മയക്കുമരുന്നും കള്ളപ്പണം വെളുപ്പിക്കലും; റാണാ ദഗുബാട്ടിക്കും രാകുല്‍ പ്രീത് സിംഗിനും രവി തേജക്കും ഇ.ഡിയുടെയും എന്‍.സി.ബിയുടെയും നോട്ടീസ്
Entertainment
മയക്കുമരുന്നും കള്ളപ്പണം വെളുപ്പിക്കലും; റാണാ ദഗുബാട്ടിക്കും രാകുല്‍ പ്രീത് സിംഗിനും രവി തേജക്കും ഇ.ഡിയുടെയും എന്‍.സി.ബിയുടെയും നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st August 2021, 1:13 pm

ഹൈദരാബാദ്: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സിനിമാതാരങ്ങളായ റാണാ ദഗുബാട്ടിക്കും രാകുല്‍ പ്രീത് സിംഗിനും രവി തേജയ്ക്കും എന്‍.സി.ബിയുടെ നോട്ടീസ്. സെപ്റ്റംബര്‍ എട്ടിന് ഹാജരാകാനാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നോട്ടീസ് നല്‍കിയിരിക്കുന്നത്.

2017ല്‍ നടന്ന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഈ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്. അന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് ഈ താരങ്ങള്‍ക്ക് വിതരണം ചെയ്യാനായിരുന്നുവെന്ന സൂചനകള്‍ പൊലീസിന് ലഭിച്ചിരുന്നെന്നും ഇതേ തുടര്‍ന്നാണ് നടപടിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇതേ കേസുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണം വെളുപ്പിക്കലിന്റെ തെളിവുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നുണ്ട്. ഈ കേസിലും മൂന്ന് താരങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

സംവിധായകന്‍ പുരി ജഗന്നാഥിനെ ഇ.ഡി ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യലിനായി റാണാ ദഗുബാട്ടിയെയും രാകുല്‍ പ്രീതിനെയും രവി തേജയെയും ഇ.ഡി വിളിപ്പിച്ചിട്ടുണ്ട്. രവി തേജയുടെ ഡ്രൈവര്‍ ശ്രീനിവാസിനും ഇ.ഡി ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ ആറ്,എട്ട്,ഒമ്പത് എന്നിങ്ങനെ വ്യത്യസ്ത ദിവസങ്ങളിലായാണ് മൂന്ന് പേരോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരെ കൂടാതെ സിനിമാമേഖലയില്‍ നിന്നുതന്നെയുള്ള ചാര്‍മി കൗര്‍, നവദീപ്, മുമൈദ് ഖാന്‍ എന്നിവര്‍ക്കും ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Rakul Preet Singh, Rana Daggubati and other Tollywood stars to be questioned by ED in drug case