Administrator
Administrator
‘ഞാന്‍ ചെയ്തതുപോലെ മറ്റാര്‍ക്കും ചെയ്യാനാവില്ല’
Administrator
Tuesday 11th October 2011 4:05pm

വിവാദങ്ങളുടെ തൊഴിയാണ് ബോളിവുഡ് ഐറ്റം ഗേള്‍ രാഖി സാവന്ത്. രാഖിയുടെ കഥാപാത്രങ്ങളേക്കാള്‍ ശ്രദ്ധനേടിയത് വിവാഹ റിയാലിറ്റിഷോയും ബാബ രാംദേവിനോടുള്ള പ്രണയവുമൊക്കെയായിരുന്നു. രാംദേവിനെ വിവാഹംകഴിക്കണമെന്ന പരാമര്‍ശത്തിലൂടെയാണ് അടുത്തിടെ രാഖി മാധ്യമശ്രദ്ധ നേടിയത്.

ഇപ്പോള്‍ വിവാദങ്ങളോടും വിവാദപരാമര്‍ശങ്ങളോടും രാഖി കുറച്ചുകാലത്തേക്ക് നോ പറഞ്ഞിരിക്കുകയാണ്. ചെറിയൊരിടവേളയ്ക്കുശേഷം ബിഗ് സ്‌ക്രീനില്‍ വീണ്ടുമെത്തുകയാണ് നടി. ലൂട്ട് എന്ന ചിത്രത്തില്‍ ഐറ്റം നമ്പര്‍ ചെയ്തുകൊണ്ടാണ് രാഖിയുടെ തിരിച്ചുവരവ്.

തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ രാഖി പങ്കുവയ്ക്കുന്നു. ഒപ്പം ഒരു നായിക വേഷം ചെയ്യാത്തതെന്താണെന്ന ചോദ്യത്തിനും മറുപടിയും നല്‍കുന്നു.

ലൂട്ടിലെ ഐറ്റം സോങ്ങിനെക്കുറിച്ച്
ഒരു കോമഡി ചിത്രമാണ് ലൂട്ട്. അതില്‍ ഞാനൊരു ഐറ്റം നമ്പര്‍ ചെയ്യുന്നുണ്ട്. ഏകദേശം ഒരു വര്‍ഷത്തോളമായി ഞാന്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. നല്ലൊരു ഗാനം എനിക്കായി ലഭിക്കുമെന്ന് പ്രതീക്ഷയോടെയായിരുന്നു കാത്തിരിപ്പ്. അങ്ങനെയൊന്ന് ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടയാണ്.

നല്ല സെക്‌സി കോസ്റ്റിയൂമുകളും വ്യത്യസ്തമായ സ്‌റ്റെപ്പുകളുമാണ് കൊറിയോഗ്രാഫര്‍ റെമോ എനിക്ക് കരുതിവച്ചിട്ടുള്ളത്. ലൂട്ടില്‍ ഈ നാലുപുരുഷന്‍മാരെ ഞാനെങ്ങനെയാണ് കൊള്ളയടിക്കുന്നതെന്ന് നിങ്ങള്‍ക്ക് കാണാം.

ഹീറോയിന്‍ കഥാപാത്രം ചെയ്യുന്നവര്‍ ഐറ്റം നമ്പര്‍ ചെയ്യുന്നതിനെക്കുറിച്ച് എന്താണഭിപ്രായം?
മിക്ക നായികമാരും ഐറ്റംനമ്പര്‍ അവതരിപ്പിക്കാന്‍ തുടങ്ങിയതോടെ എനിക്ക് പണിയില്ലാതായിരിക്കുന്നു. ഇന്ന് ഒരു നായിക പ്രധാനകഥാപാത്രത്തിന്റെ റോളും, നെഗറ്റീവ് റോളും, ഐറ്റംറോളും ചെയ്യും.

സിനിമയില്‍ എല്ലാവര്‍ക്കും ഒരു സ്ഥാനമുണ്ടായിരിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ഐറ്റംഗാനരംഗങ്ങളിലൂടെയാണ് ഞാന്‍ എന്റെ കരിയര്‍ ആരംഭിച്ചത്. എന്നാല്‍ ഇന്ന് നായികമാര്‍ ഐറ്റംറോള്‍ ചെയ്യുന്നു. അപ്പോള്‍ എന്നെപ്പോലുള്ളവര്‍ എങ്ങോട്ട് പോകും?

പ്രധാന കഥാപാത്രം ചെയ്യാനുള്ള ഓഫറുകളുമായി ആരെങ്കിലും സമീപിച്ചിരുന്നോ?
ഇല്ല. ജനങ്ങള്‍ എന്നെ ഒരുനായികയായി കണ്ടിട്ടില്ല. പെട്ടെന്നൊരു ദിവസം അങ്ങനെ കാണുമ്പോള്‍ അവര്‍ ഞെട്ടും. ഞാന്‍ എന്റെ കരിയര്‍ തുടങ്ങിയത് ഐറ്റം സോങ്ങിലൂടെയാണ്. ആ സ്ഥാനം ആരും ഏറ്റെടുക്കുന്നത് എനിക്കിഷ്ടമല്ല. ഒരു ഐറ്റംഗേളിന്റെ ഗുണഗണങ്ങളാണ് എന്നിലുള്ളത്. ഒരു നായികയ്ക്കുവേണ്ട ഗുണം എനിക്കുണ്ടോയെന്ന് അറിയില്ല. കരീന, കത്രീന തുടങ്ങിയവരില്‍ ഹീറോയിന്‍ ഗുണങ്ങളാണുള്ളത്. അവര്‍ക്കൊരു സോഫ്റ്റ് ഇമേജാണ്. അവരെ നിര്‍ബന്ധിച്ച് ഐറ്റം സോങ് ചെയ്യിക്കുകയാണ്.

അടുത്തിടെ കണ്ട ഏതെങ്കിലും ഐറ്റംസോങ് ഞാന്‍ചെയ്തിരുന്നെങ്കില്‍ കുറച്ചുകൂടി നന്നാവുമെന്ന് തോന്നിയിട്ടുണ്ടോ?
തീര്‍ച്ചയായും. രാവണിലെ സോങ് എന്നില്‍ അങ്ങനെയൊരു തോന്നലുണ്ടാക്കിയിട്ടുണ്ട്. അതിലെ സ്‌റ്റെപ്പുകള്‍ കുറച്ചുകൂടി ഭംഗിയില്‍ കുറേക്കൂടി എനര്‍ജെറ്റിക്കായി ചെയ്യാമായിരുന്നെന്ന് തോന്നിയിട്ടുണ്ട്.

കരീനയെയോ ഷാരൂഖിനെയോ കുറ്റപ്പെടുത്തുകയല്ല എന്റെ ഉദ്ദേശം. പക്ഷെ ആ ഒരു ഗാനത്തിനായി നല്‍കിയ എനര്‍ജി കുറഞ്ഞുപോയി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

മുന്നി, ഷൈല, ചമ്മല്‍ ചലോ തുടങ്ങിയ ഐറ്റം ഗാനങ്ങളെല്ലാം ഹിറ്റാവുന്ന രാഖിയെ സമ്മര്‍ദ്ദത്തിലാക്കുകയാണോ?
ഈ മേഖലയില്‍ ഒരു മത്സരമുണ്ടെന്നത് സത്യമാണ്. പക്ഷെ ഞാന്‍ ചെയ്യുന്നതുപോലെ മറ്റൊരാള്‍ക്കും ചെയ്യാനാവില്ല. എന്റെ ഗാനങ്ങളോട് മത്സരിക്കാനാര്‍ക്കും കഴിയില്ല.

നായികകള്‍ ഐറ്റം ഡാന്‍സ് ചെയ്യുമ്പോള്‍ അതില്‍ പുതുമയുണ്ട്. പക്ഷെ ഞങ്ങളാണ് ശരിയായ ഐറ്റംഗേള്‍സ്. ലൂട്ടിലെ ഗാനം കണ്ടാല്‍ തന്നെ അതുമനസിലാവും.

അമീര്‍ഖാന്റെ ഡെല്ലി ബെല്ലിയിലെ ഐറ്റം സോങ്ങിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
(ഈ ഗാനം ചെയ്യാന്‍ രാഖിയുള്‍പ്പെടെയുള്ള പലബോളിവുഡ് നടിമാരെയും താന്‍ സമീപിച്ചെന്നും അവരൊന്നും തയ്യാറാവാതിരുന്നതിനാലാണ് സ്വയം ചെയ്തതെന്നും അമീര്‍ പറഞ്ഞിരുന്നു.)

