രാമക്ഷേത്ര നിര്‍മ്മാണം അജണ്ടയിലില്ല: നിതീഷ് കുമാര്‍
national news
രാമക്ഷേത്ര നിര്‍മ്മാണം അജണ്ടയിലില്ല: നിതീഷ് കുമാര്‍
ന്യൂസ് ഡെസ്‌ക്
Sunday, 23rd December 2018, 9:26 pm

ന്യൂദല്‍ഹി: ബീഹാറില്‍ ബി.ജെ.പിയില്‍ നിന്നും തുല്ല്യ സീറ്റുകള്‍ വാങ്ങിയെടുത്തതിന് പിന്നാലെ രാമക്ഷേത്ര നിര്‍മ്മാണം എന്‍.ഡി.എയുടെ അജണ്ടയിലില്ലെന്ന പ്രഖ്യാപിച്ച് നിതീഷ് കുമാര്‍. ഇക്കാര്യത്തില്‍ ലോക് ജനശക്തി പാര്‍ട്ടിയ്ക്കും തങ്ങള്‍ക്കും ഒരേ നിലപാടാണുള്ളതെന്നും കോടതി തീരുമാനത്തിലൂടെയാണ് രമജന്മഭൂമി തര്‍ക്കം പരിഹരിക്കേണ്ടതെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ജനതാദള്‍ യുണൈറ്റഡും 17 സീറ്റുകള്‍ വീതവും രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി ആറു സീറ്റുകളിലും മത്സരിക്കുമെന്ന് അമിത് ഷായ്‌ക്കൊപ്പമെത്തി മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചതിന് പിന്നാലെയാണ് നിതീഷ് കുമാറിന്റ പ്രതികരണം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും ക്ഷേത്രം ഉയരണമെന്നുണ്ടെങ്കില്‍ അത് ബി.ജെ.പിയെ കൊണ്ടേ സാധിക്കുകയുള്ളൂവെന്നും യോഗി ആദിത്യനാഥ് ഇന്ന് കൂടി പ്രതികരിച്ചിരുന്നു.

വികസനമാണ് എന്‍.ഡി.എയുടെ അജണ്ടയെന്നും രാമക്ഷേത്രം ബി.ജെ.പിയുടെ താത്പര്യമാണെന്നും എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

2014ല്‍ മത്സരിച്ചതിനേക്കാള്‍ 5 സീറ്റ് കുറവായാണ് ബി.ജെ.പി ബീഹാറില്‍ ഇത്തവണ മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ മാസം വരെ കേന്ദ്രമന്ത്രിയായിരുന്ന ഉപേന്ദ്ര കുശ്വാഹ സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ എന്‍.ഡി.എ വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ തുല്ല്യ സീറ്റുകളില്‍ മത്സരിക്കണമെന്ന നിതീഷ് കുമാറിന്റെ ആവശ്യത്തിന് മുന്നില്‍ ബി.ജെ.പി മുട്ടു മടക്കിയിരിക്കുന്നത്. കുശ്വാഹയുടെ പാര്‍ട്ടിയുടെ രണ്ട് സീറ്റുകള്‍ എല്‍.ജെ.പിയ്ക്കാണ് കിട്ടിയിട്ടുള്ളത്.