ആവേശാന്ത്യം; അവസാന പന്തില്‍ വിക്കറ്റ്; ബാംഗ്ലൂരിന് ഒരുറണ്‍ ജയം; ധോനിയുടെ പ്രകടനം പാഴായി
IPL 2019
ആവേശാന്ത്യം; അവസാന പന്തില്‍ വിക്കറ്റ്; ബാംഗ്ലൂരിന് ഒരുറണ്‍ ജയം; ധോനിയുടെ പ്രകടനം പാഴായി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd April 2019, 12:06 am

ബെംഗളൂരു: ഇത്രയധികം ആവേശകരമായ മത്സരം ഐ.പി.എല്ലിന്റെ ഈ സീസണിലുണ്ടായിട്ടുണ്ടോയെന്നു സംശയമാണ്. തോറ്റെങ്കിലും ഒറ്റയ്ക്കു നിന്ന് ഒരറ്റത്ത് അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച മഹേന്ദ്ര സിങ് ധോനിയെന്ന മനുഷ്യനെ ബെംഗളൂരുവിലെ കാണികള്‍ ഒരിക്കലും മറക്കില്ല.

അത്യന്തം ആവേശകരവും നാടകീയവുമായ മത്സരത്തില്‍ ഒരു റണ്‍സിന്റെ നാടകീയ ജയമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിനു മേല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നേടിയത്.

സ്‌കോര്‍: ബാംഗ്ലൂര്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 161. ചെന്നൈ 20 ഓവറില്‍ എട്ട് വിക്കറ്റിന് 160

26 റണ്‍സ് എന്ന കൊടുമുടിയായിരുന്നു അവസാന ഓവറില്‍ ധോനിക്കു മുന്നില്‍ ബാംഗ്ലൂര്‍ ഉയര്‍ത്തിയത്. എന്നാല്‍ ആദ്യ പന്ത് ഫോറിനും അടുത്ത രണ്ട് പന്തുകള്‍ സിക്‌സറിനും പറത്തിയ ധോനി ബൗളര്‍ ഉമേഷ് യാദവിനെ മാത്രമല്ല, ബെംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിലെ കാണികളെപ്പോലും സമ്മര്‍ദത്തിലാക്കി. അടുത്ത പന്തില്‍ രണ്ട് റണ്‍സെടുത്ത ചെന്നൈ ക്യാപ്റ്റന്‍, അഞ്ചാം പന്ത് സിക്‌സറിനു പറത്തി. അവസാന പന്തില്‍ രണ്ട് റണ്‍ വേണമെന്ന അവസ്ഥ. എന്നാല്‍ അവസാന ഓവറിലെ അഞ്ച് പന്തുകളും മോശമായെറിഞ്ഞ യാദവ് അവസാന പന്ത് മികച്ച രീതിയിലെറിഞ്ഞു. ഓഫ് സ്റ്റമ്പിനു പുറത്ത് സ്ലോ ബോളെറിഞ്ഞ യാദവിനു പിഴച്ചില്ല. ധോനിക്കത് തൊടാനായില്ല. മറ്റേയത്തുനിന്ന് ഷര്‍ദുല്‍ താക്കൂര്‍ വരുന്നതിനു മുന്‍പേ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍ നേരിട്ടുള്ള ഏറില്‍ കുറ്റി തെറിപ്പിച്ചിരുന്നു.

48 പന്തില്‍ ഏഴ് സിക്‌സറിന്റെയും അഞ്ച് ഫോറുകളുടെയും അകമ്പടിയോടെയാണ് ധോനി 84 റണ്‍സ് നേടിയത്. മറ്റ് ബാറ്റ്‌സ്മാന്മാരാരും തന്നെ 30 റണ്‍സിലധികം നേടിയില്ല.

നേരത്തേ ടോസ് നേടിയ ചെന്നൈ ബാംഗ്ലൂരിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നിരാശപ്പെടുത്തിയപ്പോള്‍ ഫോമിലല്ലാതിരുന്ന പാര്‍ഥിവ് പട്ടേല്‍ 37 പന്തില്‍ 53 റണ്‍സ് നേടി ടോപ് സ്‌കോററായി. 16 പന്തില്‍ 26 റണ്‍സ് നേടിയ മോയിന്‍ അലി അവസാനം സ്‌കോറിങ്ങിനു വേഗം കൂട്ടി.

ചെന്നൈക്കുവേണ്ടി ദീപക് ചഹാര്‍, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ബാംഗ്ലൂരിനുവേണ്ടി ഡെയ്ല്‍ സ്‌റ്റെയ്ന്‍, ഉമേഷ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ജയത്തോടെ 10 കളികളില്‍ നിന്ന് മൂന്നുജയം നേടിയെങ്കിലും ബാംഗ്ലൂര്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. അതേസമയം 10 കളികളില്‍ നിന്ന് ഏഴ് വിജയമുള്ള ചെന്നൈ ഒന്നാംസ്ഥാനത്തും.