'സന്ദീപ് വാര്യര്‍, ഞാന്‍ കൂടെയുണ്ടാകും'; പിന്തുണയുമായി രാമസിംഹന്‍ അബൂബക്കര്‍
Kerala News
'സന്ദീപ് വാര്യര്‍, ഞാന്‍ കൂടെയുണ്ടാകും'; പിന്തുണയുമായി രാമസിംഹന്‍ അബൂബക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th October 2022, 12:21 am

പാലക്കാട്: ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയ സന്ദീപ് ജി. വാര്യര്‍ക്ക് പിന്തുണയുമായി സംഘപരിവാര്‍ അനുഭാവിയായ സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. ‘സന്ദീപ് വാര്യര്‍, ഞാന്‍ കൂടെയുണ്ടാകും’ എന്ന് ഒറ്റവരിയില്‍ ഫേസ്ബുക്കിലെഴുതിയാണ് അദ്ദേഹം പിന്തുണയറിയിച്ചത്.

തിങ്കളാഴ്ച കോട്ടയത്ത് വെച്ച് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലാണ് സന്ദീപ് വാര്യറെ ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നത്.

പാര്‍ട്ടിയുടെ പേരില്‍ സന്ദീപ് വാര്യര്‍ ലക്ഷങ്ങള്‍ അനധികൃതമായി പിരിച്ചെന്ന് നാല് ജില്ലാ അധ്യക്ഷന്മാര്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സന്ദീപ് വാര്യര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ സന്ദീപ് വാര്യര്‍ മടങ്ങിയിരുന്നു.

അനധികൃതമായി പണം പിരിച്ചെന്ന പരാതിയെത്തുടര്‍ന്ന് പരാതിക്കാരെയും ആരോപണ വിധേയനേയും തിരുവനന്തപുരത്ത് വിളിച്ച് വരുത്തിയിരുന്നു. ഇവരോട് സംസ്ഥാന അധ്യക്ഷനും രണ്ട് സംഘടന ജനറല്‍ സെക്രട്ടറിമാരും അടക്കമുള്ള സമിതി വിശദീകരണവും തേടിയിരുന്നു.

സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തിലാണ് കോട്ടയത്ത് യോഗം ചേര്‍ന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളായിരുന്നു പ്രധാന യോഗ ചര്‍ച്ച.