ലോകകപ്പിനിടെ സ്വന്തം ജനതയെ ചേർത്ത് പിടിച്ച് റാഷിദ്‌ ഖാൻ
Cricket
ലോകകപ്പിനിടെ സ്വന്തം ജനതയെ ചേർത്ത് പിടിച്ച് റാഷിദ്‌ ഖാൻ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 9th October 2023, 3:11 pm
 അഫ്ഗാനിസ്ഥാനിലെ ഭൂകമ്പ ദുരിതബാധിതർക്ക് സഹായവുമായി മുന്നോട്ട് വന്നിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ ഓൾ റൗണ്ടർ റാഷിദ്‌ ഖാൻ.
ലോകകപ്പിൽ നിന്നും ലഭിക്കുന്ന തന്റെ മാച്ച് ഫീയുടെ മുഴുവൻ തുകയും അഫ്ഗാനിസ്ഥാനിലെ ദുരിതബാധിതർക്ക് സംഭാവന ചെയ്യുന്നുമെന്ന് റാഷിദ്‌ ഖാൻ പറഞ്ഞു. ദുരിതം അനുഭവിക്കുന്നവർക്കായി ധനസമാഹരണ ക്യാമ്പയിൻ ആരംഭിക്കുമെന്നും റാഷിദ് ഖാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ പ്രവശ്യയിൽ ഉണ്ടായ ഭൂകമ്പത്തിന്റെ അനന്തരഫലങ്ങൾ ഞാൻ വളരെ സങ്കടത്തോടെ മനസിലാക്കുന്നു. എന്റെ #CW2023 ലെ മാച്ച് ഫീസ് മുഴുവനും ഞാൻ ദുരിത ബാധിതർക്ക് സംഭാവന ചെയ്യുന്നു. അധികം വൈകാതെ ഞങ്ങൾ അഫ്ഗാനിസ്ഥാനിൽ എത്തിച്ചേരും. ആവശ്യമുള്ളവർക്കുള്ള സഹായം നൽകാൻ ധനശേഖരണത്തിനായി ക്യാമ്പയിൻ ആരംഭിക്കും,’ റാഷിദ്‌ എക്സിൽ കുറിച്ചു.

ഒക്ടോബർ എട്ടിനായിരുന്നു 6.3 തീവ്രതയിൽ 40 കിലോമീറ്ററിൽ അഫ്ഗാന്റെ പടിഞ്ഞാറെ ഭാഗങ്ങളിലാണ് ഭൂകമ്പത്തിന്റെ കൂടുതൽ ആഘാതമുണ്ടാക്കിയത്. പടിഞ്ഞാറൻ ഹെറാത്ത് നഗരത്തിൽ ഇതുവരെ 2445 ആളുകൾ മരിച്ചതായും, 2000 ആളുകൾക്ക് പരിക്കേറ്റുവെന്നും ആയിരത്തോളം വീടുകൾ തകർന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ആദ്യ മത്സരത്തിൽ അഫ്ഗാൻ ആറ് വിക്കറ്റുകൾക്ക് പരാജയപ്പെട്ടിരുന്നു.

രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ആതിഥേയരായ ഇന്ത്യയെ നേരിടും. ഒക്‌ടോബർ 11ന് ദൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം.
Content Highlight: Rashid Khan helps the victims of the Afghanistan earthquake.