മുഖ്യമന്ത്രി 'പാഷാണം വര്‍ക്കി',വിശ്വാസിയുടേയും നവോത്ഥാന നായകന്റെയും പട്ടം അഴിച്ചുവെക്കുന്നതാണ് നല്ലതെന്നും ചെന്നിത്തല
KERALA BYPOLL
മുഖ്യമന്ത്രി 'പാഷാണം വര്‍ക്കി',വിശ്വാസിയുടേയും നവോത്ഥാന നായകന്റെയും പട്ടം അഴിച്ചുവെക്കുന്നതാണ് നല്ലതെന്നും ചെന്നിത്തല
ന്യൂസ് ഡെസ്‌ക്
Sunday, 13th October 2019, 8:55 pm

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെ പാഷാണം വര്‍ക്കിയെന്ന് വിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഞ്ചേശ്വരത്ത് വിശ്വാസിയാകുമ്പോള്‍ മറ്റു മണ്ഡലങ്ങളില്‍ അദ്ദേഹം നവോത്ഥാന നായകന്റെ പട്ടം എടുത്തിടുമെന്നും ചെന്നിത്തല ആരോപിച്ചു. ഏഷ്യനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശബരിമല യുവതീപ്രവേശത്തില്‍ സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തില്‍ വിശ്വാസിയുടേയും നവോത്ഥാന നായകന്റെയും പട്ടം അങ്ങ് അഴിച്ചുവെക്കുന്നതാണ് പിണറായിക്ക് നല്ലതെന്നും ചെന്നിത്തല പറഞ്ഞു.

മഞ്ചേശ്വരത്തെ ഇടതു സ്ഥാനാര്‍ഥി ശങ്കര്‍ റൈയെ ‘കപടഹിന്ദു’എന്ന് വിളിച്ച ചെന്നിത്തലയ്‌ക്കെതിരേ മുഖ്യമന്ത്രി മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മറുപടി പറഞ്ഞിരുന്നു. ‘ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്ത് ആരാണു വെച്ചു തന്നത്’ എന്നാണ് പിണറായി ചോദിച്ചത്.

എന്നാല്‍ ‘നവോത്ഥാനത്തിന്റെ അട്ടിപ്പേറവകാശം എന്റെ കക്ഷത്താക്കാന്‍ ശ്രമിച്ചിട്ട് നടന്നില്ല എന്നും അതിന്റെ ജാള്യതയിലാണ് അദ്ദേഹം എന്റെ നേര്‍ക്ക് തീര്‍ക്കുന്നത്’ എന്നും ചെന്നിത്തല തിരിച്ചടിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

താന്‍ തികഞ്ഞ മതേതരവാദിയാണെന്നും ആ നിലപാടുമായേ മുന്നോട്ടുപോകൂ എന്നും ചെന്നിത്തല വ്യക്തമാക്കി.

പരസ്പരവിരുദ്ധമായ നിലപാടുകളാണ് മഞ്ചേശ്വരത്തും മറ്റ് നാല് മണ്ഡലങ്ങളും മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ശബരിമലയില്‍ നിലപാട് തെറ്റപ്പോയെന്ന് പറയാന്‍ താങ്കള്‍ തയ്യാറാകാത്തതെന്താണ്? അപ്പോള്‍ ഇപ്പോഴും സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്നല്ലേ അതിനര്‍ഥം? മണ്ഡല മകരവിളക്ക് കാലം വരാന്‍ പോകുന്നു. അപ്പോള്‍ യുവതികളെ കയറ്റാന്‍ അദ്ദേഹം തയ്യാറാകുമോ? ആ നടപടികളുമായോ മുഖ്യമന്ത്രി മുന്നോട്ടു പോവുന്നത്? ചെന്നിത്തല ചോദിച്ചു.

മുഖ്യമന്ത്രി എന്ന നിലയിലല്ല പലപ്പോഴും പിണറായി സംസാരിക്കുന്നത്. മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്നും സ്ഥലജല വിഭ്രാന്തിയാണെന്നും ഇവിടൊന്നും പറയാതെ മഞ്ചേശ്വരത്ത് പോയി ഇതു പറഞ്ഞതിന്റെ അര്‍ഥം ജനങ്ങള്‍ക്ക് മനസിലാകും എന്നും ചെന്നിത്തല പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.എസ്.എസിന്റെ ശരിദൂരം നിലപാടിനെ ചെന്നിത്തല സ്വാഗതം ചെയ്തു. എന്‍.എസ്.എസ് ശരിദൂരം പ്രഖ്യാപിച്ചപ്പോള്‍ ഇടത് നേതാക്കള്‍ അവര്‍ക്കെതിരായി എന്നും ചെന്നിത്തല ആരോപിച്ചു.