പാക്കിസ്ഥാനെയാണോ നിങ്ങള്‍ക്ക് വിശ്വാസം? ; റഫാലില്‍ മോദിയെ വിമര്‍ശിച്ചതിന് രാഹുലിനെതിരെ രവിശങ്കര്‍ പ്രസാദ്
Rafale Row
പാക്കിസ്ഥാനെയാണോ നിങ്ങള്‍ക്ക് വിശ്വാസം? ; റഫാലില്‍ മോദിയെ വിമര്‍ശിച്ചതിന് രാഹുലിനെതിരെ രവിശങ്കര്‍ പ്രസാദ്
ന്യൂസ് ഡെസ്‌ക്
Thursday, 7th March 2019, 11:22 am

 

ന്യൂദല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്.

“രാഹുല്‍ ഗാന്ധിയുടെ പച്ചക്കള്ളങ്ങളെ പൂര്‍ണമായി അപലപിക്കുന്നു. അദ്ദേഹം ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ വിശ്വസിക്കുന്നില്ല. സുപ്രീം കോടതിയില്‍ വിശ്വസിക്കുന്നില്ല. സി.എ.ജിയെ വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന് പാക്കിസ്ഥാനെയാണോ വിശ്വാസം?” രവിശങ്കര്‍ പ്രസാദ് ചോദിച്ചു.

റഫാല്‍ കരാറിനായി മത്സരിച്ചവര്‍ക്കുവേണ്ടിയാണ് രാഹുല്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

റഫാല്‍ കരാറുമായി ബന്ധപ്പെട്ട് “ദ ഹിന്ദു” പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളെ അടിസ്ഥാനപ്പെടുത്തിയതാണെന്നുള്ള കേന്ദ്രസര്‍ക്കാര്‍ വാദത്തെ രൂക്ഷമായി പരിഹസിച്ച് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തിയതിനു പിന്നാലെയാണ് രാഹുലിനെതിരെ രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരിക്കുന്നത്. കാവല്‍ക്കാരനെന്ന് പറഞ്ഞു നടന്നിട്ട് ഇതൊന്നും സൂക്ഷിച്ചുവെക്കാന്‍ കഴിയുന്നില്ലല്ലോയെന്നായിരുന്നു രാഹുലിന്റെ പരിഹാസം.

Also read:മോദിക്കെതിരെ ക്രിമിനല്‍ അന്വേഷണം നടത്തണം; കാവല്‍ക്കാരനെന്ന് പറഞ്ഞുനടന്നിട്ട് ഒന്നും സൂക്ഷിച്ചുവെക്കാന്‍ കഴിയുന്നില്ലല്ലോയെന്നും രാഹുല്‍

മോദിയെ വിചാരണ ചെയ്യാന്‍ മതിയായ തെളിവുകള്‍ ഇപ്പോള്‍ ലഭ്യമായി കഴിഞ്ഞെന്നും രേഖകളുടെ അടിസ്ഥാനത്തില്‍ മോദിക്കെതിരെ ക്രിമിനല്‍ അന്വേഷണം നടത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

“തൊഴിലുകള്‍ കാണാതാവുന്നു. സാമ്പത്തിക വളര്‍ച്ചയും ഇലാതായിരിക്കുന്നു. അക്കൗണ്ടില്‍ എത്തുമെന്ന് പറഞ്ഞ 15 ലക്ഷവും കാണാതായിരിക്കുന്നു. ഇപ്പോഴതാ റഫാല്‍ രേഖകളും കാണാതായിരിക്കുന്നു. എല്ലാം കാണാതാവുന്നതാണ് മോദി ഭരണം. ഇതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തോന്നുന്നു”. എന്നും രാഹുല്‍ പറഞ്ഞിരുന്നു.

റഫാലില്‍ അവസാനവട്ട കൂടിക്കാഴ്ചകള്‍ നടത്തിയത് പ്രധാനമന്ത്രിയാണെന്നാണ് രേഖകള്‍ പറയുന്നത്. ഇതില്‍ കൂടി അന്വേഷണം നടത്തേണ്ടതുണ്ട്. രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അതെല്ലാം യഥാര്‍ത്ഥ രേഖകള്‍ തന്നെയാണെന്ന് നിങ്ങള്‍ക്ക് വിശ്വസിക്കാമല്ലോയെന്നും രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചിരുന്നു.