അന്ന് മുതല്‍ ഞങ്ങള്‍ മുസ്ലിങ്ങളായി... ഭ്രഷ്ടരായി... അക്രമികളായി....; റാണാ അയൂബ് എഴുതുന്നു
Opinion
അന്ന് മുതല്‍ ഞങ്ങള്‍ മുസ്ലിങ്ങളായി... ഭ്രഷ്ടരായി... അക്രമികളായി....; റാണാ അയൂബ് എഴുതുന്നു
റാണ അയ്യൂബ്
Tuesday, 12th November 2019, 5:02 pm

ഒട്ടനവധി ഇന്ത്യക്കാരെപ്പോലെ ശനിയാഴ്ച ഞാനും ടെലിവിഷന് മുന്നിലായിരുന്നു.

1992ല്‍ വലതുപക്ഷ ഹിന്ദു ദേശീയവാദികള്‍ തകര്‍ത്തെറിഞ്ഞ മുസ്ലിങ്ങളുടെ പ്രധാന ആരാധനാലയവും അവരുടെ വിശ്വാസത്തിന്റെ സ്മാരകവുമായിരുന്ന ബാബ്റി മസ്ജിദുണ്ടായിരുന്ന സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിന് സുപ്രീംകോടതി അന്തിമവിധി പറയുന്ന ദിവസമായിരുന്നു അത്..

മുസ്ലിം വാദങ്ങളെ തള്ളി ഹിന്ദു അന്യായക്കാരന് ഭൂമി അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദേശീയ പാര്‍ട്ടിക്കുവേണ്ടി സുപ്രീംകോടതി വിധിയെഴുതി. 1993ല്‍ ഇന്ത്യയില്‍നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ഒരു മുസ്‌ലിം കുടുംബത്തോടൊപ്പമിരുന്ന് വാഷിങ്ടണില്‍വെച്ചാണ് ഞാന്‍ സുപ്രീംകോടതി വിധി ടെലിവിഷനില്‍ കണ്ടത്. ന്യൂസ് ആങ്കര്‍ രാമന്റെ വിജയമെന്ന് ഉറക്കെപറഞ്ഞയുടന്‍ എന്റെ ആതിഥേയര്‍ ടിവി ഓഫ് ചെയ്തു. എന്നിട്ട് അദ്ദേഹത്തിന്റെ 80 വയസായ അമ്മയോട് ‘നമ്മളവിടെനിന്നും വിട്ടുപോന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു’ എന്ന് പറഞ്ഞു.

വിധിക്ക് മുമ്പും ശേഷവും ജനങ്ങള്‍ ജാഗ്രത കാണിക്കണമെന്നും വിധിയെ മാനിക്കണമെന്നുമാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ചത്. അതേമയം മറ്റുചിലരുടെ ആഘോഷപ്രകടനങ്ങള്‍ക്ക് എവിടെയും നിയന്ത്രണങ്ങളുണ്ടായിരുന്നില്ല.

സുപ്രീംകോടതി വളപ്പിനുള്ളില്‍ തന്നെ അഭിഭാഷകര്‍ ‘ജയ് ശ്രീറാം’ മുഴക്കി. വിധി വായിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അന്ന് രാത്രി അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകകരെയും കൂട്ടി ദല്‍ഹിയിലെ താജ് മാന്‍സിങില്‍ അത്താഴവിരുന്നിന് പോയി.

വലതുപക്ഷ ദേശീയവാദികള്‍ സോഷ്യല്‍മീഡിയയില്‍ വിധി ആഘോഷിച്ചു. രാജ്യത്തെയൊട്ടാകെ പ്രതിസന്ധിയിലാക്കിയ ഒരു പ്രശ്നത്തിന് ലഭിച്ച സമാധാനപരമായ പരിസമാപ്തിയെന്ന് മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും ഇതിനെ പേരിട്ട് വിളിച്ചു.

രാജ്യത്ത് മുസ്ലിം വിരുദ്ധത പടച്ചുവിടാന്‍ കോപ്പുകൂട്ടിയ, ബാബ്റി മസ്ജിദ് തകര്‍ക്കാന്‍ ആഹ്വാനം ചെയ്ത ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി ടെലിവിഷനിലൂടെ വിജയപ്രഖ്യാപനം നടത്തി. ‘ഇപ്പോഴാണ് എനിക്ക് പൂര്‍ണത കൈവന്നത്. കാരണം, ഒരു വലിയ മൂവ്മെന്റിന് മികച്ച സംഭാവന നല്‍കാന്‍ ദൈവമെനിക്ക് ഒരു അവസരം നല്‍കി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ മൂവ്മെന്റായിരുന്നു അത്. അതിന്റെ പ്രതിഫലം സുപ്രീകോടതി വിധിയുടെ രൂപത്തില്‍ കൈവന്നിരിക്കുകയാണ്’, അദ്വാനി പറഞ്ഞു.

