എഡിറ്റര്‍
എഡിറ്റര്‍
‘ആരും മറക്കരുത്, ഇന്ത്യയുടേത് ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥ’; യശ്വന്ത് സിന്‍ഹയെ തള്ളി രാജ്‌നാഥ് സിംഗ്
എഡിറ്റര്‍
Wednesday 27th September 2017 6:24pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായെത്തിയ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹയ്ക്ക് മറുപടിയുമായി രാജ്‌നാഥ് സിംഗ്. ലോകത്തെ ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്നായിരുന്നു രാജ്‌നാഥ് സിംഗിന്റെ മറുപടി. അതാരും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ വിശ്വാസ്യത അന്താരാഷ്ട്ര തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടതാണെന്നും അന്താരാഷ്ര രംഗത്ത് ഇന്ത്യയുടെ പ്രതിച്ഛായ ശക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പട്ടു. ഇതൊന്നും ആരും മറക്കരുതെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ സമ്പദ് ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ജെയ്റ്റ്ലി പരാജയപ്പെട്ടെന്നും 2019ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് മാന്ദ്യം മറികടക്കാന്‍ കഴിയില്ലെന്നുമായിരുന്നു മുന്‍ ധനകാര്യ മന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹയുടെ വിമര്‍ശനം.


Also Read:  എല്ലാ ഇന്ത്യക്കാര്‍ക്കും ദാരിദ്രം നല്‍കാനാണ് ജെയ്റ്റ്‌ലിയുടെ ശ്രമം; മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് ബി.ജെ.പി നേതാവിന്റെ ലേഖനം


ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ‘എനിക്കിപ്പോള്‍ സംസാരിക്കണം’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് വാജ്‌പേയി മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന സിന്‍ഹ മോദി മന്ത്രിസഭയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

ആഗോള വിപണിയില്‍ എണ്ണ വില താഴ്ന്നിട്ടും ധനസമാഹരണത്തിലൂടെ സാമ്പത്തിക ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ജെയ്റ്റിലി പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ദാരിദ്ര്യം വളരെ അടുത്ത് നിന്ന് കണ്ടിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ അതുപോലൊരു അനുഭവം എല്ലാ ഇന്ത്യക്കാര്‍ക്കും നല്‍കാനാണ് അദ്ദേഹത്തിന്റെ ധനകാര്യമന്ത്രി ഇപ്പോള്‍ അധിക ജോലിയെടുക്കുന്നതെന്നും സിന്‍ഹ പരിഹസിച്ചിരുന്നു.

Advertisement