'വരൂ നമുക്ക് മാങ്ങ കഴിക്കാം'; അക്ഷയ് കുമാറിന്റെ മോദി ഇന്റര്‍വ്യൂവിനെ കളിയാക്കി മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍
national news
'വരൂ നമുക്ക് മാങ്ങ കഴിക്കാം'; അക്ഷയ് കുമാറിന്റെ മോദി ഇന്റര്‍വ്യൂവിനെ കളിയാക്കി മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍
ന്യൂസ് ഡെസ്‌ക്
Saturday, 27th April 2019, 8:40 am

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബോളിവുഡ് നടന്‍ അക്ഷയ് കുമാറും തമ്മിലുള്ള അഭിമുഖത്തെ തന്റെ ടിവി ഷോയില്‍ പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍.

‘അരാഷ്ട്രീയ അഭിമുഖം’ എന്ന് വിശേഷിപ്പിച്ച് കൊണ്ട് നടത്തിയ അഭിമുഖത്തില്‍ അക്ഷയ് കുമാര്‍ മോദിയോട് ചോദിച്ച ചോദ്യങ്ങളിലൊന്ന് മോദി മാങ്ങ കഴിക്കുന്നത് ചെത്തിയാണോ അതോ കടിച്ച് തിന്നുകയാണോ എന്നായിരുന്നു. മോദിയുടെ ഉറക്കം, തമാശ പറച്ചില്‍, ചായകുടി ശീലം തുടങ്ങിയ കാര്യങ്ങളൊക്കെയായിരുന്നു മറ്റു സംഭാഷണ വിഷയങ്ങള്‍. ഇതിനെ പരിഹസിച്ച് കൊണ്ടാണ് രവീഷ് കുമാര്‍ തന്റെ പ്രൈംടൈം പരിപാടി അവതരിപ്പിച്ചത്.

ഇന്നത്തെ പ്രൈംടൈം അരാഷ്ട്രീയ വര്‍ത്തമാനങ്ങളുടേതാണെന്നും രാഷ്ട്രീയം പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു തുടങ്ങുന്ന രവീഷ് കുമാര്‍ പരിപാടിയിലുടനീളം അഭിമുഖത്തെ പരിഹസിക്കുകയാണ്.

രാഷ്ട്രീയം പറയേണ്ടതില്ലാത്ത ഈ തെരഞ്ഞെടുപ്പ് കാലത്ത് തങ്ങളും വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും രാഷ്ട്രീയം പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, മാങ്ങ കഴിക്കാമെന്നും രവീഷ് കുമാര്‍ പറയുന്നു.

തുടര്‍ന്ന് പരിപാടിയില്‍ മാങ്ങയുടെയും മാംഗോ ഷെയ്ക്കിന്റെയും വിശേഷങ്ങള്‍ പങ്കുവെക്കുന്ന രവീഷ് കുമാര്‍ മാങ്ങ തീറ്റ മത്സരത്തിന്റെ ദൃശ്യങ്ങളും പരിപാടിയില്‍ കാണിക്കുന്നുണ്ട്.

ഗാനരചയിതാവായ പ്രസൂണ്‍ ജോഷി 2018ല്‍ മോദിയെ പുകഴ്ത്തി കൊണ്ട് നടത്തിയ അഭിമുഖവും രവീഷ് കുമാര്‍ കാണിക്കുന്നുണ്ട്.