രാഹുല്‍ മത്സ്യത്തൊഴിലാളിക്കൊപ്പം ആഴക്കടലിലേക്ക് എടുത്തു ചാടി, പിണറായിക്കാവുമോ ഇതിനൊക്കെ?: രാജ്‌മോഹന്‍ ഉണ്ണിത്താന്‍
Kerala News
രാഹുല്‍ മത്സ്യത്തൊഴിലാളിക്കൊപ്പം ആഴക്കടലിലേക്ക് എടുത്തു ചാടി, പിണറായിക്കാവുമോ ഇതിനൊക്കെ?: രാജ്‌മോഹന്‍ ഉണ്ണിത്താന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th February 2021, 1:51 pm

കോഴിക്കോട്: രാഹുല്‍ ഗാന്ധിക്കെതിരായ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവനയില്‍ മറുപടിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. മീഡിയോ വണ്‍ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘രാഹുല്‍ മത്സ്യത്തൊഴിലാളികളോടൊപ്പം ചെല്ലുമ്പോള്‍ അവരിലൊരാളായി മാറുന്നു, ചെറുപ്പക്കാരോടൊപ്പം ചെല്ലുമ്പോള്‍ അവരിലൊരാളായി മാറുന്നു, കശുവണ്ടി തൊഴിലാളികളുടെ അടുത്തെത്തുമ്പോള്‍ അവരിലൊരാളായി മാറുന്നു, കൃഷിക്കാരോടൊപ്പം ചെല്ലുമ്പോള്‍ അവരോടൊപ്പം ട്രാക്ടര്‍ ഓടിച്ച് അവര് ചെയ്യുന്ന പണി അദ്ദേഹം അനുകരിക്കുന്നു,’ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയ ഒരു തൊഴിലാളിയോടൊപ്പം രാഹുല്‍ ഗാന്ധി കടലിലേക്ക് എടുത്തു ചാടിയ പോലെ പിണറായി വിജയനെക്കൊണ്ടാവുമോ എന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു.

‘രാഹുല്‍ ആ മത്സ്യത്തൊഴിലാളിക്കൊപ്പം ആഴക്കടലിലേക്ക് എടുത്തു ചാടി. എല്ലാവരും ഞെട്ടിത്തരിച്ച് പോയി. പിണറായി വിജയനെക്കൊണ്ടാവുമോ ഇത്?,’ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു.

രാഹുല്‍ ഗാന്ധി പരാജയപ്പെട്ട നേതാവാണെന്ന എ. വിജയരാഘവന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കൊണ്ടായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം.

നാവില്‍ വികട സരസ്വതി വിളങ്ങുന്ന നേതാവാണ് വിജയരാഘവന്‍ എന്നും ഉണ്ണിത്താന്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ മടങ്ങിവരും വരെ വിവരക്കേട് വിളമ്പാന്‍ വേണ്ടി പാര്‍ട്ടി ചുമതലപ്പെടുത്തിയ ആളായാണ് വിജയരാഘവനെ തങ്ങള്‍ കാണുന്നതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

രാഹുലിനെതിരെ വിജയരാഘവന്‍ പറഞ്ഞ കാര്യങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു എന്നും ഉണ്ണിത്താന്‍ പറഞ്ഞു.

ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള വലതുപക്ഷ ഗൂഢാലോചനയുടെ ഭാഗമായാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത് എന്നും മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും വിജയരാഘവന്‍ പറഞ്ഞിരുന്നു.
വയനാട്ടില്‍ 2000 കോടി രൂപയുടെ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്നും അതുപോലും മനസ്സിലാക്കാന്‍ കഴിയാത്ത ആളാണ് രാഹുലെന്നും വിജയരാഘവന്‍ വിമര്‍ശിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഐശ്വര്യ കേരള യാത്രയുടെ സമാപന ചടങ്ങില്‍ രാഹുല്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Rajmohan Unnitha about Rahul Gandhi and his Kerala visit