എഡിറ്റര്‍
എഡിറ്റര്‍
‘ഐ വാന്‍ഡ് ടു സീ മുസ്‌ലിം ഡെഡ് ബോഡീസ്’; സിറാജുന്നീസയുടെ ‘ഘാതകന്‍’ രമണ്‍ ശ്രീവാസ്ത പിണറായിയുടെ പൊലീസ് ഉപദേഷ്ടാവാകുന്നു
എഡിറ്റര്‍
Wednesday 12th April 2017 11:56am

തിരുവനന്തപുരം: പൊലീസിന്റെ പ്രവര്‍ത്തികളുടെ നാണക്കേടുകളില്‍ നിന്നും സര്‍ക്കാരിനെ രക്ഷിക്കാനാണ് പുതിയ ഉപദേഷ്ടാവിനെ നിയമിക്കുന്നത്. മുന്‍ സംസ്ഥാന പൊലീസ് നേതാവും ബി.എസ്.എഫ് ഡയറക്ടര്‍ ജനറലുമായിരുന്ന രമണ്‍ ശ്രീവാസ്തവയാണ് മുഖ്യമന്ത്രയുടെ പൊലീസ് ഉപദേഷ്ടാവായി ചുമതലയേല്‍ക്കുന്നത്.

അലഹബാദ് സ്വദേശിയായ ശ്രീവാസ്തവ കേരള ചരിത്രത്തിലെ കുപ്രസിദ്ധമായ സംഭവങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ പൊലീസ് ഉദ്യോഗസ്ഥനാണ്. 1991 ഡിസംബര്‍ 15 ന് പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ 11 കാരിയായ സിറാജുന്നീസയുടെ കൊലയിലേക്ക് നയിച്ച വെടിവെപ്പിനു ഉത്തരവിട്ട ഉദ്യോഗസ്ഥനാണ് രമണ്‍ ശ്രീവാസ്തവ. അന്ന് ‘ ഐ വാണ്ട് ടു സീ മുസ് ലിം ഡെഡ് ബോഡീസ് ‘ എന്ന് ആക്രോശിച്ചു കൊണ്ടുള്ള ശ്രീവാസ്തവയുടെ വയര്‍ലസ് സന്ദേശം കേട്ടതായി അന്നത്തെ ഒറ്റപ്പാലം എം.എല്‍.എ വി.സി കബീര്‍ ഇന്നും ആവര്‍ത്തിക്കുന്നുണ്ട്.

വി.സി കബീര്‍ വയര്‍ലെസ് സന്ദേശം കേട്ടതായി സമ്മതിച്ചിട്ടുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകരായ എസ്.എ അജിംസ് ഉള്‍പ്പടെയുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

കലക്ടറുടെ ചേമ്പറില്‍ അണക്കെട്ടുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭ സമിതി രൂപീകരിച്ചതിന്റെ യോഗം നടക്കുമ്പോള്‍ അന്ന് ഒറ്റപ്പാലം എം.എല്‍.എയായിരുന്ന വി.സി.കബീറും, അന്നത്തെ ജലസേചന മന്ത്രിയുമായിരുന്ന ടി.എം ജേക്കബുമെല്ലാം കലക്‌ട്രേറ്റിലെ യോഗത്തില്‍ സന്നിഹിതരായിരുന്നു. വയര്‍ലസിലൂടെ പൊലിസിന്റെ ഉത്തരവും നിര്‍ദ്ദേശങ്ങളും ചേമ്പറില്‍ നിന്നും കേള്‍ക്കാമായിരുന്നു. മേപ്പറമ്പ്, പുതുപ്പള്ളി ഭാഗങ്ങളില്‍ നേരിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ അവിടെ നിന്നുള്ള പൊലിസ് നടപടികള്‍ നേരിട്ടറിയാനായിരുന്നു കലക്ടറുടെ ചേമ്പറില്‍ അപ്പോള്‍ വയര്‍ലസ് പ്രവര്‍ത്തിപ്പിച്ചിരുന്നത്.


Also Read: മോദിയേയും അമിത് ഷായേയും മുന്നിലിരുത്തി ബി.ജെ.പിയുടെ ബീഫ് നയത്തിനെതിരെ ആഞ്ഞടിച്ച് സി.കെ ജാനു


അന്ന് വയര്‍ലെസിലൂടെ രമണ്‍ ശ്രീവാസ്തവ കീഴുദ്യോഗസ്ഥയ്ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്നും നിര്‍ദ്ദേശം അനുസരിക്കാന്‍ മടിച്ച അന്നത്തെ ഷൊര്‍ണൂര്‍ എ.എസ്.പിയായിരുന്ന ബി.സന്ധ്യയോട് ശ്രീവാസ്തവ ആക്രോശിക്കുകയായിരുന്നുവെന്നും കബീര്‍ പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് ഇടത് എം.എല്‍.എയും പിന്നീട് നായനാര്‍ മന്ത്രി സഭയിലെ ആരോഗ്യ മന്ത്രിയുമായിരുന്നു കെ.സി കബീര്‍.

