ബാബ രാംദേവിന്റെ പതഞ്ജലിയുടെ വളര്‍ച്ചയില്‍ വന്‍ ഇടിവ്; തകര്‍ച്ചയ്ക്കു കാരണം ജി.എസ്.ടിയും നോട്ടുനിരോധനവുമടക്കമുള്ള പ്രശ്‌നങ്ങളെന്ന് വിലയിരുത്തല്‍
India
ബാബ രാംദേവിന്റെ പതഞ്ജലിയുടെ വളര്‍ച്ചയില്‍ വന്‍ ഇടിവ്; തകര്‍ച്ചയ്ക്കു കാരണം ജി.എസ്.ടിയും നോട്ടുനിരോധനവുമടക്കമുള്ള പ്രശ്‌നങ്ങളെന്ന് വിലയിരുത്തല്‍
ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2019, 1:05 pm

 

ന്യൂദല്‍ഹി: യോഗ ഗുരുവും സംരംഭകനുമായ ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക്കിന്റെ വളര്‍ച്ചയില്‍ വന്‍ ഇടിവ്. ബാബ രാംദേവ് വലിയ വളര്‍ച്ച പ്രഖ്യാപിച്ച 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം 10% ഇടിയുകയാണുണ്ടായത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ ഇടിയാനാണ് സാധ്യതയെന്നാണ് കമ്പനി വൃത്തങ്ങളുടെ വിലയിരുത്തല്‍.

2018 മാര്‍ച്ചില്‍ കച്ചവടം ഇരട്ടിയായി 20000 കോടി രൂപയുടെ വില്‍പ്പന നടത്താന്‍ കഴിയുമെന്നാണ് രാംദേവ് 2017ല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ 2018 മാര്‍ച്ചില്‍ പതഞ്ജലി ഉല്പന്നങ്ങളുടെ വില്‍പ്പന 10% ഇടിയുകയാണുണ്ടായത്. 20000 കോടി രൂപയുടെ വില്‍പ്പന പ്രതീക്ഷിച്ചയിടത്ത് 8100 കോടിയുടെ വില്‍പ്പന മാത്രമാണ് നടന്നതെന്നാണ് വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നത്.

തെറ്റായ ചില നടപടികളാണ് കമ്പനിയുടെ വളര്‍ച്ചയെ ബാധിച്ചതെന്നാണ് മുന്‍ തൊഴിലാളികളും വിതരണക്കാരും സ്റ്റോര്‍ മാനേജര്‍മാരും ഉപഭോക്താക്കളും പറയുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പതഞ്ജലി വളരെ പെട്ടെന്ന് വിപുലീകരിച്ചതുകൊണ്ട് ഗുണനിലവാരം നിലനിര്‍ത്താന്‍ പറ്റിയില്ലെന്നതാണ് ഒരു പോരായ്മയായി ചൂണ്ടിക്കാട്ടുന്നത്. രാംദേവിന്റെ അനുയായിയും ബിസിനസ് പങ്കാളിയുമായ ആചാര്യ ബാലകൃഷ്ണയും ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചിരുന്നു.

‘ഞങ്ങള്‍ പെട്ടെന്നാണ് വിപുലീകരിച്ചത്. മൂന്നാല് യൂണിറ്റുകള്‍ ഞങ്ങള്‍ തുടങ്ങി. പ്രശ്‌നങ്ങളും പ്രതീക്ഷിച്ചിരുന്നു. ആ നെറ്റുവര്‍ക്ക് പ്രശ്‌നങ്ങള്‍ ഞങ്ങള്‍ പരിഹരിച്ചു.’ എന്നാണ് വിതരണത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ബാലകൃഷ്ണ പറഞ്ഞത്.

2016ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ടുനിരോധനവും 2017ല്‍ കൊണ്ടുവന്ന ജി.എസ്.ടിയും വളര്‍ച്ചയെ ബാധിച്ചു. ഈ നീക്കം സാമ്പത്തിക പ്രവര്‍ത്തനങ്ങളെ അലങ്കോലമാക്കിയെന്നും തൊഴിലാളികള്‍ അഭിപ്രായപ്പെട്ടു.