രാഹുൽ ഗാന്ധി രക്തസാക്ഷിയാകാൻ ശ്രമിക്കുന്നു: ബി.ജെ.പി നേതാവ് രവി ശങ്കർ പ്രസാദ്
national news
രാഹുൽ ഗാന്ധി രക്തസാക്ഷിയാകാൻ ശ്രമിക്കുന്നു: ബി.ജെ.പി നേതാവ് രവി ശങ്കർ പ്രസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th March 2023, 11:55 am

പട്‌ന: രാഹുൽ ഗാന്ധി രക്തസാക്ഷിയാകാൻ ശ്രമിക്കുകയാണെന്ന് മുൻ നിയമ മന്ത്രിയും ബി.ജെ.പി നേതാവുമായ രവി ശങ്കർ പ്രസാദ്. കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിനിടെ താൻ മാപ്പ് പറയില്ലെന്നും മാപ്പ് പറയാൻ തന്റെ പേര് സവർക്കറെന്നല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രവി ശങ്കറിന്റെ പരാമർശം.

പട്‌നയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രവി ശങ്കർ. കോൺഗ്രസിന് വേണമെങ്കിൽ സൂറത് കോടതി വിധി സ്‌റ്റേ ചെയ്യാമായിരുന്നു. എന്നാൽ വിഷയം കർണാടക തെരഞ്ഞെടുപ്പിൽ മുതലെടുക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മുൻകൂട്ടി തയ്യാറാക്കിയ പ്ലാൻ പ്രകാരം രാഹുൽ ഗാന്ധി പാർട്ടി ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തിയിരുന്നു. രാഹുൽ ഗാന്ധിക്ക് അദ്ദേഹത്തെ ത്യാഗമനോഭാവിയായി ചിത്രീകരിക്കണമെന്നും തെരഞ്ഞെടുപ്പിൽ വിജയം നേടണമെന്നും മാത്രമാണ് ആവശ്യം.

കോൺഗ്രസിന് നിരവധി പ്രഗത്ഭരായ അഭിഭാഷകരുണ്ട്. അവരുടെ ആരുടേയും സഹായം തേടാനോ വിധി സ്‌റ്റേ ചെയ്യാനോ കോൺഗ്രസ് ശ്രമിച്ചില്ല. ഇന്ന് ലണ്ടനിൽ വെച്ച് രാജ്യത്തെ അപകീർത്തിപ്പെടുത്തിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി കള്ളം പറഞ്ഞു. അദ്ദേഹത്തിന്റെ പാർട്ടി വിജയിച്ചാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നല്ലതാണെന്ന് രാഹുൽ ഗാന്ധി പറയും. മറിച്ചാണെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റം പറയും,’ രവി ശങ്കർ കൂട്ടിച്ചേർത്തു.

അതേസമയം രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകനെ ബി.ജെ.പി പ്രവർത്തകൻ എന്ന് വിളിച്ചത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി മുംബൈ പ്രസ് ക്ലബ് രംഗത്തെത്തിയിരുന്നു.

എല്ലാ രാഷ്ട്രീയ പാർട്ടികളും മാധ്യമപ്രവർത്തകർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതും ഭീഷണിപ്പെടുത്തുന്നതും ശ്രദ്ധയിൽപെടുന്നുണ്ടെന്നും ഇത് ആശങ്കാ ജനകമായ സാഹചര്യമാണെന്നും പ്രസ് ക്ലബ് പറഞ്ഞു. പരസ്യമായി അപമാനിക്കപ്പെട്ട മാധ്യമപ്രവർത്തകനോട് രാഹുൽ ​ഗാന്ധി മാപ്പ് പറയുന്നതായിരിക്കും ഉചിതമെന്നും പ്രസ് ക്ലബ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കാതെ വിവേചനബുദ്ധിയോടെ പെരുമാറാനായിരുന്നു മാധ്യമപ്രവർത്തകനോട് രാഹുൽ ​ഗാന്ധി പറഞ്ഞത്.

ഒ.ബി.സി വിഭാഗത്തെ രാഹുൽ ഗാന്ധി അധിക്ഷേപിച്ചെന്ന ബി.ജെ.പി പരാമർശത്തെ കുറിച്ചായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. ബി.ജെ.പിക്ക് വേണ്ടി ഇത്ര കാര്യക്ഷമമായി പ്രവർത്തിക്കുന്നത് എന്തിനാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുചോദ്യം.

‘ഇത്ര കാര്യക്ഷമമായി ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കുന്നത് എന്തിനാണ്? അൽപം വിവേചനബുദ്ധിയോടെ പ്രവർത്തിക്കൂ. നിങ്ങൾക്ക് ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കണമെങ്കിൽ നെഞ്ചിൽ ബി.ജെ.പിയുടെ കൊടിയോ ചിഹ്നമോ കുത്തി വരൂ. അപ്പോൾ ഞാൻ അവരോട് പറയുന്ന അതേ തരത്തിലുള്ള മറുപടി നിങ്ങളോടും പറയാം. മാധ്യമപ്രവർത്തകനായി അഭിനയിക്കരുത്,’ രാഹുൽ ഗാന്ധി പറഞ്ഞു.

Content Highlight: Ravi Sankar says Rahul Gandhi is trying to be a martyr