ഇന്ത്യയില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കിയതായിരുന്നു മുരളി മനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ നടത്തിയ ഏകതാ യാത്ര. ഇതിനെ അനുകൂലിച്ച് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ഉപയാത്രയാണ് പാലക്കാട് വെടിവെപ്പില്‍ അവസാനിച്ചത്.

ഡിസംബര്‍ 13 മേപ്പറമ്പിലെ ഉപയാത്രയില്‍ ചെറിയ സംഘര്‍ഷമുണ്ടായി. ഇതേതുടര്‍ന്ന്, 15 ന് ഷൊര്‍ണൂര്‍ എ.എസ്.പി സന്ധ്യ സ്ഥലത്ത് എത്തുമ്പോള്‍ പുതുപ്പള്ളി തെരുവില്‍ റോഡ് ബ്ലോക്ക് ചെയ്യുവാനായി കല്ലുകളും മറ്റും നിരത്തി വച്ചതായാണ്. റോഡരികിലെ കടയിലുണ്ടായിരുന്ന ഒരാളോട് കല്ലെടുത്തു മാറ്റാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അയാള്‍ അതു ചെയ്തില്ല. തുടര്‍ന്ന് സന്ധ്യ അയാളെ കസ്റ്റഡിയിലെടുത്തു.

ഇതില്‍ പ്രകോപിതരായ ചിലര്‍ അവരുടെ ജീപ്പ് തടയുകയായിരുന്നു. ഈ വിവരമറിഞ്ഞ് ഡെപ്യൂട്ടി എസ്.പി ചന്ദ്രന്‍ സംഭവസ്ഥലത്തെത്തി. പക്ഷെ അപ്പോഴേക്കും ആളുകള്‍ പിരിഞ്ഞു പോയിതുടങ്ങിയിരുന്നു. പിന്നീടാണ് രമണ്‍ ശ്രീവാസ്തവ വിഷയത്തില്‍ ഇടപ്പെടുന്നതും വെടിക്കാന്‍ ഉത്തരവിടുന്നതും.

സംഭവസ്ഥലത്ത് ആരുമില്ലെന്നും രണ്ട് പെണ്‍കുട്ടികള്‍ വീടിനടുത്ത് കളിച്ചു കൊണ്ടിരിക്കുകയാണെന്നും സന്ധ്യ ശ്രീവാസ്തവയെ അറിയിച്ചെങ്കിലും വയര്‍ലെസ് സെറ്റ് അരികിലുണ്ടായിരുന്ന ഡെപ്യൂട്ടി എസ്.പി പി. ചന്ദ്രന് കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ‘ ഐ വാന്‍ഡ് ടു സീ മുസ് ലിം ഡെഡ് ബോഡീസ്’ എന്ന് ശ്രീവാസ്തവ ആക്രോശിക്കുന്നത്.

വെടിവെപ്പില്‍ വെടിയുണ്ട സിറാജുന്നീസയുടെ മൂക്കിനു താഴെ തുളച്ചു കയറി മറുവശത്തു കൂടെ പുറത്തേക്ക് പോവുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ സിറാജുന്നീസ മരിക്കുകയും ചെയ്തു. വെടിയേറ്റു വീണ മകളെ എടുക്കാന്‍ ശ്രമിച്ച വീട്ടുകാരേയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു.


Don’t Miss: ‘കഴിവുള്ളവര്‍ക്ക് ഇവിടെ ക്ഷാമമില്ല’: കുല്‍ഭുഷന്റെ വധശിക്ഷയ്‌ക്കെതിരെ പ്രസ്താവന തയ്യാറാക്കാന്‍ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ സഹായിച്ചെന്ന വാര്‍ത്തകളെ നിഷേധിച്ച് സുഷമ സ്വരാജ്


പീന്നീട് സംഭവിച്ചതെന്തെന്ന് പൊലീസ് തയ്യാറാക്കിയ തിരക്കഥ അവിശ്വസീനമായിരുന്നു. അടുത്തുള്ള വൈദ്യുത പോസ്റ്റില്‍ കൊണ്ട് വെടിയുണ്ട തിരിച്ചടിക്കുകയായിരുന്നു എന്നായിരുന്നു പൊലീസ് ഭാഷ്യം. തീര്‍ന്നില്ല, പൊലീസിനെ ആക്രമിക്കാന്‍ വന്ന നൂറു പേരടങ്ങുന്ന തീവ്രവാദി സംഘത്തിന്റെ നേതാവാണ് സിറാജുന്നീസയെന്ന് ചിത്രീകരിച്ച് പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തു.

സംഭവത്തില്‍ കൊളക്കാടന്‍ മൂസഹാജി കേസുമായി സുപ്രീം കോടതി വരെ പോയെങ്കിലും ഒരു പൊലീസുകാരന്‍ പോലും ശിക്ഷിക്കപ്പെട്ടില്ല എന്നതാണ് വാസ്തവം. മുന്‍മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനുമായുള്ള അടുപ്പമാണ് രമണ്‍ ശ്രീവാസ്തവയെ കേസില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഇയാളാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേഷ്ടാവായി എത്തുന്നത്.

Advertisement