എസ്.ആര്‍.ഐ.ടിക്ക് കരാര്‍ നല്‍കിയത് മുന്‍കൂട്ടിയുളള തിരക്കഥ അനുസരിച്ച്; കമ്പനികള്‍ പിന്മാറിയത് അഴിമതിയെന്ന് അറിഞ്ഞതിനാല്‍: രമേശ് ചെന്നിത്തല
Kerala News
എസ്.ആര്‍.ഐ.ടിക്ക് കരാര്‍ നല്‍കിയത് മുന്‍കൂട്ടിയുളള തിരക്കഥ അനുസരിച്ച്; കമ്പനികള്‍ പിന്മാറിയത് അഴിമതിയെന്ന് അറിഞ്ഞതിനാല്‍: രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th May 2023, 1:35 pm

തിരുവനന്തപുരം: എ.ഐ ക്യാമറ വിവാദത്തില്‍ അഴിമതിയാണെന്ന് അറിഞ്ഞത് കൊണ്ടാണ് അല്‍ഹിന്ദും ലൈറ്റ് മാസ്റ്ററും കരാറില്‍ നിന്ന് പിന്‍മാറിയതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാര്‍ കിട്ടാത്ത കമ്പനികള്‍ അല്ല വിവരങ്ങള്‍ പുറത്ത് വിട്ടതെന്നും കരാറില്‍ നിന്ന് പിന്‍വാങ്ങിയ കമ്പനികളാണെന്നും അദ്ദേഹം പറഞ്ഞു.

‘കരാര്‍ കിട്ടാത്ത കമ്പനികളല്ല വിവരങ്ങള്‍ പുറത്ത് വിട്ടത്. കരാറില്‍ നിന്ന് പിന്‍വാങ്ങിയ കമ്പനികളാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. അല്‍ഹിന്ദ് ആണെങ്കിലും ലൈറ്റ് മാസ്റ്റര്‍ ആണെങ്കിലും കരാറില്‍ നിന്ന് പിന്‍വാങ്ങിയ കമ്പനികളാണ്. കരാര്‍ കിട്ടിയത് എസ്.ആര്‍.ഐ.ടിക്ക് ആണ്. എസ്.ആര്‍.ഐ.ടി ആണ് അത് പ്രസാഡിയോക്ക് നല്‍കിയത്. പ്രസാഡിയോ ആണ് അല്‍ഹിന്ദിനും ലൈറ്റ് മാസ്റ്റര്‍ക്കും കരാര്‍ നല്‍കാന്‍ ശ്രമിച്ചത്. അഴിമതിയാണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് ഈ കമ്പനികള്‍ പിന്മാറിയതെന്ന് കമ്പനികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്,’ ചെന്നിത്തല പറഞ്ഞു.

മുന്‍കൂട്ടിയുളള തിരക്കഥ അനുസരിച്ചാണ് എസ്.ആര്‍.ഐ.ടിക്ക് കരാര്‍ നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. കെല്‍ട്രോണിനെ മുന്‍നിര്‍ത്തി കൊണ്ടുള്ള അഴിമതിയാണ് നടന്നതെന്നും ആ അഴിമതി എന്തുകൊണ്ട് സര്‍ക്കാര്‍ അന്വേഷിക്കാന്‍ തയ്യാറാകുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.

‘കെല്‍ട്രോണിനെ മുന്‍നിര്‍ത്തി കൊണ്ടുള്ള അഴിമതിയാണ് ഇവിടെ നടന്നത്. ആ അഴിമതി എന്തുകൊണ്ട് സര്‍ക്കാര്‍ അന്വേഷിക്കാന്‍ തയ്യാറാകുന്നില്ല. കെല്‍ട്രോണ്‍ കരാര്‍ വിളിച്ചപ്പോള്‍ നാല് കമ്പനികള്‍ രംഗത്ത് വന്നു. എന്നാല്‍ ഇതില്‍ ഒന്ന് ഡിസ്‌ക്വാളിഫൈ ആയി. പിന്നെ അക്ഷര, അശോക, എസ്.ആര്‍.ഐ.ടി എന്നീ കമ്പനികളാണ് ഉണ്ടായിരുന്നത്. അതില്‍ അക്ഷരക്ക് ടെന്‍ഡറില്‍ പങ്കെടുക്കാനുള്ള യാതൊരു യോഗ്യതയുമില്ല. ടെന്‍ഡര്‍ തന്നെ ഡിഫെക്ടിവ് ആണ്. മുന്‍കൂട്ടിയുളള തിരക്കഥ അനുസരിച്ചാണ് എസ്.ആര്‍.ഐ.ടിക്ക് കൊടുക്കാനുള്ള തീരുമാനം ഉണ്ടായത്,’

