എഡിറ്റര്‍
എഡിറ്റര്‍
കുപ്പിവെള്ളവും ശീതളപാനീയവും ഇനി പൊള്ളും
എഡിറ്റര്‍
Thursday 7th March 2013 9:47am

വേനല്‍ കാലത്തെ മുന്നില്‍ കണ്ട് കുപ്പിവെള്ളത്തിനും ശീതളപാനീയത്തിനും വില കുത്തനെ കൂട്ടി. വന്‍കിട കമ്പനികളെല്ലാം ശീതളപാനീയത്തിന് 600 മില്ലീലിറ്ററിന് മൂന്ന് രൂപവീതം വര്‍ധിപ്പിച്ചു.

Ads By Google

വന്‍കിട കമ്പനികളുടെ ശീതളപാനീയങ്ങള്‍ 600 മില്ലീലിറ്ററിന് 27 രൂപയായിരുന്നത് 30 രൂപയാക്കി. ഇവയുടെ 200 മില്ലീലിറ്റര്‍ കുപ്പിക്ക് 10രൂപയായിരുന്നത് 12ഉം എട്ട് രൂപയായിരുന്നത് 10ഉം ആക്കി.

മിനറല്‍ വാട്ടര്‍ ലിറ്ററിന് 15 രൂപയായിരുന്നത് ഒരു കമ്പനി 20 രൂപയാക്കി. സാധാരണ മിനറല്‍ വാട്ടര്‍ ഒരു ലിറ്ററിന് 12 മുതല്‍ 15 രൂപ വരെയായിരുന്നു വില. വൈദ്യുതിനിരക്കിലുള്ള വര്‍ധനയും ഡീസല്‍ വിലവര്‍ധനയും മൂലമാണ് അഞ്ച് രൂപ കൂട്ടിയതെന്ന് കുടിവെള്ള കമ്പനിക്കാര്‍ പറയുന്നു.

600 മില്ലീലിറ്റര്‍ സോഡയ്ക്കും മൂന്ന് രൂപ കൂട്ടിയിട്ടുണ്ട്. അതിനിടയില്‍ പാലിന് മില്‍മ തിരുവനന്തപുരം മേഖലയ്ക്കുകീഴില്‍ ഒരുരൂപ കുറച്ചിട്ടുണ്ട്.

വിവിധ സ്ഥാപനങ്ങളില്‍ പ്രാദേശിക മിനറല്‍ വാട്ടര്‍ കമ്പനികള്‍ എത്തിക്കുന്ന ശുദ്ധജലത്തിന് 20 ലിറ്ററിന് 50 രൂപ ഈടാക്കിയിരുന്നത് 60 ഉം 75 ഉം ആക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

മുന്തിരി, ഓറഞ്ച്, പൈനാപ്പിള്‍ എന്നിവയുടെ ഫ്രഷ്ജ്യൂസിന് 40രൂപ വരെ ഈടാക്കുന്നുണ്ട്. നിലവില്‍ നാരങ്ങാവെള്ളം ഒരുഗ്ലാസ്സിന് എട്ടും സോഡചേര്‍ത്ത് 12 ഉം രൂപയാണ് വാങ്ങുന്നത്.

കരിക്ക് ഒന്നിന് 15 മുതല്‍ 20 രൂപമാത്രം നല്കിയാല്‍ മതി. മില്‍മ ഇറക്കുന്ന സംഭാരത്തിന് 200 മില്ലീലിറ്റര്‍ പാക്കിന് അഞ്ച് രൂപയേയുള്ളൂ.

സംസ്ഥാനത്ത് മിനറല്‍ വാട്ടര്‍ വില്പനയ്ക്ക് നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആരോഗ്യവകുപ്പ് അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗുണനിലവാര പരിശോധന നടത്തുന്നില്ലെന്നും പരാതിയുണ്ട്.

Advertisement