രാജി ഭീഷണി മുഴക്കി രാജ്‌നാഥ് സിംഗ്; മോദി-ഷാ സഖ്യത്തിന് തുടക്കത്തില്‍ തന്നെ തിരിച്ചടി
ജിതിന്‍ ടി പി

കേന്ദ്രമന്ത്രിസഭയുടെ സുപ്രധാന സമിതികളില്‍ നിന്നും ഒഴിവാക്കിയ രാജ്‌നാഥ് സിംഗ് രാജിഭീഷണി മുഴക്കിയതോടെ കൂടുതല്‍ സമിതികളില്‍ ഉള്‍പ്പെടുത്തി. സുപ്രധാന സമിതികളില്‍ നിന്നും മുന്‍ പാര്‍ട്ടിയധ്യക്ഷന്‍ കൂടിയായ രാജ്നാഥ് സിങിനെ ഒഴിവാക്കിയത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. പിന്നീട് ഇന്നലെ രാത്രിയോടെയാണ് രാജ് നാഥ് സിങിനെ കൂടുതല്‍ പദവികളില്‍ ഉള്‍പ്പെടുത്തിയത്.

ആദ്യം സുരക്ഷാ, സാമ്പത്തിക കാര്യസമിതി എന്നിവയില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയത്. ഏറ്റവും സുപ്രധാനമായ രാഷ്ട്രീയകാര്യ സമിതിയില്‍ പോലും രാജ്നാഥ്സിങ് ഉള്‍പ്പെട്ടിരുന്നില്ല.

എന്നാല്‍ രാത്രിയോടെ ഇദ്ദേഹത്തെ ആറ് സമിതികളില്‍ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. പാര്‍ലമെന്ററി കാര്യം, രാഷ്ട്രീയ കാര്യം, നിക്ഷേപം, തൊഴില്‍, നൈപുണ്യ വികസനം എന്നീ സമിതികളിലാണ് ഉള്‍പ്പെടുത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ആറ് കമ്മിറ്റികളിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ കമ്മിറ്റികളിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടെ അമിത്ഷായെ മന്ത്രിസഭയിലെ രണ്ടാമത്തെ അധികാരകേന്ദ്രമാക്കുന്നതാണ് പുനസംഘടനയെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

പാര്‍ട്ടിയില്‍ ഇതിനോടകം തന്നെ ശക്തനായ അമിത് ഷാ മന്ത്രിസഭയിലും പിടിമുറുക്കുന്നതില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ അസ്വാരസ്യങ്ങളുണ്ടായിരുന്നു.

രാഷ്ട്രീയ കാര്യങ്ങള്‍ക്കായുള്ളതുള്‍പ്പെടെ ആകെയുള്ള 8 മന്ത്രിസഭാ സമിതികളില്‍ ആറിലും പ്രതിരോധമന്ത്രി എന്നതിനെക്കാള്‍, മന്ത്രിസഭയിലെ രണ്ടാമനായ രാജ്‌നാഥ് സിങ്ങിനെ ഉള്‍പ്പെടുത്തേണ്ടെന്ന തീരുമാനം തിരുത്തേണ്ടിവന്നത് രണ്ടാം മോദി സര്‍ക്കാരിനു തുടക്കത്തില്‍തന്നെ തിരിച്ചടിയായി.

കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്ര സഹമന്ത്രിയായ വി. മുരളീധരന്‍ പോലും പാര്‍ലമെന്ററി കാര്യ കമ്മിറ്റിയില്‍ പ്രത്യേകം ക്ഷണിതാവാണ്.

മന്ത്രിസഭാ സമിതികളില്‍ ആരൊക്കെ ഉള്‍പ്പെടണമെന്നത് പ്രധാനമന്ത്രിയുടെ തീരുമാനമാണ്. അതുകൊണ്ടുതന്നെ ആദ്യ തീരുമാനം മോദിയും അമിത് ഷായും നയിക്കുന്ന ‘ടീം ഗുജറാത്തി’ന്റെ മേല്‍ക്കൈയായി വ്യാഖ്യാനിക്കപ്പെട്ടു.

പാര്‍ലമെന്ററി കാര്യവും നിയമനവും കൂടാതെ സാമ്പത്തികകാര്യം, സുരക്ഷ, അക്കോമഡേഷന്‍, രാഷ്ട്രീയകാര്യം, നിക്ഷേപം-വളര്‍ച്ച, തൊഴില്‍-നൈപുണ്യവികസനം എന്നീ വിഭാഗങ്ങളിലുള്ള കമ്മിറ്റികളാണ് പുനഃസംഘടിപ്പിച്ചത്.

നിയമന കമ്മിറ്റിയില്‍ മോദിക്കും ഷായ്ക്കും പുറമേ ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, ധനമന്ത്രി നിര്‍മലാ സീതാരാമന്‍, റെയില്‍മന്ത്രി പീയുഷ് ഗോയല്‍ എന്നിവരുമുണ്ട്.

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.