2019 ലോകകപ്പിലെ ടീം സെലക്ഷനില്‍ തെറ്റുപറ്റിയെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവിശാസ്ത്രി. മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ ഉള്‍പ്പെടുത്തിയതില്‍ തനിക്ക് വിയോജിപ്പുണ്ടായിരുന്നുവെന്നും ഒട്ടും ലോജിക്കില്ലാത്ത തീരുമാനമായിരുന്നു സെലക്ടര്മാരുടേതെന്നും അദ്ദേഹം പറഞ്ഞു.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.
മികച്ച ഫോമില്‍ കളിച്ചിരുന്ന അംബാട്ടി റായിഡുവിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് ടീം കാണിച്ച എറ്റവും വലിയ അബദ്ധമെന്നാണ് ശാസ്ത്രി വിലയിരുത്തുന്നത്.
‘ടീം സെലക്ഷനില്‍ എനിക്ക് വലിയ പങ്കില്ല. ലോകകപ്പ് ടീമില്‍ 3 വിക്കറ്റ് കീപ്പര്മാരുണ്ടായിരുന്നു. അതില്‍ ഞാന്‍ തൃപ്തനല്ലായിരുന്നു. അംബാട്ടി റായിഡുവിനെയൊ ശ്രേയസ് അയ്യറിനെയൊ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു.
ധോണിയും, ദിനേഷ് കാര്‍ത്തിക്കും, റിഷഭ് പന്തും ഒരു ടീമില്‍ കളിക്കുന്നതിലെ ലോജിക്ക് എവിടെയാണ്?’ രവിശാസ്ത്രി പറയുന്നു.
2019 ലോകകപ്പില്‍ റായിഡുവിന് പകരം ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ ഉള്‍പ്പെടുത്തിയത് ഒരുപാട് വിവാദങ്ങള്‍ക്കായിരുന്നു വഴിയൊരുക്കിയിരുന്നത്. എന്നാല്‍ അക്കാര്യത്തില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു ശാസ്ത്രി പറയുന്നത്.
എന്തെങ്കിലും അഭിപ്രായം ചോദിക്കുമ്പോഴല്ലാതെ താന്‍ സെലക്ടര്‍മാരുടെ ജോലിയില്‍ ഇടപെടാറില്ലായെന്നും, 2019 ലോകകപ്പില്‍ 9 കളിയില്‍ 7 എണ്ണവും ജയിച്ച ടീം ഇന്ത്യ ശക്തമായ ടീം ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
2017ലായിരുന്നു ശാസ്ത്രിയെ ഇന്ത്യന്‍ ടീമിന്റെ ഹെഡ്കോച്ചായി നിയമിക്കുന്നത്. തന്റെ 4 വര്‍ഷത്തെ കോച്ചിംഗ് കരിയറില്‍ ഒരുപാട് പരമ്പരകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. എന്നാല്‍ ഐ.സി.സി. ടൂര്‍ണമെന്റുകളില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.
ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച പ്രകടനങ്ങള്‍ക്ക് ശേഷം നോക്ക് ഔട്ട് റൗണ്ടുകളിലായിരുന്നു ഇന്ത്യ കളി മറന്നത്. 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനോട് പരാജയമേറ്റു വാങ്ങിയപ്പോള്‍ 2019 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ ന്യൂസിലാന്റിനോട് തോറ്റ് പുറത്താകുകയായിരുന്നു.
2019ല്‍ നടന്ന ഐ.സി.സി ടി-20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവുകയായിരുന്നു. ഇതാണ് എ.സി.സി ടൂര്‍ണമെന്റുകളില്‍ രവിശാസ്ത്രിയുടെ കീഴില്‍ ഇന്ത്യയുടെ പ്രകടനം.
കഴിഞ്ഞ ട്വന്റി-20 ലോകകപ്പിന് ശേഷമാണ് രവി ശാസ്ത്രി കോച്ചിംഗ് സ്ഥാനം ഉപേക്ഷിച്ചത്.