സാധാരണക്കാരുടെ പ്രശ്‌നം ഉന്നയിച്ചതിനാണ് സസ്‌പെന്‍ഷന്‍; ഉത്തരവാദിത്തം നിറവേറ്റുക തന്നെ ചെയ്യും: രമ്യ ഹരിദാസ്
Kerala News
സാധാരണക്കാരുടെ പ്രശ്‌നം ഉന്നയിച്ചതിനാണ് സസ്‌പെന്‍ഷന്‍; ഉത്തരവാദിത്തം നിറവേറ്റുക തന്നെ ചെയ്യും: രമ്യ ഹരിദാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th July 2022, 5:21 pm

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ വിലക്കയറ്റം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടതിനാണ് താന്‍ ഉള്‍പ്പെടെയുള്ള നാല് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്ന് രമ്യ ഹരിദാസ് എം.പി. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചതിതിനാണ് സസ്‌പെന്‍ഷനെന്നും നടപടി ജനാധിപത്യ വിരുദ്ധമാണെന്നും രമ്യ ഹരിദാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഒരു ഗ്യാസ് സിലിണ്ടറിന് വില ആയിരത്തിനു മുകളിലാണ്. ഇന്ധന വില കൂടിയതോടെ പലചരക്ക് സാധനങ്ങള്‍ക്ക് വിലകൂടി. ജി.എസ്.ടിയുടെ നിരക്ക്  വര്‍ധന നടപ്പിലാക്കിയതോടെ അരി അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വീണ്ടും വര്‍ധിച്ചു. ഈ രാജ്യത്തെ സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടായിരിക്കുന്നു.

കോടിക്കണക്കിന് രൂപയുടെ പ്രതിമകള്‍ സ്ഥാപിക്കുമ്പോഴും സാധാരണക്കാരന്റെ അരവയറിനെക്കുറിച്ച് ബോധമില്ലാത്തവരെ ഉണര്‍ത്തേണ്ടത് പാര്‍ലമെന്റിലല്ലാതെ പിന്നെ എവിടെയാണ്. ഒരു സാധാരണ കുടുംബത്തില്‍ നിന്നും വരുന്ന എനിക്കറിയാം ഇന്ന് ഓരോ ദിവസവും തള്ളി നീക്കാന്‍ ഓരോ കുടുംബവും എത്രമാത്രം പ്രയാസപ്പെടുന്നുണ്ടെന്ന്.

പാചകവാതകത്തിന്റെ വിലവര്‍ധനവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുക തന്നെ വേണം.ജനാധിപത്യ സംവിധാനത്തില്‍ അതിനുള്ള വേദി തന്നെയാണ് പാര്‍ലമെന്റെന്നും രമ്യ പറഞ്ഞു.

സാധാരണക്കാരന്റെ ശബ്ദമായതിന്, സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചതിന്, സഭാ നടപടികളില്‍ നിന്ന് എന്നെയും സഹപ്രവര്‍ത്തകരെയും സസ്‌പെന്‍ഡ് ചെയ്തത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം തുടരുക തന്നെ ചെയ്യും. പൊതുജനങ്ങള്‍ ജനങ്ങളിലേല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റുക തന്നെ ചെയ്യുമെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റില്‍ പ്രതിഷേധിച്ചതിന് ടി.എന്‍. പ്രതാപന്‍, രമ്യ ഹരിദാസ് ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് എം.പിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. മാണിക്യം ടാഗോര്‍, ജ്യോതി മണി എന്നിവരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട മറ്റ് എം.പിമാര്‍. സഭാ കാലയളവ് വരെ സസ്പെന്‍ഷന്‍ തുടരും. പാര്‍ലമെന്റില്‍ രണ്ടാം ആഴ്ചയും കനത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.

വിലക്കയറ്റം, ജി.എസ്.ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ഇന്ന് പ്രതിപക്ഷം ഉയര്‍ത്തിയത്. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധം കനത്തതോടെയായിരുന്നു സ്പീക്കര്‍ ഓം ബിര്‍ല കര്‍ശനമായ നടപടി സ്വീകരിച്ചത്. പ്രതിഷേധം കനത്തതോടെ സഭാ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

Content Highlights: Ramya Haridas MP said that four MPs, including herself, have been suspended for demanding that price hike be discussed in Parliament