എസ്.ആര്‍.ഐ.ടി തനിക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

‘എസ്.ആര്‍.ഐ.ടി എനിക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.  ഒരാഴ്ചക്കകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇതിനുള്ള മറുപടി നല്‍കുന്നുണ്ട്. വക്കീല്‍ നോട്ടീസില്‍ എന്താണ് അപകീര്‍ത്തികരമായി ഞാന്‍ പറഞ്ഞതെന്ന് പറയുന്നില്ല. അതിനെ ഞങ്ങള്‍ നിയമപരമായി നേരിടും,’ ചെന്നിത്തല പറഞ്ഞു.

എസ്.ആര്‍.ഐ.ടിയുടെ എല്ലാ കള്ളത്തരങ്ങളും പുറത്ത് കൊണ്ട വരുമെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ വ്യവസായ സെക്രട്ടറി ആഴ്ചകള്‍ കഴിഞ്ഞിട്ടും എന്താണ് റിപ്പോര്‍ട്ട് നല്‍കാത്തതെന്നും അദ്ദേഹം ചോദിച്ചു.

‘എസ്.ആര്‍.ഐ.ടിയുടെ എല്ലാ കള്ളത്തരങ്ങളും ഞങ്ങള്‍ പുറത്ത് കൊണ്ട് വരും. കെല്‍ട്രോണ്‍ എസ്.ആര്‍.ഐ.ടിക്ക് കരാര്‍ കൊടുത്തത് മുന്‍ ധാരണപ്രകാരമാണ്. ടെന്‍ഡറില്‍ പങ്കെടുക്കുന്ന കമ്പനികള്‍ എസ്.ആര്‍.ഐ.ടിയുമായി ബന്ധമുളളവയാണ്. 100 കോടി രൂപയില്‍ താഴെ വരുന്ന ഒരു പദ്ധതിയാണ് 232 കോടി രൂപക്ക് ഇവര്‍ തീരുമാനിച്ചത്. ഇതേപ്പറ്റി അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ വ്യവസായ സെക്രട്ടറി ആഴ്ചകള്‍ കഴിഞ്ഞിട്ടും എന്താണ് റിപ്പോര്‍ട്ട് നല്‍കാത്തത്. റിപ്പോര്‍ട്ട് പുറത്ത് വരാത്തതിന് പിന്നിലും കള്ളക്കളികളുണ്ട്. ആര് അന്വേഷിച്ചാലും ഇത് തട്ടിപ്പാണെന്ന് ബോധ്യപ്പെടുമെന്നുള്ളത് കൊണ്ടാണ് റിപ്പോര്‍ട്ട് പുറത്ത് വരാത്തത്. കെല്‍ട്രോണിനെ വെള്ള പൂശി സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കാനാകില്ല. അതുകൊണ്ടാണ് റിപ്പോര്‍ട്ട് വൈകുന്നത്.

ക്യാബിനറ്റ് രേഖ തന്നെ വ്യക്തമാക്കുന്നുണ്ട് ക്രമരഹിതമായാണ് കാര്യങ്ങള്‍ ചെയ്തത്. നിയമ വിരുദ്ധമായും ക്രമവിരുദ്ധമായും ചെയ്ത കാര്യങ്ങള്‍ ഇനിയും പുനഃപരിശോധിക്കാന്‍ കഴിയില്ല. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് തന്നെ അനുവാദം നല്‍കുകയും ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തതുകൊണ്ട് ക്യാബിനറ്റ് അംഗീകരിക്കണമെന്നാണ് പറയുന്നത്. ചട്ടവിരുദ്ധമായി ചെയ്ത കാര്യത്തിന് ക്യാബിനറ്റ് അംഗീകാരം നല്‍കിയത് വലിയ തെറ്റാണ്. ജനതാല്‍പര്യത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ക്യാബിനറ്റ് ആയിരുന്നെങ്കില്‍ തള്ളിക്കളയണമായിരുന്നു. ഇതിന്റെ ഗുണഭോക്താക്കള്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ ആയത് കൊണ്ടാണ് ഈ കരാര്‍ അംഗീകരിച്ച് കൊടുത്തത്,’ അദ്ദേഹം കുറ്റപ്പെടുത്തി.

എം.വി ഗോവിന്ദന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതികളെ പൂര്‍ണമായും ന്യായീകരിക്കുകയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.

Contenthighlight: Ramesh chennithala about AI Camera contravercy