ആ ഗാനരംഗം മുഴുവനും അമീറിന് പ്രാധാന്യം നല്‍കുന്നതായിരുന്നു. അതില്‍ എനിക്ക് താല്‍പര്യം ഉണ്ടാക്കുന്ന ഒന്നും ഞാന്‍ കണ്ടില്ല. അനുഷ്‌ക ഡെന്‍ഡേകറിനെ ആ ഗാനത്തില്‍ അധികമൊന്നും കാണിക്കുന്നില്ല. ഞാനത് ചെയ്യാതിരുന്നത് നന്നായി. അമീറിന്റെ ഒരു സൈഡില്‍ മാത്രമേ ഞാന്‍ കാണുമായിരുന്നുള്ളൂ. പക്ഷെ അവിടെ ഞാനുണ്ടായിരുന്നെങ്കില്‍ അമീറിനെ പിന്തള്ളാന്‍ എനിക്ക് കഴിയുമെന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ട്.

ബിഗ് ബോസ് സീസണ്‍ 5നെക്കുറിച്ച് എന്താണഭിപ്രായം?

പുതിയ സീസണിന്റെ ഒരു എപ്പിസോഡുപോലും ഞാന്‍ കണ്ടിട്ടില്ല. പിന്നെങ്ങനെയാണ് ഞാനതിനെക്കുറിച്ച് അഭിപ്രായം പറയുക. 13 സ്ത്രീ സെലിബ്രിറ്റിക്കൊപ്പം ഒരു പുരുഷന്‍മാത്രമേയുള്ളൂവെന്നത് വിചിത്രമായി തോന്നി. ഞാന്‍ സഹകരിച്ചിരുന്ന ഒന്നാം സീസണ്‍ മികച്ചതായിരുന്നു.

ബിഗ് ബോസ് എനിക്കിഷ്ടമാണ്. പക്ഷെ ഇന്ന് അതിന്റെ ഘടനയ്ക്ക് മാറ്റംവരുത്തി. ശക്തി കപൂര്‍ നല്ലൊരാളാണ്. പക്ഷെ അദ്ദേഹത്തിന്റെ സ്ഥാനത്ത് ഒരു യുവാവായിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായേനെ.

വിവാദ നായിക എന്ന് നിങ്ങള്‍ പലപ്പോഴും വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ടല്ലോ. അത് വേദനിപ്പിച്ചിട്ടുണ്ടോ?
ഇല്ല. സത്യം പറയുന്നത് വിവാദമാണെങ്കില്‍ അത് വിവാദം തന്നെയാണ്. എനിക്ക് പിന്നില്‍ നിന്ന് പറയാനറിയില്ല. എന്റെ ഹൃദയത്തിലുള്ള എന്തായാലും തുറന്നുപറയും.

ആ വിശേഷണത്തെക്കുറിച്ച് ആര് ചിന്തിക്കുന്നു? ആരെങ്കിലും എന്തെങ്കിലും തുറന്നുപറയുകയാണെങ്കില്‍ അവരെ ഞാനുമായി താരതമ്യം ചെയ്യാന്‍ തുടങ്ങും. എനിക്ക് ഒരുപാട് പിന്‍ഗാമികളുണ്ട്. അതില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നു.

സിനിമയിലൂടെയുള്ള യാത്രയെ എങ്ങനെ ചുരുക്കി പറയാം?

എനിക്ക് അവസരങ്ങള്‍ ഒരുപാട് തന്ന ദൈവത്തിന് നന്ദി. ഞാന്‍ നന്നായി ചെയ്യുമ്പോഴെല്ലാം ജനങ്ങള്‍ എന്നെ അഭിനന്ദിക്കാറുണ്ട്. ചില കയറ്റങ്ങളും ഇറക്കങ്ങളും എന്റെ കരിയറിലുണ്ടായിട്ടുണ്ട്. പക്ഷെ അതെല്ലാം ഈ ജോലിയുടെ ഭാഗമാണ്.

നിങ്ങളുടെ മറ്റ് പ്രോജക്ടുകള്‍ ഏതൊക്കെയാണ്?

ഒന്ന് രണ്ട് ചിത്രങ്ങളും ചില റിയാലിറ്റി ഷോകളുമുണ്ട്. വിശദാംശങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല.

കടപ്പാട്: റെഡിഫ്.കോം

Advertisement