രാമചന്ദ്ര ഗുഹ രാജ്യദ്രോഹിയെന്ന് എ.ബി.വി.പി; അഹമ്മദാബാദ് യൂണിവേഴ്‌സിറ്റിയിലേക്കില്ലെന്ന് രാമചന്ദ്ര ഗുഹ
national news
രാമചന്ദ്ര ഗുഹ രാജ്യദ്രോഹിയെന്ന് എ.ബി.വി.പി; അഹമ്മദാബാദ് യൂണിവേഴ്‌സിറ്റിയിലേക്കില്ലെന്ന് രാമചന്ദ്ര ഗുഹ
ന്യൂസ് ഡെസ്‌ക്
Friday, 2nd November 2018, 9:20 am

അഹമ്മദാബാദ്: അഹമ്മദാബാദ് സര്‍വകലാശാലയിലെ ജോലിയില്‍ പ്രവേശിക്കാനില്ലെന്ന് ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ. യൂണിവേഴ്‌സിറ്റിയിലെ എ.ബി.വി.പിയുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഒക്ടോബര്‍ 16 നാണ് ഹ്യുമാനിറ്റീസ് വിഭാഗം പ്രൊഫസറായി രാമചന്ദ്ര ഗുഹയെ നിയമിക്കാന്‍ അഹമ്മദാബാദ് യൂണിവേഴ്‌സിറ്റി തീരുമാനിച്ചത്. എന്നാല്‍ യൂണിവേഴ്‌സിറ്റിയുടെ തീരുമാനത്തിനെതിരെ എ.ബി.വി.പി രംഗത്തെത്തിയിരുന്നു.

ഗുഹ രാജ്യദ്രോഹിയാണെന്നും അദ്ദേഹത്തിന്റെ കൃതികളില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങളാണുള്ളതെന്നും എ.ബി.വി.പി ആരോപിച്ചു. രാമചന്ദ്ര ഗുഹയെ നിയമിക്കുന്നതിനെതിരെ രജിസ്ട്രാര്‍ക്ക് എ.ബി.വി.പി നേതൃത്വം നിവേദനം നല്‍കുകയും ചെയ്തിരുന്നു.

ALSO READ: ബി.ജെ.പിയ്ക്ക് അധികാരം നഷ്ടമാകും; രാജസ്ഥാനില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് സര്‍വേ

ഗുഹയെ ഗുജറാത്തിലേക്ക് ക്ഷണിക്കുകയാണെങ്കില്‍ ഇവിടെ ജെ.എന്‍.യുവിന് സമാനമായ “രാജ്യവിരുദ്ധവികാരം” ഉടലെടുക്കുമെന്ന് എ.ബി.വി.പി നേതാവ് പ്രവീണ്‍ ദേശായി പറഞ്ഞിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് രാമചന്ദ്ര ഗുഹയുടെ തീരുമാനം.

“തനിക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത സാഹചര്യമുള്ളതിനാല്‍ അഹമ്മദാബാദ് യൂണിവേഴ്‌സിറ്റിയില്‍ ഞാന്‍ ജോയിന്‍ ചെയ്യുന്നില്ല. അഹമ്മദാബാദ് യൂണിവേഴ്‌സിറ്റിയ്ക്ക് ആശംസകള്‍.”- ഗുഹ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം ഗുഹയുടെ പ്രതികരണത്തെക്കുറിച്ച് അറിയില്ലെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ അറിയിച്ചു. ട്വീറ്റിലുള്ള കാര്യമെ അറിയൂവെന്നും വൈസ് ചാന്‍സലര്‍ നാട്ടിലെത്തിയതിനുശേഷമെ ഇത് സംബന്ധിച്ച് പ്രതികരിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

WATCH THIS VIDEO: