'ക്ഷേത്രം തകര്‍ത്തപ്പോഴുണ്ടായ വേദന ഞങ്ങള്‍ക്ക് മനസിലാകും'; ദളിത് പ്രക്ഷോഭത്തിന് പിന്തുണയറിയിച്ച് ഇസ്‌ലാമിക് സംഘടനകള്‍
national news
'ക്ഷേത്രം തകര്‍ത്തപ്പോഴുണ്ടായ വേദന ഞങ്ങള്‍ക്ക് മനസിലാകും'; ദളിത് പ്രക്ഷോഭത്തിന് പിന്തുണയറിയിച്ച് ഇസ്‌ലാമിക് സംഘടനകള്‍
ന്യൂസ് ഡെസ്‌ക്
Tuesday, 3rd September 2019, 9:48 am

ന്യൂദല്‍ഹി: അഞ്ച് നൂറ്റാണ്ടായി ദളിതര്‍ ആരാധിച്ചുവന്നിരുന്ന ദല്‍ഹിയിലെ രവിദാസ് മന്ദിര്‍ പുനര്‍നിര്‍മ്മിക്കണമെന്ന ദളിതരുടെ ആവശ്യത്തിന് പിന്തുണയുമായി നിരവധി ഇസ്‌ലാമിക സംഘടനകള്‍. ദളിത് സംഘടനകള്‍ക്കൊപ്പം സെപ്തംബര്‍ 15 ന് തലസ്ഥാനത്ത് സംയുക്ത പ്രക്ഷോഭം നടത്താനൊരുങ്ങുകയാണ് ഇവര്‍.

ഇതേ അനുഭവത്തിലൂടെ മുന്‍പ് കടന്നുപോയതിനാല്‍ ക്ഷേത്രം തകര്‍ത്തപ്പോഴുണ്ടായ വികാരം മനസിലാക്കാന്‍ കഴിയുമെന്നായിരുന്നു ടീലെ വാലി മസ്ജിദ് ഇമാം മുലാന ഫസ്ലുല്‍ മനന്‍ ഷാഹിയുടെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഞങ്ങള്‍ ഈ അനുഭവത്തിലൂടെ കടന്ന് പോയതിനാല്‍ ക്ഷേത്രം തകര്‍ത്തപ്പോഴുണ്ടായ വേദന മനസിലാകും. ഇതിനെതിരെ സെപ്തംബര്‍ 15 ന് ഞങ്ങള്‍ തെരുവിലിറങ്ങും. ഞങ്ങള്‍ക്ക് കഴിയുന്നതെല്ലാം ഇതിന് വേണ്ടി ചെയ്യും. നിയമപരമായും മുന്നോട്ട് പോകും.’മുലാന ഫസ്ലുല്‍ മനന്‍ ഷാഹി പറഞ്ഞു.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ആഗസ്റ്റ് 10നാണ് ദല്‍ഹി വികസന അതോറിറ്റി ക്ഷേത്രം തകര്‍ത്തത്. ഇതില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ദളിതര്‍ തെരുവിലിറങ്ങിയിരുന്നു.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 21 ന് ദല്‍ഹിയില്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
ചന്ദ്രശേഖര്‍ ആസാദ് അടക്കം 91 പേരെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി.

ക്ഷേത്രഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഇ ഹൈദേരി ജനറല്‍ സെക്രട്ടറി അഞ്ജുമാന്‍സയ്യിദ് ബഹാദൂര്‍ അബ്ബാസ് നഖ്വി പറഞ്ഞു.

‘നിയമമനുസരിച്ച്, ഏതെങ്കിലും മതസംഘടനയില്‍പ്പെട്ട ഭൂമി ഏറ്റെടുക്കാനാവില്ല. 1986 ല്‍ സര്‍ക്കാര്‍ ഈ ഭൂമി ഏറ്റെടുത്തു. 1986 ന് മുമ്പ് ക്ഷേത്രം നിലവിലുണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഉണ്ട്’; നഖ്‌വി വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുസ്ലിങ്ങളും ദളിത് സംഘടനകളും ഈ വിഷയത്തില്‍ ഒരുമിച്ച് നില്‍ക്കുമെന്നും ക്ഷേത്രം അതിന്റെ യഥാര്‍ത്ഥ സ്ഥലത്ത് തന്നെ നിര്‍മ്മിക്കണമെന്നും വ്യാജ ആരോപണത്തില്‍ അറസ്റ്റിലായ ആസാദിനെയും അനുയായികളെയും ഉടന്‍ മോചിപ്പിക്കണമെന്നും നഖ്വി ആവശ്യപ്പെട്ടു.