സി.പി.ഐ.എം നേതാക്കളുടെ അറസ്റ്റ് സി.ബി.ഐ അന്വേഷണം വരുമെന്ന് കണ്ടതോടെയുള്ള നാടകം: ചെന്നിത്തല
Kerala
സി.പി.ഐ.എം നേതാക്കളുടെ അറസ്റ്റ് സി.ബി.ഐ അന്വേഷണം വരുമെന്ന് കണ്ടതോടെയുള്ള നാടകം: ചെന്നിത്തല
ന്യൂസ് ഡെസ്‌ക്
Wednesday, 15th May 2019, 2:14 pm

തിരുവനന്തപുരം: കാസര്‍കോഡ് പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി.പി.ഐ.എം നേതാക്കളുടെ അറസ്റ്റ് സി.ബി.ഐ അന്വേഷണം വരുമെന്ന് കണ്ടതോടെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അറസ്റ്റിലായ സി.പി.ഐ.എം ഉദുമ ഏരിയ സെക്രട്ടറിയേയും കല്യോട്ട് ബ്രാഞ്ച് സെക്രട്ടറിയേയും രക്ഷപ്പെടുത്താന്‍ വേണ്ടിയുള്ള അറസ്റ്റ് നാടകമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

സ്റ്റേഷന്‍ ജാമ്യം കിട്ടുന്ന വകുപ്പ് ഉപയോഗിച്ച് അറസ്റ്റ് ചെയ്യുക വഴി അവരെ രക്ഷപ്പെടുത്താനാണ് പോലീസ് ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

ഇരട്ടക്കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്നലെയാണ് പെരിയ ഇരട്ടക്കൊലപാതകത്തില്‍ രണ്ട് സി.പി.ഐ.എം നേതാക്കളെ അറസ്റ്റ് ചെയ്തത്. സി.പി.ഐ.എം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരുടെ അറസ്റ്റാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

തെളിവ് നശിപ്പിച്ചതിനും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനുമാണ് മണികണ്ഠനെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു എന്ന കുറ്റത്തിനാണ് ബാലകൃഷ്ണനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.