'പിണറായി വിജയന്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്'; പൗരത്വ നിയമത്തിനെതിരെയുള്ള സംയുക്ത സമരത്തിന് ഇനിയില്ലെന്ന് രമേശ് ചെന്നിത്തല
kERALA NEWS
'പിണറായി വിജയന്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്'; പൗരത്വ നിയമത്തിനെതിരെയുള്ള സംയുക്ത സമരത്തിന് ഇനിയില്ലെന്ന് രമേശ് ചെന്നിത്തല
ന്യൂസ് ഡെസ്‌ക്
Tuesday, 14th January 2020, 6:46 pm

ന്യൂദല്‍ഹി: പൗരത്വ നിയമത്തിനെതിരെ സംയുക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ഇനിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ സമയത്തും സംയുക്തമായി പ്രതിഷേധങ്ങള്‍ നടത്താനാവില്ലെന്നും ഭരണപക്ഷവുമായി ഒന്നിച്ചുള്ള സമരം ഒരു സന്ദേശമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. അതിനുശേഷമുള്ള സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹിയില്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോടൊപ്പം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ചെന്നിത്തല ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ‘സി.പി.ഐ.എമ്മും എല്‍.ഡി.എഫും സമരം ഏകപക്ഷീയമായി മുന്നോട്ടു കൊണ്ടുപോവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. സമരങ്ങളെയെല്ലാം സ്വന്തം നേട്ടമാക്കി മാറ്റാന്‍ ശ്രമിച്ചു. എല്ലാം അവരുടെ മാത്രം നേട്ടമാണെന്നാണ് എല്‍.ഡി.എഫ് പ്രചരിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് യോജിച്ച സമരത്തില്‍നിന്ന് പിന്മാറുന്നത്’, ചെന്നിത്തല പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രനെ മുഖ്യമന്ത്രി ഒറ്റതിരിഞ്ഞ് അക്രമിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഇത്തരം ആക്രമണങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ഇത് മുഖ്യമന്ത്രിയുടെ പദവിക്ക് ചേര്‍ന്ന നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് സി.പി.ഐ.എമ്മിന്റെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും ഒറ്റയ്ക്ക് സമരം നയിക്കാനുള്ള ശേഷി യു.ഡി.എഫിനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