അവസാന നിമിഷം രക്ഷകനായി ബെന്‍സിമ; പൊരുതി ജയിച്ച് റയല്‍ മാഡ്രിഡ്
Football
അവസാന നിമിഷം രക്ഷകനായി ബെന്‍സിമ; പൊരുതി ജയിച്ച് റയല്‍ മാഡ്രിഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st April 2019, 8:37 am

മാഡ്രിഡ്: കരിം ബെന്‍സെമയുടെ അവസാന നിമിഷ ഗോളില്‍ ലാ ലീഗയില്‍ പൊരുതി ജയിച്ച് റയല്‍ മാഡ്രിഡ്. സോസിഡാഡ് ഡീപ്പോര്‍ട്ടീവ വെസ്‌ക്കയ്ക്കെതിരേ രണ്ടിനെതിരേ മൂന്ന് ഗോളിന് കഷ്ടിച്ച് തടിതപ്പുകയായിരുന്നു മുന്‍ ചാമ്പ്യന്മാര്‍. കളിയുടെ അവസാന മിനിറ്റുകളില്‍ പിറന്ന കരീം ബെന്‍സിമയുടെ ഗോളാണ് റയല്‍ മാഡ്രിഡിന് ജയം നേടിക്കൊടുത്തത്.

റയലിന് വേണ്ടി ഇസ്‌കോ ഡാനി കബയോസ്എന്നിവരും ഗോളടിച്ചു. വെസ്‌ക്യ്ക്ക് വേണ്ടി ഹുവാന്‍ ഹെര്‍ണാണ്ടസ്, സാബിയര്‍ എക്‌സിയേറ്റ, എന്നിവരും വലകുലുക്കി. 89-ാം മിനിറ്റിലായിരുന്നു ബെന്‍സെമയുടെ വിജയഗോള്‍.

 

കഴിഞ്ഞ തവണ രണ്ടാം ഡിവിഷനില്‍ രണ്ടാം സ്ഥാനക്കാരായി ലാ ലീഗയിലേയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ച വെസ്‌ക്ക ഇപ്പോള്‍ പോയിന്റ് നിലയില്‍ ഏറ്റവും അവസാനക്കാരാണ്.

മാര്‍ച്ച് പതിനൊന്നിന് സിനദിന്‍ സിദാന്‍ വീണ്ടും മാനേജരായി ചുമതലയേറ്റശേഷമുള്ള റയലിന്റെ രണ്ടാം ജയമാണിത്. ലാ ലീഗയില്‍ ഒന്‍പത് മത്സരങ്ങള്‍ കൂടി ശേഷിക്കെ 57 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് റയല്‍. ഒന്നാം സ്ഥാനത്തുള്ള ബാഴ്സയേക്കാള്‍ പന്ത്രണ്ട് പോയിന്റ് പിറകിലാണവര്‍. 59 പോയിന്റുള്ള അത്ലറ്റിക്കോയാണ് രണ്ടാം സ്ഥാനത്ത്.

സെവിയ്യയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച വലെന്‍സിയ ആറാം സ്ഥാനത്തേയ്ക്ക് കയറി. 29 മത്സരങ്ങളില്‍ നിന്ന് 43 പോയിന്റുണ്ട് അവര്‍ക്ക്. 43 പോയിന്റുള്ള സെവിയ്യ ഏഴാം സ്ഥാനത്തായി. ലെവന്റെയെ സമനിലയില്‍ തളച്ച ഐബര്‍ 36 പോയിന്റുമായി പതിനൊന്നാം സ്ഥാനത്തേയ്ക്ക് കയറി. സ്‌കോര്‍: 2-2.