എഡിറ്റര്‍
എഡിറ്റര്‍
സല്‍മാന്‍ ഖാന് മസാജ് ചെയ്തു കൊടുക്കുന്ന രണ്‍വീര്‍ സിംഗ്; താരങ്ങളുടെ ബ്രോമാന്‍സ് ഏറ്റെടുത്ത് ആരാധകരും
എഡിറ്റര്‍
Monday 20th November 2017 10:57pm

മുംബൈ: തമാശ നിറഞ്ഞ പോസ്റ്റുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനാണ് ബോളിവുഡ് താരം രണ്‍വീര്‍ സിംഗ്. ചില പോസ്റ്റുകള്‍ ആരാധകരെ വട്ടം കറക്കാറുമുണ്ട്. ഇപ്പോഴിതാ പുതിയ വൈറല്‍ പോസ്റ്റുമായി രണ്‍വീര്‍ എത്തിയിരിക്കുകയാണ്.

പുതിയ ചിത്രമായ റെയ്‌സ് ത്രിയുടെ സെറ്റില്‍ നിന്നുമുള്ള ചിത്രമാണ് ആരാധകര്‍ക്ക് വിരുന്നായി മാറിയിരിക്കുന്നത്. ചിത്രത്തിന്റെ സെറ്റില്‍ ഒട്ടും നിനച്ചിരിക്കാതെ കടന്നു ചെല്ലുകയായിരുന്നു രണ്‍വീര്‍. ചിത്രത്തിന്റെ നിര്‍മ്മാതാവായ രമേശ് തുറനിയാണ് ചിത്രം പുറത്തു വിട്ടത്.

ഒരുപാട് പൊട്ടിച്ചിരികളുമായി കടന്നു വരുന്ന താരമാണ് രണ്‍വീര്‍ എന്നാണ് നിര്‍മ്മാതാവ് പറയുന്നത്. ചിത്രത്തിന്റെ സംവിധായകനായ റെമോ ഡിസൂസയടക്കമുള്ളവര്‍ക്കൊപ്പമുള്ള രണ്‍വീറിന്റെ ചിത്രവും പുറത്തു വിട്ടിട്ടുണ്ട്.

എന്നാല്‍ ചിത്രത്തിലെ നായകനായ സല്‍മാന്‍ ഖാനൊപ്പമുള്ള ചിത്രമായിരുന്നു ഏറ്റവും രസകരം. സല്‍മാന്റെ ഷോള്‍ഡര്‍ മസാജു ചെയ്യുന്ന ചിത്രമായിരുന്നു അത്. രണ്ടു പേര്‍ക്കുമിടയിലെ സൗഹൃദം വിളിച്ചോതുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

സല്‍മാന് പുറമെ ബോബി ഡിയോള്‍, ജാക്ലിന്‍ ഫെര്‍ണാണ്ടസ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അതേസമയം, രണ്‍വീര്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പത്മാവതി വിവാദത്തില്‍ കുരുങ്ങിയിരിക്കുകയാണ്.


Also Read: ദീപികയ്‌ക്കെതിരായ ഭീഷണികള്‍ നാണക്കേട്; പത്മാവതി തങ്ങള്‍ക്കെല്ലാം അഭിമാനമാണെന്നും ശുഭാപ്തി വിശ്വാസമുണ്ടെന്നും ഷാഹിദ് കപൂര്‍


നേരത്തെ, ചിത്രത്തെ മധ്യപ്രദേശ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ചരിത്രത്തെ വളച്ചൊടിക്കുന്നത് അനുവദിക്കാനാവില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിങും പറഞ്ഞിരുന്നു.

അതേ സമയം പത്മാവതിയുടെ റിലീസ് തടയണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കേണ്ടത് സെന്‍സര്‍ ബോര്‍ഡാണെന്നും ബോര്‍ഡിന്റെ പരിഗണനയിലുള്ള കാര്യത്തില്‍ കോടതി ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

നേരത്തെ ചിത്രത്തിനും സംവിധായകനായ സഞ്ജയ് ലീല ബന്‍സാലിക്കും പത്മാവതിയായി വേഷമിട്ട ദീപിക പദുകോണിനെതിരെയും ആക്രമണത്തിന് ആഹ്വാനം വന്നിരുന്നു. ഹരിയാനയിലെ ബി.ജെ.പി നേതാവും മാധ്യമ കോര്‍ഡിനേറ്ററുമായ സൂരജ് പാല്‍ അമു ആണ് ഇരുവരെയും കൊല്ലുന്നവര്‍ക്ക് പത്തുകോടി വാഗ്ദാനം ചെയ്തിരുന്നത്.

Advertisement