ആരേയും ഇരുട്ടില്‍ നിര്‍ത്തരുത്; പ്രശ്‌നപരിഹാരത്തിന് എ.ഐ.സി.സി മുന്നിട്ടിറങ്ങണമെന്ന് ചെന്നിത്തല
Kerala News
ആരേയും ഇരുട്ടില്‍ നിര്‍ത്തരുത്; പ്രശ്‌നപരിഹാരത്തിന് എ.ഐ.സി.സി മുന്നിട്ടിറങ്ങണമെന്ന് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th September 2021, 8:37 pm

തിരുവനന്തപുരം: മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തി കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാകില്ലെന്ന് ആവര്‍ത്തിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ.ഐ.സി.സി പ്രതിനിധി താരീഖ് അന്‍വറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും അതിനുള്ള സാഹചര്യം ഒരുക്കാന്‍ എ.ഐ.സി.സി മുന്‍കൈയെടുക്കണമെന്നും ചര്‍ച്ചയ്ക്ക് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

‘ആരെയും ഇരുട്ടില്‍ നിര്‍ത്തുന്നത് ശരിയല്ല. മുതിര്‍ന്ന നേതാക്കളായ വി.എം. സുധീരനുമായും മുല്ലപ്പള്ളി രാമചന്ദ്രനുമായും ചര്‍ച്ച നടത്തണം,’ അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും എ.ഐ.സി.സിയില്‍ നിന്നും രാജിവെച്ച നിലപാടില്‍ നിന്ന് മാറ്റമില്ലെന്ന് വി.എം. സുധീരന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ തെറ്റായ ശൈലിയും അനഭിലഷണീയ പ്രവണതയുമുണ്ടായി. രാജി പിന്‍വലിക്കില്ല. ഉചിതമായ മാറ്റമുണ്ടാകുമോയെന്ന് നോക്കും,’ സുധീരന്‍ പറഞ്ഞു.

നാല് പേര്‍ ചേര്‍ന്ന് മാത്രം തീരുമാനങ്ങളെടുക്കുന്നത് ശരിയല്ല. കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേരാത്ത പ്രവണതയുണ്ടായി.

ഒരു സ്ഥാനവുമില്ലെങ്കിലും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേതൃത്വത്തിനെതിരെ കടുത്ത നിലപാടില്‍ തുടരാന്‍ തന്നെയാണ് സുധീരന്റെ തീരുമാനം. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സുധീരനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.

ഒരു നിലപാട് എടുത്താല്‍ അതില്‍ നിന്നും പിന്‍വാങ്ങാത്തയാളാണ് സുധീരന്‍ എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം സതീശന്‍ പറഞ്ഞത്. പത്ത് സതീശന്‍ വിചാരിച്ചാലും സുധീരന്റെ നിലപാട് മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പുനസംഘടനാ ചര്‍ച്ചയില്‍ നിന്നൊഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് സുധീരന്‍ നേതൃത്വത്തിനെതിരെ രാജിയടക്കമുള്ള നടപടികളുമായി രംഗത്തുവന്നിരിക്കുന്നത്. ഇതു കൂടാതെ ദേശീയ നേതൃത്വം തനിക്ക് വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നും സുധീരന് പരാതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ramesh Chennithala VM Sudheeran Congress AICC