'കോണ്‍ഗ്രസുകാരും ലീഗുകാരും മാത്രം വോട്ട് ചെയ്തിട്ടല്ല ജയിച്ചത്, ബി.ജെ.പിക്കാരും കമ്മ്യൂണിസ്റ്റുകാരും വോട്ട് ചെയ്തതുകൊണ്ടാണ്'- രാജ്‌മോഹന്‍ ഉണ്ണിത്താന്‍
kERALA NEWS
'കോണ്‍ഗ്രസുകാരും ലീഗുകാരും മാത്രം വോട്ട് ചെയ്തിട്ടല്ല ജയിച്ചത്, ബി.ജെ.പിക്കാരും കമ്മ്യൂണിസ്റ്റുകാരും വോട്ട് ചെയ്തതുകൊണ്ടാണ്'- രാജ്‌മോഹന്‍ ഉണ്ണിത്താന്‍
ന്യൂസ് ഡെസ്‌ക്
Saturday, 13th July 2019, 7:10 pm

കാസര്‍കോട്: കോണ്‍ഗ്രസുകാരും ലീഗുകാരും മാത്രം വോട്ട് ചെയ്തിട്ടല്ല താന്‍ ജയിച്ചതെന്നും ബി.ജെ.പിക്കാരും കമ്മ്യൂണിസ്റ്റുകാരും വോട്ട് ചെയ്തതുകൊണ്ടാണെന്നും കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തനിക്കുവേണ്ടി വോട്ട് പിടിച്ചതിന്റെ പേരില്‍ മഞ്ചേശ്വരത്ത് രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരെ സി.പി.ഐ.എം പുറത്താക്കിയെന്നും അദ്ദേഹം പറഞ്ഞതായി സമകാലിക മലയാളം റിപ്പോര്‍ട്ട് ചെയ്തു.

‘കമ്മ്യൂണിസ്റ്റുകാര്‍ 30 കൊല്ലമായി അവര്‍ തെരഞ്ഞെടുക്കുന്ന എം.പിയെ കണ്ടുമടുത്താണ് മാറ്റത്തിനായി വോട്ട് ചെയ്തത്. ശബരിമലയില്‍ പിണറായി വിജയന്‍ കാണിച്ച നിഷേധാത്മക നിലപാട് ഈശ്വരവിശ്വാസികളായ അയ്യപ്പഭക്തന്മാരില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കി. അതുകൊണ്ട് ബി.ജെ.പിക്കാരും എനിക്ക് വോട്ട് ചെയ്തു.’- അദ്ദേഹം പറഞ്ഞു.

‘ഞാന്‍ നിങ്ങളോട് പറയുകയാണ്, നിങ്ങള്‍ക്ക് ഒരു ദുഃഖമോ സന്തോഷമോ ഉണ്ടായാല്‍ എന്നെ അറിയിക്കണം. ഞാന്‍ ഓടിയെത്തും. ഈ നാട്ടില്‍ ഒരു കല്യാണം, ഒരു നിക്കാഹ്, പാലുകാച്ചല്‍, പള്ളിയില്‍ ഉറൂസ് തുടങ്ങി എന്തുകാര്യമുണ്ടെങ്കിലും എന്നെ അറിയിക്കണം. ഇനി ഈ നാടിന്റെ സന്തോഷം എന്റെ കൂടി സന്തോഷമാണ്. ഇനി ഈ നാടിന്റെ സുഖത്തിലും ദുഃഖത്തിലും ഞാനുണ്ടാകും.

ഒരു മാറ്റത്തിനായി വോട്ട് ചെയ്ത കമ്മ്യൂണിസ്റ്റുകാരോട് ഞാന്‍ പറയുന്നു. മാറ്റം ഇവിടെ നിന്നു തുടങ്ങുന്നു. ഇന്നലെവരെ ഒരു എം.പിയെ കാണണമെങ്കില്‍ നിങ്ങള്‍ക്ക് ബ്രാഞ്ച് കമ്മിറ്റിയുടെ കത്ത്, ലോക്കല്‍ കമ്മിറ്റിയുടെ കത്ത്, ഏരിയാ കമ്മിറ്റിയുടെ കത്ത് വേണമാിരുന്നു. ചെന്നാലോ, എം.പിയെ കാണാന്‍ പറ്റുമായിരുന്നില്ല. നിങ്ങളുടെ കൈയിലെ വോട്ട് കൊടുത്ത് ജയിപ്പിച്ച ആളെക്കാണാന്‍ കയറിനിരങ്ങേണ്ടത് എന്തൊരു ഗതികേടാണ്. എന്നാല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്ന എം.പിയെ കാണാന്‍ ആരുടെയും ശുപാര്‍ശക്കത്ത് വേണ്ട. ഒരു പാര്‍ട്ടി ഓഫീസിലും പോകണ്ട. കാസര്‍കോട്ടെ വോട്ടര്‍പട്ടികയില്‍ പേരുണ്ടായാല്‍ മാത്രം മതി.

