വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തു, സോനത്തിനോടും ദുല്‍ഖറിനോടും മാപ്പ് ചോദിക്കുന്നു: റാണാ ദഗ്ഗുബാട്ടി
Film News
വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തു, സോനത്തിനോടും ദുല്‍ഖറിനോടും മാപ്പ് ചോദിക്കുന്നു: റാണാ ദഗ്ഗുബാട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th August 2023, 2:38 pm

കിങ് ഓഫ് കൊത്ത പ്രീ റിലീസ് ഇവന്റിനിടയില്‍ നടന്‍ റാണ ദഗ്ഗുബാട്ടി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡിലെ പ്രമുഖ നടി ദുല്‍ഖറിന്റെ സമയം അനാവശ്യമായി പാഴാക്കിയതിനെ കുറിച്ചും അതിനോടുള്ള അദ്ദേഹത്തിന്റെ ശാന്തമായ പ്രതികരണത്തെ കുറിച്ചുമായിരുന്നു റാണ പറഞ്ഞത്. വൈകാതെ ഈ നടി സോനം കപൂറാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ആരംഭിച്ചു. സോനത്തെ കുറ്റപ്പെടുത്തിയും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് വരികയും ചെയ്തിരുന്നു.

പിന്നാലെ സോനം കപൂറിനോടും ദുല്‍ഖറിനോടും ക്ഷമാപണം നടത്തി രംഗത്തെത്തിയിരിക്കുകയാണ് റാണ. താന്‍ തമാശ രൂപേണ പറഞ്ഞത് ദുര്‍വ്യാഖ്യാനം ചെയ്തുവെന്നും താന്‍ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തികളാണ് ദുല്‍ഖറും സോനവുമെന്നും റാണ ട്വീറ്റ് ചെയ്തു.

‘എന്റെ പരാമര്‍ശങ്ങള്‍ മൂലം സോനം കപൂറിനെതിരായ നെഗറ്റിവിറ്റിയില്‍ എനിക്ക് തന്നെ ബുദ്ധിമുട്ടുണ്ടായിരിക്കുകയാണ്. പ്രചരിക്കുന്ന കാര്യങ്ങള്‍ പൂര്‍ണമായും അസത്യമാണ്. ഒരു തമാശ പോലെ പറഞ്ഞ കാര്യമാണത്. സുഹൃത്തുക്കളെന്ന നിലയില്‍ ഞങ്ങള്‍ പലപ്പോഴും പരസ്പരം കളിയാക്കാറുണ്ട്. എന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ വിഷമമുണ്ട്.

സോനം കപൂറിനോടും ദുല്‍ഖറിനോടും ക്ഷമ ചോദിക്കുന്നു. ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തികളാണ് ഇരുവരും. എന്റെ വിശദീകരണം ഊഹാപോഹങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും വിരാമമിടുമെന്ന് പ്രതീക്ഷിക്കുന്നു,’ റാണ കുറിച്ചു.

ദുല്‍ഖറിന്റെ തിരക്കിനെ അവഗണിച്ച് പ്രമുഖ നടി ലണ്ടനില്‍ ഷോപ്പിങ് നടത്തുന്നതിനെ കുറിച്ച് ഫോണില്‍ സംസാരിക്കുകയായിരുന്നുവെന്നാണ് പരിപാടിയില്‍ വെച്ച് റാണ പറഞ്ഞിരുന്നത്.

നടിയുടെ പെരുമാറ്റം സെറ്റിലുള്ളവരേയും ഷൂട്ടിനേയും അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു. അപ്പോഴും ദുല്‍ഖര്‍ ശാന്തനായിട്ടിരുന്നു. ദുല്‍ഖറിന്റെ ശാന്തമായ പെരുമാറ്റമായിരുന്നു സെറ്റിലെ പിരിമുറുക്കം ഇല്ലാതാക്കിയതും സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്തിയതും.

ആ സമയത്ത് തനിക്കു പോലും ദേഷ്യം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്ന് റാണ പറയുന്നു. നടിയുടെ പെരുമാറ്റത്തെ കുറിച്ച് താന്‍ നിര്‍മാതാവിനോട് സംസാരിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.

റാണ ദഗ്ഗുബാട്ടിയും നാനിയുമായിരുന്നു ഹൈദരാബാദില്‍ വെച്ച് നടന്ന പ്രീറിലീസ് ഇവന്റില്‍ മുഖ്യാതിഥികളായിരുന്നത്. ദുല്‍ഖറിനൊപ്പം അനിഖ സുരേന്ദ്രനും ഐശ്വര്യ ലക്ഷ്മിയും ചടങ്ങിനെത്തിയിരുന്നു.

Content Highlight: Rana Daggubati says his words are Misinterpreted and apologizes to Sonam and Dulquer