'നിങ്ങള്‍ക്കൊപ്പം നിന്ന് പോരാടുമെന്ന് കരുതുന്നവര്‍ പെട്ടെന്ന് നിറം മാറിയാല്‍ അത് വേദനിപ്പിക്കും'; നടിയെ ആക്രമിച്ച കേസില്‍ സാക്ഷികള്‍ കൂറുമാറിയതില്‍ പ്രതികരിച്ച് രമ്യ നമ്പീശന്‍
Avalkoppam
'നിങ്ങള്‍ക്കൊപ്പം നിന്ന് പോരാടുമെന്ന് കരുതുന്നവര്‍ പെട്ടെന്ന് നിറം മാറിയാല്‍ അത് വേദനിപ്പിക്കും'; നടിയെ ആക്രമിച്ച കേസില്‍ സാക്ഷികള്‍ കൂറുമാറിയതില്‍ പ്രതികരിച്ച് രമ്യ നമ്പീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th September 2020, 6:52 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സാക്ഷികള്‍ കൂറുമാറിയതില്‍ പ്രതികരിച്ച് നടി രമ്യാ നമ്പീശന്‍. നിങ്ങള്‍ക്കൊപ്പം നിന്ന് പോരാടുന്നവരെന്ന് നിങ്ങള്‍ കരുതുന്നവര്‍ പെട്ടന്ന് നിറം മാറിയാല്‍ അത് ആഴത്തില്‍ വേദനിപ്പിക്കുമെന്നാണ് രമ്യ നമ്പീശന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

വഞ്ചന എങ്ങനെയാണ് സഹിക്കാന്‍ കഴിയുന്നതെന്നും രമ്യ നമ്പീശന്‍ പറഞ്ഞു. ‘കേസുകളില്‍ സാക്ഷികള്‍ കൂറുമാറുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ ആക്രമണത്തിനിരയായത് നിങ്ങളുടെ സ്വന്തം ആളാണെങ്കില്‍ അവരെ എങ്ങനെയാണ് വഞ്ചിക്കാന്‍ സാധിക്കുക’, രമ്യ നമ്പീശന്‍ ചോദിച്ചു.

നീതിക്കായുള്ള പോരാട്ടം തുടരുമെന്നും ഒടുക്കം സത്യം ജയിക്കുമെന്നും രമ്യ നമ്പീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതിജീവിക്കുന്നവള്‍ക്കും മറ്റെല്ലാ സ്ത്രീകള്‍ക്കും വേണ്ടി പോരാട്ടം തുടരുകയാണെന്നും അവള്‍ക്കൊപ്പം ഹാഷ്ടാഗോടുകൂടി രമ്യ കൂട്ടിച്ചേര്‍ത്തു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ചലച്ചിത്രതാരങ്ങളായ സിദ്ദിഖും ഭാമയും കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു.
അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സല്‍ നടക്കുന്ന സമയത്ത് ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ തര്‍ക്കം ഉണ്ടായിട്ടുണ്ടെന്നാണ് നേരത്തേ സിദ്ദീഖും ഭാമയും മൊഴി നല്‍കിയിരുന്നത്.

എന്നാല്‍ കോടതിയില്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇടവേളബാബു, ബിന്ദു പണിക്കര്‍, സിദ്ദീഖ്, ഭാമ എന്നിവര്‍ കൂറുമാറിയതുമായി ബന്ധപ്പെട്ട് നടി രേവതിയും രംഗത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight:ramya nambeesan facebook post against bhama and siddique recant their testimony