സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനോട് വ്യക്തിപരമായി എതിര്‍പ്പില്ല, പക്ഷേ അവിടെ എന്റെ നിലപാടിന് പ്രസക്തിയില്ല: രമേഷ് പിഷാരടി
Film News
സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനോട് വ്യക്തിപരമായി എതിര്‍പ്പില്ല, പക്ഷേ അവിടെ എന്റെ നിലപാടിന് പ്രസക്തിയില്ല: രമേഷ് പിഷാരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st January 2023, 10:29 pm

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനോട് തനിക്ക് വ്യക്തിപരമായി എതിര്‍പ്പില്ലെന്ന് നടന്‍ രമേഷ് പിഷാരടി. എന്നാല്‍ തന്റെ വ്യക്തിപരമായ നിലപാടിന് പ്രസക്തിയില്ലെന്നും കുറെ ആളുകളുടെ വിശ്വാസത്തിന്റെ കാര്യമാണിതെന്നും പിഷാരടി പറഞ്ഞു. മാളികപ്പുറം എന്ന സിനിമയുടെ ഭാഗമായി  നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പിഷാരടി.

‘എന്റെ വ്യക്തിപരമായ നിലപാടിന് ഇവിടെ പ്രസക്തിയില്ല. ഒരുപാട് പേര്‍ പിടിച്ചുനില്‍ക്കുന്ന വിശ്വാസത്തിന്റെ, അതില്‍ ജീവിക്കുന്ന കുറെ ആളുകളുണ്ട്. എനിക്ക് പുരോഗമനമുണ്ട് അല്ലെങ്കില്‍ എനിക്ക് വളരെയധികം ചിന്ത കൂടിയിട്ടുണ്ട് എന്ന് കരുതി എന്റെ ചിന്ത മറ്റൊരാളിലേക്ക് കടത്താനാവില്ല.

സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനോട് എനിക്ക് വ്യക്തിപരമായി എതിര്‍പ്പൊന്നുമില്ല. പക്ഷേ അതുകൊണ്ട് നാളെ ഞാന്‍ നാല് സ്ത്രീകളെ അവിടെ കയറ്റണമെന്നും നിര്‍ബന്ധമില്ല. അത് അവരുടെ ചോയ്‌സ് ആണല്ലോ. എനിക്ക് ഇതൊരു വിഷയമാണോ അല്ലയോ എന്നത് അവിടെ വിഷയമല്ല. അവിടെ എന്താണോ വിഷയം അതിനാണ് പ്രസക്തി കൂടുതല്‍.

ഇവിടെ ഒരു സമൂഹമുണ്ട്. അതിലേക്ക് ജനിച്ചു വീഴുന്ന ഓരോ കുട്ടിയേയും പത്തിരുപത് വര്‍ഷം ട്രെയ്ന്‍ ചെയ്‌തെടുക്കുകയാണ്. ആളുകള്‍ കൂടി സമൂഹം ഉണ്ടായതൊക്കെ പതിനായിരം വര്‍ഷം മുമ്പാണ്. വളരെ സിസ്റ്റമാറ്റിക്കായ ഒരു സമൂഹം ഇവിടെയുണ്ട്. ഇവിടെ ജനിക്കുന്ന ഓരോ കൊച്ചിനേയും അതിലേക്ക് എടുക്കുകയാണ്.’ പിഷാരടി പറഞ്ഞു.

ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം കഴിഞ്ഞ ഡിസംബര്‍ 30നാണ് റിലീസ് ചെയ്തത്. വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്. കല്ലു, ദേവനന്ദ, മനോജ് കെ. ജയന്‍, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, സമ്പത് റാം എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് മാളികപ്പുറത്തിന്റെ നിര്‍മാണം.

Content Highlight: ramesh pisharody talks about sabarimala issue