ഇന്ത്യയിലെ ഒരുപാട് മുസ്ലിങ്ങളെ പോലെ ഇതുപോലൊരു ‘നീതി’ ആഘോഷിക്കപ്പെടുന്നത് മനസിലാക്കാന്‍ എനിക്കും വളരെ ബുദ്ധിമുട്ടായിരുന്നു. പരിസമാപ്തിയെക്കുറിച്ചും ആശ്വാസത്തെക്കുറിച്ചുമായിരുന്നു അവയെല്ലാം. ആര്‍ക്കുള്ള പരിസമാപ്തി? ബാബ്റി മസ്ജിദ് തകര്‍ത്തതിന് പിന്നാലെയുണ്ടായ മുസ്ലിം വിരുദ്ധ കലാപത്തിന് സാക്ഷിയായ ഒരു കുട്ടിയെന്ന നിലക്ക്, എപ്പോഴാണോ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ മതേതരത്വം വര്‍ഗീയതയിലേക്ക് വഴിമാറിയത്, മുറിവേറ്റ ആ ദശാബ്ദത്തിലേക്ക് ഞാന്‍ വീണ്ടുമൊരു തിരിച്ചുപോക്ക് നടത്തി.

രാജ്യത്തെ മുസ്ലിങ്ങള്‍ ഒരു മുനമ്പിന്റെ വക്കിലാണ്. സുപ്രീംകോടതി വിധിയില്‍ നിരാശപ്രകടിപ്പിച്ച് ട്വിറ്ററിലും ഫേസ്ബുക്കിലും ഞാന്‍ എഴുതിയ പോസ്റ്റ് കണ്ടിട്ട് എന്നെ ഒരു ബന്ധു വിളിച്ചു. ‘നിനക്കൊന്ന് മിണ്ടാതിരിക്കാമോ’, ഫോണിന്റെ മറുതലയില്‍ അദ്ദേഹം നിലവിളിക്കുകയായിരുന്നു. ‘ഞങ്ങള്‍ക്കിവിടെ ജീവിക്കണം, നിന്റെ കുടുംബത്തിനും എന്റെ കുടുംബത്തിനും. ഞങ്ങള്‍ക്ക് ബുദ്ധമുട്ടുണ്ടാക്കരുത്. ഞങ്ങള്‍ക്ക് ഞങ്ങളുടെ വീടിനുള്ളില്‍ മറ്റൊരു ആള്‍ക്കൂട്ട ആക്രമണംകൂടി കാണാന്‍ സാധിക്കില്ല’.

മുംബൈയിലെ അയല്‍വാസികള്‍ക്കിടയില്‍ ബഹുമാന്യരായി ജീവിച്ചിരുന്ന മുസ്ലിം വീടായിരുന്നു എന്റേതെന്ന് 90 കളില്‍ വളര്‍ന്ന ഞാന്‍ ഓര്‍മ്മിക്കുന്നു. എന്റെ അച്ഛന്‍ സ്‌കൂള്‍ അധ്യാപകനും പ്രോഗ്രസീവ് റൈറ്റേഴ്സ് മൂവ്മെന്റിലെ വളണ്ടിയറുമായിരുന്നു. അധ്യാപകര്‍ക്കായുള്ള ഗുരു പൂര്‍ണിമാ ദിനങ്ങള്‍ അച്ഛന്റെ കയ്യില്‍ ആളുകള്‍ ചരടുകള്‍ കെട്ടും. മതത്തിന്റെ പേരിലായിരുന്നില്ല ഞങ്ങള്‍ അറിയപ്പെട്ടിരുന്നത്, മറിച്ച് സാമൂഹ്യ ജീവിതത്തിന്റെ പേരിലായിരുന്നു.

1992 ഡിസംബര്‍ ആറിന് എല്ലാം മാറിമറിഞ്ഞു. ഭാരതീയ ജതനാ പാര്‍ട്ടിയും വിശ്വഹിന്ദു പരിഷത് പോലെയുള്ള മറ്റ് വലതുപക്ഷ ഹിന്ദു സംഘടനകളും സംഘടിച്ച്, ആയിരക്കണക്കിന് കര്‍സേവകര്‍ ചേര്‍ന്ന് ബാബ്റി മസ്ജിദിലേക്ക് ഇരച്ച് കയറി മസ്ജിദ് തകര്‍ത്തു.

