ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
National Politics
തന്നെ വധിക്കാന്‍ ആര്‍.എസ്.എസ് പദ്ധതിയിടുന്നു:പിന്നില്‍ നിന്ന് കുത്താന്‍ മിടുക്കരാണവര്‍: പ്രവീണ്‍ തൊഗാഡിയയ്ക്ക് പിന്നാലെ ആര്‍.എസ്.എസിനെതിരെ പ്രമോദ് മുത്തലിഖും
ന്യൂസ് ഡെസ്‌ക്
Saturday 20th January 2018 2:22pm

ബംഗളൂരു: ആര്‍.എസ്.എസില്‍ നിന്നും തനിക്ക് ഭീഷണിയുള്ളതായി ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിഖ്. തന്നെ വധിക്കാന്‍ ചിലര്‍ പദ്ധതിയിടുന്നുണ്ടെന്നും ആര്‍.എസ്.എസില്‍ നിന്നും ഭീഷണിയുണ്ടെന്നും പ്രമോദ് മുത്തലിഖ് പറയുന്നു.

ജീവന് ഭീഷണിയുള്ളതായും ഏറ്റുമുട്ടലില്‍ വധിക്കാന്‍ ചിലര്‍ പദ്ധതിയുള്ളതായുമുള്ള വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മുത്തലിഖും ആര്‍.എസ്.എസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രമോദ് മുത്തലിഖ് ഇക്കാര്യം പറഞ്ഞത്.

” എന്റെ ശത്രുക്കള്‍ ആരെല്ലാമാണെന്ന് എനിക്ക് നന്നായി അറിയാം. കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ്, ചിന്തകര്‍ തുടങ്ങിയവരെല്ലാം എന്റെ ശത്രുക്കളാണ്. എന്നാല്‍ അവര്‍ എല്ലാം ഞാന്‍ അറിയുന്ന ശത്രുക്കളാണ്. അവര്‍ എനിക്കെതിരെ പ്രവര്‍ത്തിക്കുന്നവരാണ്. എന്നാല്‍ ഞാന്‍ ഇപ്പോള്‍ ഭയക്കുന്നത് എനിക്കൊപ്പം പ്രവര്‍ത്തിക്കുന്ന എന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നവരെ കുറിച്ചാണ്. പിന്നില്‍ നിന്ന് കുത്താന്‍ മിടുക്കരാണവര്‍. പ്രവീണ്‍ തൊഗാഡിയയ്ക്ക് സംഭവിച്ചത് തന്നെ എനിക്കും സംഭവിക്കും.

കര്‍ണാടകയിലെ ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാവായ മങ്കേഷ് ബണ്ഡേയ്ക്ക് എന്നെ ഇഷ്ടമല്ല. മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറുടേയും ദര്‍വാദ് എം.പി പ്രഹ്ലാദ് ജോഷിയുടേയും പിന്തുണ ഉണ്ട്. നോര്‍ത്ത് കര്‍ണാടകയില്‍ ഞാന്‍ ഉണ്ടാകുന്നത് അവര്‍ക്ക് സഹിക്കില്ല. അവര്‍ക്ക് എനിക്ക് ലഭിക്കുന്ന സ്വീകരികാര്യതയില്‍ അസ്വസ്ഥതയുണ്ട്. ഞാന്‍ അസ്വസ്ഥനാണ്. പാര്‍ട്ടിയില്‍ ആര്‍ക്കും പേരും പ്രശസ്തിയും ലഭിക്കുന്നത് അവര്‍ക്ക് സഹിക്കില്ല. അടിമപ്പണി ചെയ്യുന്നവരെ മാത്രമാണ് അവര്‍ക്ക് വേണ്ടത്. അവര്‍ക്കൊപ്പം നിന്ന് ഞാന്‍ ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അുവര്‍ ഇല്ലാതെയും. അതുകൊണ്ട് തന്നെയാണ് തന്നെ പാര്‍ട്ടിയില്‍ നിന്നും ചവിട്ടിപ്പുറത്താക്കാന്‍ അവര്‍ ശ്രമിച്ചതും.

ജീവിതത്തിലെ 40 വര്‍ഷമാണ് ആര്‍.എസ്.എസിന് വേണ്ടി ഞാന്‍ ഇല്ലാതാക്കിയത്. എന്നെപ്പോലുള്ള ആയിരങ്ങള്‍ ഉണ്ട്. എന്നാല്‍ അവര്‍ക്കിപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ഹിന്ദു ഐക്യത്തെകുറിച്ചാണ് ആര്‍.എസ്.എസ് നേതാക്കള്‍ സംസാരിക്കുന്നത്. അവര്‍ക്ക് അവര്‍ക്കിടയിലുള്ളവരെ തന്നെ ഇഷ്ടമല്ല. പിന്നെ എങ്ങനെ അവര്‍ ഹിന്ദുക്കള്‍ക്കിടയില്‍ ഐക്യമുണ്ടാക്കും?-പ്രമോദ് മുത്തലിഖ് ചോദിക്കുന്നു. ഹിന്ദുത്വത്തിലുള്ള വിശ്വാസം തന്നെ നഷ്ടമായി കഴിഞ്ഞെന്നും പ്രമോദ് മുത്തലിഖ് പറയുന്നു.

നേരത്തെയും ബി.ജെ.പിയ്ക്കെതിരെ ആരോപണങ്ങളുമായി നേതാവ് പ്രമോദ് മുത്തലിഖ് രംഗത്തെത്തിയിരുന്നു. 2014ല്‍ ബി.ജെ.പി തന്നെ പിന്നില്‍ നിന്ന് കുത്തിയെന്നും ജനങ്ങളോട് ഇത് തുറന്നുപറയുമെന്നുമാണ് പ്രമോദ് മുത്തലിഖ് പറഞ്ഞിരുന്നത്.

2014 മാര്‍ച്ചില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കര്‍ണാടക ബി.ജെ.പിയില്‍ തന്നെ ഉള്‍പ്പെടുത്തുകയും മണിക്കൂറുകള്‍ക്കുള്ളില്‍ കേന്ദ്രനേതൃത്വം തന്നെ പുറത്താക്കുകയും ചെയ്തെന്നാണ് അദ്ദേഹം പറയുന്നത്. ‘ എല്ലാം അഞ്ചു മണിക്കൂറിനുള്ളില്‍ കഴിഞ്ഞു. മാര്‍ച്ച് 24ന് രാവിലെ 11 മണിക്ക് എന്നെ ചേര്‍ത്തു, വൈകുന്നേരം നാലു മണിക്ക് പുറത്താക്കുകയും ചെയ്തു.’ മുത്തലിഖ് പറയുന്നു.

മറക്കാന്‍ കഴിയാത്ത അപമാനമായിരുന്നു അതെന്നും മുത്തലിഖ് പറയുന്നു. ഇപ്പോള്‍ കര്‍ണാടകയില്‍ ശിവസേന സ്ഥാപിച്ചുകൊണ്ട് ബി.ജെ.പിയ്ക്കെതിരെ തിരിച്ചടിക്കാനുള്ള അവസരം ഉണ്ടാക്കിയിരിക്കുകയാണ് മുത്തലിഖ്.

ജനുവരി 12നാണ് മുത്തലിഖ് കര്‍ണാടകയില്‍ ബി.ജെ.പിയുടെ സ്റ്റേറ്റ് യൂണിറ്റ് ആരംഭിച്ചത്. മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടിയായിരിക്കും മുത്തലിഖിന്റെ ഈ നീക്കമെന്നാണ് വിലയിരുത്തല്‍.

Advertisement