'അഴകിയ രാവണന്‍'സിനിമയുടെ കഥ സാങ്കല്പികമല്ലെന്ന് തോന്നുന്നു; മാമങ്കത്തില്‍ നിന്ന് സംവിധായകനെ നീക്കിയതിനെ വിമര്‍ശിച്ച് റസൂല്‍ പൂക്കുട്ടി
Movie Day
'അഴകിയ രാവണന്‍'സിനിമയുടെ കഥ സാങ്കല്പികമല്ലെന്ന് തോന്നുന്നു; മാമങ്കത്തില്‍ നിന്ന് സംവിധായകനെ നീക്കിയതിനെ വിമര്‍ശിച്ച് റസൂല്‍ പൂക്കുട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd February 2019, 8:40 pm

കൊച്ചി: മാമാങ്കം സിനിമയില്‍ നിന്ന് സംവിധായകനെ നീക്കം ചെയ്തതിലെ നീതികേടുകള്‍ ചൂണ്ടികാട്ടി റസൂല്‍ പൂക്കുട്ടി. ഗോഡ്ഫാദര്‍മാരില്ലാതെ സിനിമയിലെത്തിയ ഒരു വ്യക്തിയുടെ സ്വപ്നങ്ങളെ എങ്ങനെ ഇല്ലാതാക്കുന്നുവെന്നതിന്റെ ഉദാഹരണമെന്ന് റസൂല്‍ പൂക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ നിന്ന് സംവിധായകനെയും മറ്റൊരു നടനേയും പുറത്താക്കിയിരുന്നു. ചിത്രത്തില്‍ നിന്ന് സംവിധായകനായ സജീവ് പിള്ളയെ നീക്കം ചെയ്തതായി നിര്‍മാതാവ് വേണു കുന്നപ്പിള്ളിയാണ് അറിയിച്ചത്. സംവിധായകന് ജോലി അറിയില്ലെന്നും തനിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സജീവ് പിള്ളയെ ചിത്രത്തില്‍ നിന്ന് പുറത്താക്കിയത്.

എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട പരിചയമുള്ള വ്യക്തിയാണ് താനെന്നും തിരക്കഥയിലടക്കമുള്ള നിര്‍മാതാവിന്റെ ഇടപെടലും, വാശികളുമാണ് ഭിന്നതയിലേക്ക് നയിച്ചതെന്നും സംവിധായകന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇന്നലെ അറിയിച്ചിരുന്നു. ഈ വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ടാണ് ്‌റസൂല്‍ പൂക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

Also Read:  കൊല്‍ക്കത്തയില്‍ പൊലീസ്-സി.ബി.ഐ സംഘര്‍ഷം; സി.ബി.ഐ സംഘത്തെ പിടിച്ചുകൊണ്ടു പോയി

“സംവിധായകന്‍ കമല്‍ “അഴകിയ രാവണന്‍” എന്ന ചിത്രം നിര്‍മ്മിച്ചെടുത്തത് ഒരു സാങ്കല്‍പ്പികമായ കള്ളക്കഥയില്‍ നിന്നല്ലെന്നാണ് തോന്നുന്നത്. സൂക്ഷിച്ച് വായിക്കൂ. മലയാളിയുടെ പ്രത്യേകിച്ച് സിനിമാ പ്രേമികളുടെ മനസാക്ഷിയില്‍ തന്നെ മുറിവേല്‍പ്പിക്കുന്ന സംഗതിയാണിത്. ഗോഡ്ഫാദറില്ലാതെ ഇന്‍ഡസ്ട്രിയിലെത്തുന്ന എളിയവനായ ഒരു സാധാരണക്കാരന്റെ സ്വപ്നങ്ങളും അഭിലാഷങ്ങളും എങ്ങനെ തകര്‍ക്കാം എന്നതിന്റെ മാനുവല്‍ ഇതാണ്” റസൂല്‍ പൂക്കുട്ടി കുറിച്ചു.

തന്റെ തിരക്കഥയുള്‍പ്പെടെ തിരുത്താനുള്ള ശ്രമങ്ങള്‍ നടന്നുവെന്നും ഇതിന് പിറകെയാണ് അഭിപ്രായ ഭിന്നതകള്‍ രൂപം കൊണ്ടതെന്നും സജീവ് പിള്ള പറയുന്നു. ഇനി വരുന്ന ഒരു സംവിധായകനും തിരക്കഥാകൃത്തിനും ഈ അവസ്ഥ വരരുതെന്ന് ഉദ്ദേശിച്ചാണ് ഇപ്പോള്‍ രംഗത്തെത്തുന്നതെന്നും അദ്ദേഹം പറയുന്നു.

പരിചയക്കുറവും ഗുണമേന്മ ഇല്ലായ്മയും മൂലം പത്ത് കോടിയോളം രൂപയുടെ നഷ്ടം വരുത്തിവച്ചതുകൊണ്ടും നിസ്സഹകരണം പ്രകടിപ്പിച്ചതിനാലുമാണ് മാമാങ്കം സിനിമയില്‍ നിന്നും സജീവ് പിള്ളയെ പുറത്താക്കിയതെന്നായിരുന്നു വേണു കുന്നപ്പിള്ളി പറഞ്ഞത്. ആദ്യത്തെ രണ്ട് ഷെഡ്യൂളുകള്‍ ചിത്രീകരിച്ചു കഴിഞ്ഞതിന് ശേഷമാണ് ഷൂട്ട് ചെയ്ത വിഷ്വലുകളുടെ ഗുണമേന്മയില്ലായ്മ മനസിലായതെന്നും അതിനുള്ളില്‍ തന്നെ വലിയൊരു തുക ചിലവായി കഴിഞ്ഞിരുന്നെന്നും വേണു കുന്നപ്പള്ളി പറഞ്ഞിരുന്നു.

തനിക്ക് സിനിമയില്‍ അനുഭവ സമ്പത്തില്ലെന്ന വാദത്തേയും സജീവ് പിള്ള തള്ളി. അടൂര്‍ ഗോപാലകൃഷ്ണന്‍, എസ്.കുമാര്‍, എം.ജെ.രാധാകൃഷ്ണന്‍, രാജീവ് രവി, മധു നീലകണ്ഠന്‍, എന്‍.ഹരികുമാര്‍, പ്രമോദ്തോമസ്, അരുണ്‍ കുമാര്‍ അരവിന്ദ്, ബി.അജീത് കുമാര്‍, സുനില്‍ കെ.എസ്.തുടങ്ങി പലരുടേയും കൂടെ കഴിഞ്ഞ ഒരു പതിറ്റാണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സജീപ് പിള്ള പറഞ്ഞു.

“ഏതാണ്ട് രണ്ട് പതിറ്റാണ്ടായി ഞാന്‍ പ്രയത്നിച്ചുണ്ടാക്കിതാണ് ഈ സിനിമ. എന്നാല്‍ ലാഭം മാത്രം ലക്ഷ്യമിട്ട് പണം മുടക്കാന്‍ വന്നു ചേര്‍ന്ന ഒരാള്‍ പണാധികാരവും സ്വാധീനവും കൊണ്ട് പെട്ടെന്ന് തീരുമാനിച്ചാല്‍ നിയമപരമായോ യുക്തിപരമായോ ധാര്‍മികമായോ അവസാനിക്കുന്നതാണോ ഈ സിനിമയുമായുള്ള എന്റെ ബന്ധം”.