ താരങ്ങളുടെ ആക്രോശങ്ങള്‍ക്കൊടുവില്‍ പെപ്പെ പുറത്തേക്ക്. സൈഡ് ബെഞ്ചിലിരുന്ന മൗറീന്യോയ്ക്ക് ഇത് സഹിച്ചില്ല. ലൈന്‍ റഫറിക്കിട്ടു കൊടുത്തു നല്ല പച്ചത്തെറി. എന്നാല്‍ റഫറി മൗറീന്യോയെയും വെറുതെ വിട്ടില്ല. സ്‌റ്റേഡിയത്തിന്റെ ഉള്ളില്‍ പോയിരിക്കാന്‍ മൗറീന്യോയ്ോട് ആവശ്യപ്പെടുകയായിരുന്നു. മുഖം കനപ്പിച്ചുള്ള മൗറീന്യോയുടെ ആ ഇരുത്തം ഒന്നു കാണേണ്ടതുതന്നെയായിരുന്നു!!

ഹിഗ്വയ്ന്‍ നേടിയ ഗോള്‍ റഫറി അനുവദിച്ചില്ലെന്നായിരുന്നു രണ്ടാമത്തെ പരാതി. ഇതിനേക്കാള്‍ ഭേദം കളിക്കാതെ തന്നെ കിരീടം ബാര്‍സയ്ക്ക് നല്‍കുന്നതാണെന്ന് റയല്‍ മാഡ്രിഡിന്റെ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിഹസിച്ചു. റഫറി തങ്ങള്‍ക്കെതിരേ നിലപാടെടുത്തു എന്ന് സാവി അലോണ്‍സോ പരാതിപ്പെട്ടപ്പോള്‍ റഫറിമാരുടെ തീരുമാനത്തില്‍ പുതുതായി ഒന്നുമില്ലെന്നും കാലങ്ങളായി ബാര്‍സയ്ക്ക് അനുകൂലമായിട്ടാണ് റഫറിമാരുടെ നിലപാടെന്ന് ഗോളി കസിലസ് വ്യക്തമാക്കി.

ആദ്യ എല്‍ ക്ലാസിക്കോ മുതല്‍ തന്നെ കളിക്കാര്‍ തമ്മിലുള്ള പോര് വ്യക്തമായിരുന്നു. ഉന്തലും തള്ളലും ചെറുതായി വാടാ-പോടാ വിളിയുമെല്ലാം കളിയിലുടനീളം കണ്ടു. പലപ്പോഴും കളിക്കാര്‍ തമ്മില്‍ കൈയ്യേറ്റത്തിനുവരെ ശ്രമമുണ്ടായി. വളരെ കഷ്ടപ്പെട്ടാണ് താരങ്ങളെ അധികൃതര്‍ പിടിച്ചുമാറ്റിയത്.

ബാര്‍സയുടെ താരങ്ങള്‍ വംശീയാധിക്ഷേപം നടത്തിയെന്നും റയല്‍ താരങ്ങള്‍ ആരോപിച്ചിരുന്നു. റയലിന്റെ ബ്രസീലിയന്‍ താരമായ മാര്‍സെലോയെ ബാര്‍സ താരം സെര്‍ജിയോ ബസ്‌ക്കെ വംശീയമായി അധിക്ഷേപിച്ചു എന്നായിരുന്ന പരാതി. ആരോപണ-പ്രത്യാരോപണങ്ങളുമായി ഇരുടീമുകളും യുവേഫയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ യുവേഫ പരാതികള്‍ തള്ളിയതോടെ ആ വിവാദവും കെട്ടടങ്ങി.

തുടര്‍ച്ചയായ തോല്‍വികളില്‍ അരിശം മൂത്തുള്ള റയലിന്റെ പ്രതികരണങ്ങളാണ് ഇതെന്ന് ആരാധകര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ മൗറീന്യോയും കൂട്ടരും ആരോപിച്ച കാര്യങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങാന്‍ അവര്‍ തയ്യാറല്ല. എങ്കിലും റഫറിമാരുടെ കളി അധികമായില്ലേ എന്ന് പലരും ചോദിക്കുന്നു. എന്നാല്‍ കരുതലോടെയാണ് ബാര്‍സ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുള്ളത്. വാഗ്വാദങ്ങള്‍ക്ക് താനില്ലെന്നും ഫൈനലില്‍ മികച്ച പ്രകടനം നടത്താനായി ടീമിനെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും ബാര്‍സ കോച്ച് പെപ് ഗാര്‍ഡിയോള വ്യക്തമാക്കിയിട്ടുണ്ട്.

മേയ് 28ന് നടക്കുന്ന ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡായിരിക്കും ബാര്‍സയുടെ എതിരാളികളെന്നാണ് സൂചന. ആദ്യപാദത്തില്‍ ഷാല്‍ക്കയെ 2-0ന് തകര്‍ത്തുവിട്ടതിന്റെ കരുത്തുമായാണ് രണ്ടാം സെമിയില്‍ മാഞ്ചസ്റ്റര്‍ കളിക്കാനിറങ്ങുക. റയല്‍ പുറത്തായെങ്കിലും മറ്റൊരു ക്ലാസിക് മല്‍സരം കാണാമെന്ന ആവേശത്തിലാണ് ഫുട്‌ബോള്‍ ആരാധകര്‍.

Advertisement