ബീഫ് കഴിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു; രാമചന്ദ്രഗുഹയ്ക്ക് ഭീഷണി
national news
ബീഫ് കഴിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു; രാമചന്ദ്രഗുഹയ്ക്ക് ഭീഷണി
ന്യൂസ് ഡെസ്‌ക്
Sunday, 9th December 2018, 6:23 pm

ന്യൂദല്‍ഹി: ബീഫ് കഴിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച എഴുത്തുകാരനും ചരിത്രകാരനുമായ രാമചന്ദ്രഗുഹയ്ക്ക് ഭീഷണി. സഞ്ജയ് എന്ന പേരുള്ളയാളാണ് തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്ന് രാമചന്ദ്ര ഗുഹ ട്വിറ്ററിലൂടെ അറിയിച്ചു.

“ദല്‍ഹിയില്‍ നിന്ന് സഞ്ജയ് എന്ന പേരുള്ളയാളില്‍ നിന്ന് എനിയ്ക്ക് ഫോണില്‍ ഭീഷണി സന്ദേശം വന്നിരുന്നു. 91-98351-38678 എന്ന നമ്പറില്‍ നിന്നാണ് ഫോണ്‍കോള്‍ വന്നത്. എന്റെ ഭാര്യയേയും അയാള്‍ ഭീഷണിപ്പെടുത്തി.”

ALSO READ: മോദിയുടെ “ഗ്രാമഫോണ്‍” പരിഹാസത്തിന് റീമിക്‌സ് വീഡിയോയുമായി രാഹുലിന്റെ മറുപടി (വീഡിയോ)

അതേസമയം റോയിലെ മുന്‍ ഉദ്യോഗസ്ഥനും തന്നെ ഭീഷണിപ്പെടുത്തിയെന്ന് രാമചന്ദ്രഗുഹ മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. ബീഫ് തിന്നുന്നതിന്റെ ചിത്രം പരസ്യമായി പോസ്റ്റ് ചെയ്ത രാമചന്ദ്രഗുഹയ്ക്ക് തക്കതായ മറുപടി നല്‍കണമെന്ന ആര്‍.കെ യാദവ് എന്ന മുന്‍ റോ ഉദ്യോഗസ്ഥന്റെ ട്വീറ്റ് അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഡിസംബര്‍ ഏഴിനാണ് ബീഫ് തിന്നുന്ന ചിത്രം രാമചന്ദ്രഗുഹ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. ബി.ജെ.പി ഭരിക്കുന്ന ഗോവയില്‍ ബീഫ് കഴിക്കാന്‍ തീരുമാനിച്ചു എന്ന കുറിപ്പോടെയായിരുന്നു അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ ട്വീറ്റിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ അദ്ദേഹം ചിത്രം പിന്‍വലിച്ചു.

എന്നാല്‍ ഏത് തരം ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാന്‍ ആ വ്യക്തിയ്ക്ക് അവകാശമുണ്ടെന്ന കുറിപ്പോടെയായിരുന്നു അദ്ദേഹം ചിത്രം പിന്‍വലിച്ചത് അറിയിച്ചുള്ള ട്വീറ്റ് പോസ്റ്റ് ചെയ്തത്.

ALSO READ: ഹിന്ദുക്കളുടെ മതപ്രഭാഷണം ഫറൂഖ് അബ്ദുള്ള നടത്തേണ്ട; ജെ.ഡി(യു) നേതാവ് പവന്‍ വര്‍മ്മ

നേരത്തെയും സംഘപരിവാര്‍ രാഷ്ട്രീയത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ രാമചന്ദ്രഗുഹ ഭീഷണി നേരിട്ടിട്ടുണ്ട്. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളിലും ധബോല്‍ക്കര്‍, കല്‍ബുര്‍ഗി, പന്‍സാരെ, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകത്തിലും മോദി സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനവുമായി രാമചന്ദ്രഗുഹ രംഗത്തെത്തിയിരുന്നു.

WATCH THIS VIDEO: