റാന്നി ഉരുള്‍പൊട്ടല്‍; ആറന്മുള എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ അടക്കം നിരവധിപേര്‍ കുടുങ്ങി
Kerala Flood
റാന്നി ഉരുള്‍പൊട്ടല്‍; ആറന്മുള എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ അടക്കം നിരവധിപേര്‍ കുടുങ്ങി
ന്യൂസ് ഡെസ്‌ക്
Wednesday, 15th August 2018, 8:36 pm

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട റാന്നിയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് ആറന്മുള എഞ്ചിനീയറിംഗ് കോളെജില്‍ വിദ്യാര്‍ത്ഥിനികളടക്കം നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നു.കോളെജിലെ ലേഡീസ് ഹോസ്റ്റലിലാണ് ആളുകള്‍ കുടുങ്ങിക്കിടക്കുന്നത്.

33 വിദ്യാര്‍ത്ഥിനികളും ഒരു വാര്‍ഡനും അടക്കം നിരവധിപ്പേരാണ് കുടുങ്ങി കിടക്കുന്നത്. സംഭവസ്ഥലത്ത് വ്യോമസേന രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. രക്ഷപ്പെടുത്തിയ ചിലരെ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് സുരക്ഷിത സ്ഥാനത്ത് എത്തിച്ചിരിക്കുകയാണ്.

കോളേജിലെ ഒന്ന്,രണ്ട് വര്‍ഷ വിദ്യാര്‍ത്ഥിനികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. അതേസമയം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികള്‍ സ്ഥലത്ത് കുടുങ്ങി കിടക്കുകയാണ്.


Also Read സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്നു മാത്രം മരിച്ചത് 27 പേര്‍

പത്തനംതിട്ട റാന്നിയില്‍ വയ്യാറ്റുപുഴയില്‍ ആണ് അപ്രതീക്ഷിതമായി ഉരുള്‍പൊട്ടിയത്. നിലവില്‍ റാന്നി ഒറ്റപ്പെട്ടു കിടക്കുകയാണ്. പല വീടുകളിലും പൂര്‍ണമായും വെള്ളംകയറി. രണ്ടുനില വീടുകളില്‍ താഴത്തെ നില വെള്ളത്തിനടിയിലായി.

പമ്പാ നദിയിലും കൈവഴികളിലും ജലനിരപ്പ് ഉയര്‍ന്നതോടെ റാന്നി വെള്ളത്തിലായത്. റാന്നി ബസ്സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാത, റാന്നി ബൈപാസ്, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവ വെള്ളത്തിനടിയിലായിലാണ്.

ശബരിഗിരി പദ്ധതിയുടെ ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ ആറടി ഉയരത്തില്‍ ഉയര്‍ത്തിയതാണ് മിന്നല്‍ പ്രളയത്തിനു കാരണമായത്. ശബരിമല ഉള്‍പ്പെടെ റാന്നിയുടെ കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ഇത് നീരൊഴുക്ക് കൂടാന്‍ കാരണമായി.