അദ്വാനിയും ഉമാഭാരതിയടക്കമുള്ള ബി.ജെ.പി നേതാക്കളും വിദ്വേഷ പ്രസംഗം നടത്തി ബാബ്റി മസ്ജിദിന്റെ ഗ്രൗണ്ടിലേക്ക് ആളുകളെ എത്തിച്ചു. 16ാം നൂറ്റാണ്ടില്‍ സ്ഥാപിതമായ ആ ചരിത്ര നിര്‍മ്മിതിയെ അന്ന് രാവിലെ അവര്‍ തകര്‍ത്തു. ആ ദൃശ്യങ്ങള്‍ ഒറ്റമുറി വീട്ടിലെ ടി.വിയിലൂടെ ഒരു ഭയപ്പാടോടെ ഞങ്ങള്‍ കണ്ടു.

ആ നിമിഷം മുതലാണ് കാര്യങ്ങള്‍ വഷളായത്.

ഞങ്ങളുടെ അയല്‍ക്കാരനായ സിഖുകാരന്‍ പരിഭ്രമത്തോടെ വാതിലില്‍ മുട്ടി. അദ്ദേഹം ഞങ്ങളുടെ വീട്ടിലേക്ക് കയറി. അദ്ദേഹത്തിന്റെ നെറ്റിയിലൂടെ വിയര്‍പ്പുതുള്ളികള്‍ ഇറ്റുവീഴുന്നുണ്ടായിരുന്നു. എന്നെയും എന്റെ സഹോദരിയെയും പിടിച്ചുകൊണ്ടുപോകാനായി കലാപകാരികള്‍ ഞങ്ങളുടെ വീടിന് നേര്‍ക്ക് വരുന്നുണ്ടെന്ന് അദ്ദേഹം അച്ഛനോട് പറഞ്ഞു. എനിക്കന്ന് ഒമ്പത് വയസായിരുന്നു. ചേച്ചിക്ക് 14-ഉം.

മുസ്ലിം വിരുദ്ധ കലാപത്തിന്റെ ഭാഗമായി നൂറുകണക്കിന് മുസ്ലിം സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി. നിമിഷങ്ങള്‍ക്കകം ഞങ്ങള്‍ തല മറച്ചുപിടിച്ച് വീടിന്റെ പിന്‍വാതിലിലൂടെ പുറത്തിറങ്ങി, ഒരു അയല്‍ക്കാരന്റെ മോട്ടോര്‍ സൈക്കിളില്‍ കയറി. സിഖുകാര്‍ താമസിച്ചിരുന്ന സ്ഥലത്തെ ഒരു വീട്ടിലേക്കാണ് ഞങ്ങളെ കൊണ്ടുപോയത്. അവിടെ ഒരു വീട്ടില്‍ ഞാനും ചേച്ചിയും രണ്ടുമാസം അഭയാര്‍ത്ഥികളായി കഴിഞ്ഞു. ഞങ്ങളുടെ കുടുംബവുമായി ഞങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള ബന്ധവും ഉണ്ടായിരുന്നില്ല.

അച്ഛനെയും അമ്മയെയും കുറിച്ചും വീട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ചും ഞാന്‍ ചേച്ചിയോട് ചോദിക്കുകയും പൊട്ടിക്കരയുകയും ചെയ്തു. അന്ന് മുതല്‍ ഞങ്ങള്‍ മുസ്ലിങ്ങളായി… സമൂഹത്തില്‍നിന്നും ഭ്രഷ്ടരായി… അക്രമികളായി…. ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ഒന്നും പഴയതുപോലെയായിരുന്നില്ല. ഞങ്ങളുടെ അയല്‍വാസികള്‍ ഇനിമേല്‍ അയല്‍വാസികളല്ല – അവരിപ്പോള്‍ ഹിന്ദുക്കളാണ്. തൊട്ടടുത്ത മാസം ആയിരക്കണക്കിന് മുസ്ലിം കുടുംബങ്ങളെപ്പോലെ എന്റെ കുടുംബവും മുസ്ലിങ്ങള്‍ അധിവസിക്കുന്ന ഒരു ചേരിപ്രദേശത്തേക്ക് താമസം മാറി.

