ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിടുന്നതിനെ കുറിച്ച് ഒന്നുമറിയില്ല, വിജയസാധ്യതയാണ് സീറ്റ് നിര്‍ണയത്തിലെ മാനദണ്ഡം: രമേശ് ചെന്നിത്തല
Kerala News
ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിടുന്നതിനെ കുറിച്ച് ഒന്നുമറിയില്ല, വിജയസാധ്യതയാണ് സീറ്റ് നിര്‍ണയത്തിലെ മാനദണ്ഡം: രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st January 2021, 8:30 am

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിടുന്നത് അറിയില്ലെന്ന് പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ട് തിരുവനന്തപുരത്തെ നേമത്ത് സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

‘ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ടുപോകുമെന്നുള്ളത് എനിക്ക് ഒരു പുതിയ വാര്‍ത്തയാണ്. അതേകുറിച്ച് എനിക്കൊന്നുമറിയില്ല. ഏതായാലും ശരി, വിജയസാധ്യതയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള മാനദണ്ഡം. പുതുമുഖങ്ങള്‍ക്കും ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും സീറ്റ് നല്‍കുന്ന ലിസ്റ്റുണ്ടാകണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം. അതു തന്നെയാണ് ഹൈക്കമാാന്റിന്റെയും ആഗ്രഹം. രാഹുല്‍ ഗാന്ധിക്ക് ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ബന്ധമെന്നു കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ ചെന്നിത്തല പറഞ്ഞു.

യു.ഡി.എഫിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പകുതി പിന്നിട്ടു കഴിഞ്ഞു. ഐശ്വര്യ കേരള യാത്രയിലും ചര്‍ച്ചകള്‍ ഉണ്ടാവും. കോണ്‍ഗ്രസ് സീറ്റുകളെ കുറിച്ചും ചര്‍ച്ചയുണ്ടാകും. യോജിപ്പിന്റെ അന്തരീക്ഷത്തില്‍ പ്രശ്‌നങ്ങളില്ലാതെ എല്ലാം നടത്താനാണ് ലക്ഷ്യം വെക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയ്ക്കുമേല്‍ മണ്ഡലം മാറി മത്സരിക്കാന്‍ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവരുന്നത്. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ട് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തലസ്ഥാനത്ത് മത്സരിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉമ്മന്‍ ചാണ്ടിയെ തലസ്ഥാനത്ത് മത്സരിപ്പിച്ച് മകന്‍ ചാണ്ടി ഉമ്മന് പുതുപ്പള്ളി നല്‍കാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉമ്മന്‍ ചാണ്ടി മണ്ഡലം മാറി മത്സരിക്കണമെന്നത് പരിഗണിക്കാവുന്ന നിര്‍ദേശമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാറ്റം ചലനമുണ്ടാക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്. പുതിയ നിര്‍ദേശത്തെ ഐ ഗ്രൂപ്പ് സ്വാഗതം ചെയ്തുവെന്നാണ് സൂചനകള്‍. എന്നാല്‍ മണ്ഡലം മാറി ഉമ്മന്‍ചാണ്ടി മത്സരിക്കേണ്ടതില്ലെന്നാണ് എ ഗ്രൂപ്പ് പ്രതികരിച്ചിരിക്കുന്നത്.

ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കണമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്നോട്ട് വെച്ച നിര്‍ദേശം. നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ഏതില്‍ മത്സരിച്ചാലും ഉമ്മന്‍ചാണ്ടി വിജയിക്കുമെന്നാണ് വിലയിരുത്തല്‍. ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് മത്സരിച്ചാല്‍ തെക്കന്‍ ജില്ലകളില്‍ അത് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

അതേസമയം പുതുപ്പള്ളി വിട്ട് മറ്റെവിടെയും മത്സരിക്കില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ആജീവനാന്ത കാലം മണ്ഡലം മാറില്ലെന്നും തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നതാണെന്നും വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Chennitha about Oommen Chandy leaving Puthuppally to contest in Nemam, Thiruvanathapuram in Kerala Election 2021