എഡിറ്റര്‍
എഡിറ്റര്‍
രാജീവ് വധക്കേസിലെ പ്രതികളെ വിട്ടയക്കരുതെന്ന് സുപ്രീം കോടതി: ശിക്ഷാ ഇളവില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്രം
എഡിറ്റര്‍
Wednesday 2nd December 2015 11:10am

supreme-court-01ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീം കോടതി.

ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതികള്‍ക്ക് ഇളവ് നല്‍കാനുള്ള തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രാജീവ് വധക്കിലെ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കുമെന്നും കോടതി അറിയിച്ചു.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ക്ക് തിരിച്ചടിയാണ് സുപ്രീം കോടതിയുടെ ഈ വിധി.

രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.

രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്ന് പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ ശിക്ഷ ദയാഹര്‍ജി തീര്‍പ്പാക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി സുപ്രീംകോടതി നേരത്തേ ഇളവുചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നടപടി ആരംഭിച്ചിരുന്നത്.

ആയുധനിയമം ഉള്‍പ്പടെയുള്ള നിയമങ്ങള്‍ ചുമത്തപ്പെട്ടതിനാല്‍ പ്രതികളെ വിട്ടയക്കാന്‍ സംസ്ഥാന സര്‍ക്കാരിനാവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. എന്നാല്‍ ഈ വകുപ്പുകളില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ പ്രതികളെ വിട്ടയക്കാമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതികള്‍ക്ക് ഇളവ് നല്‍കാനുള്ള തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു

ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അദ്ധ്യക്ഷനായ അഞ്ചംഗ ബഞ്ചിന്റേതാണ് വിധി. രാജീവ് വധക്കേസിലെ ഏഴ് പ്രതികളുടെ മോചനം സംബന്ധിച്ച് ഇപ്പോള്‍ തീരുമാനമെടുക്കാനാവില്ലെന്നും ഇക്കാര്യം മൂന്നംഗ വിചാരണ ബഞ്ചിന്റെ പരിഗണനയ്ക്ക് വിടാന്‍ ഭരണഘടനാ ബഞ്ച് തീരുമാനിച്ചു.

മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍
പ്രതികളെ ഈ ഘട്ടത്തില്‍ വിട്ടയയ്ക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ മൂന്നംഗ ബഞ്ച് തീരുമാനമെടുക്കും.

അതേസമയം ജീവപര്യന്തം കാലാവധിയുമായി ബന്ധപ്പെട്ട് ഭരണഘടനാ ബെഞ്ചില്‍ ഭിന്നാഭിപ്രായം ഉയരുകയും ചെയ്തിട്ടുണ്ട്. ജീവപര്യന്തം എന്നാല്‍ ജീവിതകാലം മുഴുവന്‍ ആണെന്നാണ് ഒരു വിഭാഗം വാദിച്ചത്.

ശിക്ഷാ ഇളവ് നല്‍കാനുള്ള സംസ്ഥാനങ്ങളുടെ അധികാര പരിധി, പ്രത്യേക കേസുകളില്‍ ജീവപര്യന്തം എന്നത് ജീവിതാവസാനം വരെയുള്ള തടവാക്കണോ എന്ന കാര്യം തുടങ്ങിയവ ഭരണഘടന ബഞ്ച് പരിഗണിയ്ക്കും. പ്രതികളെ വിട്ടയയ്ക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

Advertisement