ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് വെള്ളിത്തിരയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. രജനി സുഖം പ്രാപിക്കില്ല, അഭിനയം നിര്‍ത്തുന്നു, റാണ അവസാന ചിത്രമായിരിക്കും തുടങ്ങി നിരവധി ഗോസിപ്പുകളും ഇതിന് പിന്നാലെയുണ്ടായി. എന്നാല്‍ താന്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് മുന്നിലെത്തുമെന്ന് പ്രേക്ഷകരോട് സാക്ഷാല്‍ സ്‌റ്റൈല്‍ മന്നന്‍ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്.
ചെന്നൈയില്‍ നാശം വിതച്ച താനെ ചുഴലിക്കാറ്റ് ദുരന്തത്തിനിരയായവര്‍ക്കുള്ള ധനസഹായമായ 10 ലക്ഷം രൂപ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു രജനികാന്ത്. അസുഖത്തിന് ശേഷം താന്‍ ആദ്യമായാണ് ജയലളിതയെ കാണുന്നതെന്നും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചതെന്നും രജനികാന്ത് പറഞ്ഞു.
മകള്‍ സൗന്ദര്യ സംവിധാനം ചെയ്യുന്ന “കൊച്ചടിയാന്‍” എന്ന ചിത്രത്തിന്റെ തിരക്കിലാണ് രജനിയിപ്പോള്‍. കെ.എസ്.രവികുമാര്‍ കഥയും തിരക്കഥയും രചിക്കുന്ന ചിത്രം ത്രീ ഡിയുടെ അനന്ത സാധ്യതകള്‍ നന്നായി ഉപയോഗിച്ചിരിക്കുന്ന ഒന്നായിരിക്കുമെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
“റാണ” എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് രജനികാന്ത് അസുഖബാധിതനായത്. ചെന്നൈയിലെ രണ്ടു ആശുപത്രികളില്‍ ചികിത്സയ്ക്കു ശേഷം വിദഗ്ദ്ധ പരിചരണത്തിനായി സിംഗപ്പൂര്‍ മൗണ്ട് എലിസബത്ത് ആശുപത്രിയിലും രജനികാന്ത് പോയിരുന്നു. ഇതിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ രജനിക്ക് ആരാധകര്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ചികിത്സയ്ക്കുശേഷം വിശ്രമത്തിലായിരുന്നു രജനി ഇതുവരെ.