രാജ്യത്തിന്റെ കണ്ണില്‍ ഞങ്ങള്‍ ആദ്യം മുസ്ലിങ്ങളും പിന്നീട് മാത്രം ഇന്ത്യക്കാരുമായി. എന്നെ മുംബൈയുടെ പ്രാന്ത പ്രദേശമായ ദേവ്നറിലെ ഒരു സ്‌കൂളില്‍ ചേര്‍ത്തു. അവിടെ വെച്ച് ഞാന്‍ ആദ്യമായി, എന്റെ സഹപാഠികളാല്‍ ‘ലാന്ത്യ’ എന്ന് വിളിക്കപ്പെട്ടു. മുംബൈയിലെ വലതുപക്ഷ മാധ്യമങ്ങളുടെ എഡിറ്റര്‍മാരാല്‍ പ്രസിദ്ധിയാര്‍ജിച്ച വാക്കാണ് അത്. (മുസ്ലിം വ്യക്തികളെ അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന മറാത്തി വാക്ക്)

ശനിയാഴ്ച, ബാബ്റി മസ്ജിദ് തകര്‍ത്തത് നിയമലംഘനം തന്നെയാണെന്ന് പറഞ്ഞ സുപ്രീംകോടതി, മസ്ജിദ് തകര്‍ത്ത അതേ ആളുകള്‍ക്ക് അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള അനുമതി നല്‍കി. മുസ്ലിങ്ങള്‍ക്ക് മറ്റൊരിടത്ത് ഭൂമി നല്‍കാമെന്ന് പറയുകയും ചെയ്തത് അവരുടെ വിധിയുടെ ഉദാഹരണമാണ്.

എന്റെ രാജ്യം എന്നെയും ലക്ഷക്കണക്കിന് മുസ്ലിങ്ങളെയും ‘മറ്റുള്ളവരായി’ ചിത്രീകരിച്ച് വലതുപക്ഷ ദേശീയവാദികള്‍ക്ക് അവരുടെ സ്വപ്നമായ ഹിന്ദു രാഷ്ട്രം പടുത്തുയര്‍ത്താനുള്ള വഴിയൊരുക്കിയിരിക്കുകയാണ്.

1992ല്‍ ആയിരത്തോളം മുസ്ലിം ജീവിതങ്ങളെ ഇല്ലാതാക്കിയ കലാപത്തിനും മസ്ജിദ് തകര്‍ത്തതിനും കുറ്റക്കാരായവര്‍ പ്രായശ്ചിത്തത്തിനല്ല മറിച്ച്, ആഹ്ലാദപ്രകടനത്തിനാണ് ക്ഷണിക്കപ്പെട്ടത്.

മുസ്ലിങ്ങളെ രണ്ടാംകിട പൗരന്മാരായി സങ്കല്‍പിക്കുന്ന വലതുപക്ഷ മേല്‍ക്കോയ്മയുടെ ഇന്ത്യന്‍ പുനര്‍നിര്‍മ്മാണം രാജ്യത്തെ മുസ്ലിങ്ങളെ മുഴുവന്‍ പേടിയിലാഴ്ത്തുകയാണ്. രാജ്യത്തെ 20 കോടി മുസ്ലിങ്ങളുടെ ഇടയിലേക്ക്, അവര്‍ ഏതുതരത്തിലുള്ള അപമാനവും അനീതിയും സഹിക്കേണ്ടവരാണെന്നും അതെല്ലാം നിശബ്ദം ഏറ്റുവാങ്ങേണ്ടവരാണെന്നുമുള്ള സന്ദേശമാണ് ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കുന്നത്.

ഞങ്ങളുടേതായിരുന്ന, ഞങ്ങള്‍ പരിലാളിച്ച, ഞങ്ങള്‍ സ്നേഹിച്ച ഭൂമിയില്‍ ഞാനും ലക്ഷക്കണക്കിന് എന്റെ സഹ വിശ്വാസികളും വീണ്ടും അനാഥരായി. ബ്രിട്ടീഷ് അധിനിവേശത്തില്‍നിന്നും സ്വാതന്ത്ര്യം നേടിയെടുക്കാന്‍ പോരാടിയ വിപ്ലവകാരികളിലും സ്വാതന്ത്ര്യ സമര പോരാളികളിലും ഞങ്ങളുടെ പൂര്‍വ്വികരുമുണ്ടായിരുന്നു. എന്റെ പാരമ്പര്യത്തെയും നിലനില്‍പിനെയും ഇല്ലാതാക്കിക്കൊണ്ടുള്ള പുതിയ ഇന്ത്യയിലെ സ്വാതന്ത്ര്യത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു.

മാധ്യമപ്രവര്‍ത്തകയായ റാണ അയൂബ് വാഷിങ്ടണ്‍ പോസ്റ്റിലെഴുതിയ ലേഖനത്തിന്റെ പരിഭാഷ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

 

റാണ അയ്യൂബ്
മാധ്യമപ്രവര്‍ത്തക, എഴുത്തുകാരി