ഞാന്‍ മത്സരിച്ചത് കോണ്‍ഗ്രസ് ടിക്കറ്റിലാണ്. എന്നെ ജയിപ്പിച്ചത് യു.ഡി.എഫ്. എനിക്ക് വോട്ട് ചെയ്തത് ജനങ്ങള്‍. പക്ഷേ ഞാന്‍ കോണ്‍ഗ്രസിന്റെ മാത്രം ജനപ്രതിനിധിയല്ല. ജനങ്ങളുടെ എം.പിയാണ്.

മാര്‍ക്‌സിസ്റ്റുകാരോട് ഒരുപദേശം കൂടി. എല്ലാവരെയും കൊന്ന് കൊന്ന് ഇപ്പോള്‍ അവര്‍ പരസ്പരം കുത്തുകയാണ്. യാദവകുലം തകര്‍ന്നപോലെ സി.പി.ഐ.എം തകരും. പകയുടെ രാഷ്ട്രീയം, കഠാര രാഷ്ട്രീയം, കൊലപതാക രാഷ്ട്രീയം ഇവിടെ അവസാനിപ്പിക്കണം. കാറല്‍ മാര്‍ക്‌സ് ആരെയും കൊല്ലാന്‍ പറഞ്ഞിട്ടില്ല. ബൂത്ത് പിടിക്കാന്‍ പറഞ്ഞിട്ടില്ല. പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കാന്‍ പറഞ്ഞിട്ടില്ല. മാര്‍ക്‌സിസം സ്‌നേഹത്തില്‍ അധിഷ്ഠിതമാണ്, സാഹോദര്യത്തില്‍ അധിഷ്ഠിതമാണ്.’- അദ്ദേഹം പറഞ്ഞു.

‘നിങ്ങളറിയാതെ നിങ്ങളുടെ കാലുതൊട്ട് വന്ദിച്ചാണ് ഞാന്‍ പാര്‍ലമെന്റില്‍ കയറിയത്. കാരണം 50 വര്‍ഷം സംശുദ്ധമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ എനിക്ക് ഒന്നുമാകാന്‍ കഴിയാതെ പോയ എനിക്ക് ലോകത്തിലെ വലിയ നിയമനിര്‍മാണസഭയില്‍ കയറാന്‍ അവസരമുണ്ടാക്കിയത് നിങ്ങളാണ്. അതുകൊണ്ട് മരിക്കുന്നതുവരെ നിങ്ങളെ മറക്കില്ല. ഇനി നിങ്ങളല്ലാതെ എനിക്കു മറ്റാരുമല്ല. മരണം വരെ നിങ്ങളോടൊപ്പം ഉണ്ടാകും.

ഒന്നാംതീയതി മുതല്‍ ഞാന്‍ ഇവിടെ സ്ഥിരതാമസമാണ്. കൂടെക്കൂടെ വരും. വരുമ്പോള്‍ നിങ്ങളുടെ വീടുകളില്‍ക്കയറും. നിങ്ങള്‍ ചായ തന്നാല്‍ കുടിക്കും. അത് മാര്‍ക്‌സിസ്റ്റുകാരന്റെ വീടായാല്‍ അവിടുന്നും കുടിക്കും. ഇനി അവരെന്നെ കൊല്ലാന്‍ വിഷം തന്നാലും കുടിക്കും. എനിക്കു പേടിയില്ല. ഞാന്‍ നിങ്ങളെയെല്ലാം ഒരേപോലെ സ്‌നേഹിക്കുന്നു. നിങ്ങളുടെ ദാസനാണ് ഞാന്‍. നിങ്ങള്‍ എന്റെ യജമാനന്മാരാണ്.’- ഉണ്ണിത്താന്‍ പറഞ്ഞു.