Administrator
Administrator
രാംദേവ് അറസ്റ്റില്‍; രാംലീലാ മൈതാനത്ത് നിരോധനാജ്ഞ
Administrator
Sunday 5th June 2011 7:34am

RAMDEV ARRESTEDന്യൂഡല്‍ഹി: ബാബ രാംദേവിനെ പോലീസ് അറസ്റ്റു ചെയ്തു. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ ഡല്‍ഹിയിലെ രാംലീലാ മൈതാനത്ത് നിരാഹാര സത്യാഗ്രഹം നടത്തിവരുന്ന യോഗാചാര്യന്‍ ബാബ രാംദേവിനെ ഞായറാഴ്ച പുലര്‍ച്ചയോടെയാണ് പോലീസ് അറസ്റ്റു ചെയ്തത്. എന്നാല്‍ ഡല്‍ഹി പോലീസ് കമ്മീഷ്ണര്‍ ബി.കെ.ഗുപ്ത വാര്‍ത്ത നിഷേധിച്ചു.

എന്നാല്‍ സുരക്ഷാപ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ രാംലീല മൈതാനിയില്‍ രാംദേവിനു യോഗാഭ്യാസം നടത്താനുള്ള അനുമതി റദ്ദാക്കിയിട്ടുണ്ടെന്ന് കമ്മീഷ്ണര്‍ പറഞ്ഞു. രാംദേവിന്റെ അനുയായികള്‍ പോലീസ്ിന് നേരെ കല്ലേറ് നടത്തിയപ്പോള്‍ കണ്ണീര്‍വാതകം പ്രയോഗിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

15 കമ്പനി സായുധ പോലീസ് സംഘമാണ് സമരപന്തലിലേയ്ക്കു എത്തിയതിന് ശേഷമാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. പുലര്‍ച്ചെ 1.15 ഓടെ രാംദേവിനെ അറസ്റ്റു ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ടെന്ന വാര്‍ത്ത പരന്നതോടെ അനുയായികള്‍ പോലീസിനെ തടയാന്‍ ശ്രമിക്കുകയും സ്റ്റേജിലേയ്ക്കു എത്തി യോഗാചാര്യനു ചുറ്റം മനുഷ്യമതില്‍ തീര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസും രാംദേവിന്റെ അനുയായികളും സമരപന്തലില്‍ തമ്മില്‍ ഏറ്റുമുട്ടി. ഇതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനായി പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

വന്‍പോലീസ് പടയാണ് രാംലീല മൈതാനിയില്‍ എത്തിയത്. ‘എന്നെ എന്തിനാണ് ഈ സമയത്ത് ഒരു മുന്നറിയിപ്പുമില്ലാതെ അറസ്റ്റ് ചെയ്യുന്നത്. നിങ്ങളെല്ലാവരും ശാന്തരായിരിക്കണം’ രാംദേവ് അനുയായികളോട് അഭ്യര്‍ത്ഥിച്ചു. അണികളോടു ശാന്തരാകാന്‍ രാംദേവ് അഭ്യര്‍ഥിച്ചെങ്കിലും നേതാവിന്റെ വാക്കുകള്‍ക്കു ചെവികൊടുക്കാതെ നൂറുകണക്കിനു അനുയായികളാണ് സ്റ്റേജിലേയ്ക്കു എത്തിയത്. രാംദേവിനോടു ഡല്‍ഹി വിട്ടുപോകണമെന്ന നിര്‍ദ്ദേശവും പോലീസ് പുറപ്പെടുവിച്ചതോടെ അദ്ദേഹത്തിന്റെ അനുയായികള്‍ കൂടുതല്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു.

സംഘര്‍ഷത്തെത്തുടര്‍ന്ന് സ്ഥലത്തു പോലീസ് 144 പ്രഖ്യാപിച്ചു. നിരോധനാജ്ഞയെത്തുടര്‍ന്ന് രാംലീല മൈതാനിയിലേയ്ക്കുള്ള എല്ലാ റോഡുകളും പോലീസ് അടയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ദ്രുതകര്‍മ്മ സേനയാണ് രാംദേവിനെ സമരപന്തലില്‍ നിന്നു ബലം പ്രയോഗിച്ചു നീക്കിയത്. എന്നാല്‍ സരമപന്തലില്‍ നിന്നു നീക്കിയ രാംദേവിനെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല. പോലീസ് രഹസ്യമായി രാംദേവിനെ അജ്ഞാതകേന്ദ്രത്തിലേയ്ക്കു മാറ്റി.

വിദേശബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണം പൊതുസ്വത്തായി പ്രഖ്യാപിക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച രാത്രി രാംദേവിന് കത്തു കൈമാറിയിരുന്നു. കള്ളപ്പണം സംബന്ധിച്ച് നിയമനിര്‍മാണം നടത്താമെന്നും കത്തില്‍ ഉറപ്പു നല്‍കി.

ശനിയാഴ്ച വൈകിട്ട് സമവായചര്‍ച്ച നടത്തിയെങ്കിലും, സര്‍ക്കാര്‍ തന്നെ വഞ്ചിച്ചെന്നും അഴിമതിക്കെതിരെ സമരം തുടരുമെന്നും രാംലീലാ മൈതാനത്തെ സമരപ്പന്തലില്‍ രാംദേവ് പ്രഖ്യാപിച്ചിരുന്നു. പറഞ്ഞ വാക്കില്‍നിന്ന് രാംദേവ് പിന്മാറിയെന്ന് ചര്‍ച്ചകളുടെ വിശദാംശങ്ങളറിയിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ കേന്ദ്ര മാനവശേഷി വികസനമന്ത്രി കപില്‍ സിബലും കുറ്റപ്പെടുത്തുകയുണ്ടായി.

ശനിയാഴ്ച വെളുപ്പിന് 4.50ന് യോഗയോടെയായിരുന്നു രാംദേവിന്റെ സത്യാഗ്രഹം തുടങ്ങിയത്. ഉച്ചയ്ക്ക് രണ്ടുമണിക്കൂര്‍ സമരം നിര്‍ത്തിയ അദ്ദേഹം സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ചക്കുപോയി. വൈകിട്ട് തിരിച്ചെത്തിയ അദ്ദേഹം തന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി അറിയിച്ചു. സമരം അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനവും നടത്തി. ആരവങ്ങളോടെയാണ് രാംദേവിന്റെ അനുയായികള്‍ സമരം വിജയിച്ചതായുള്ള പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്.

വൈകിട്ട് ഏഴോടെ മന്ത്രിമാരായ കപില്‍സിബലിന്റെയും സുബോധ്കാന്ത് സഹായിയുടെയും വാര്‍ത്താസമ്മേളനമാണ് സമരത്തിന്റെ ഗതി മാറ്റിയത്. രാംദേവിന്റെ ആവശ്യങ്ങള്‍ ഭൂരിഭാഗവും അംഗീകരിച്ചതായി കപില്‍ സിബല്‍ പറഞ്ഞു. പക്ഷേ, നിയമനിര്‍മ്മാണത്തിന് സമയം വേണം. ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ സമരം നിര്‍ത്താമെന്ന് സമ്മതമറിയിച്ച് രാംദേവിന്റെ ഭാഗത്തുനിന്നുള്ള ഒരു കത്തും സിബല്‍ മാധ്യമപ്രവര്‍ത്തകരെ കാണിച്ചു. എന്നാല്‍ ആ കത്ത് തങ്ങള്‍ എഴുതിയതല്ല, എഴുതിച്ചതാണെന്നും രാംദേവ് ആരോപിച്ചു. സര്‍ക്കാര്‍ വിശ്വാസവഞ്ചന കാട്ടിയെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം സര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കുന്നതുവരെ സമരം തുടരുമെന്ന് പ്രഖ്യാപിക്കുകയാണുണ്ടായത്. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ രാത്രിയോടെ കത്ത് നല്‍കിയത്.

ബാബയെ ഡെറാഡൂണിലേക്ക് കൊണ്ടുപോകാന്‍ സാധ്യത
അറസ്റ്റുചെയ്ത ബാബാ രാംദേവിനെ ഡെറാഡൂണിലേക്കു കൊണ്ടുപോകുമെന്നു സൂചന. ദല്‍ഹിയിലെ സഫ്ദര്‍ജംഗ് എയര്‍പോര്‍ട്ടില്‍ അതിര്‍ത്തി രക്ഷാസേനയുടെ ഹെലികോപ്റ്ററിലായിരിക്കും രാംദേവിനെ കൊണ്ടുപോവുക. ഹരിദ്വാറിലേക്കു കൊണ്ടുപോകുമെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.

Advertisement