തമിഴ്‌നാടിനെ വെച്ച് നോക്കിയാല്‍ കേരളത്തില്‍ ജാതി പ്രശ്‌നങ്ങള്‍ കുറവാണ്, നോര്‍ത്തിലൊന്നും ഇതല്ല അവസ്ഥ: രജിഷ വിജയന്‍
Entertainment news
തമിഴ്‌നാടിനെ വെച്ച് നോക്കിയാല്‍ കേരളത്തില്‍ ജാതി പ്രശ്‌നങ്ങള്‍ കുറവാണ്, നോര്‍ത്തിലൊന്നും ഇതല്ല അവസ്ഥ: രജിഷ വിജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 15th February 2023, 8:30 pm

മറ്റ് സംസ്ഥാനങ്ങളെ വച്ച് നോക്കുമ്പോള്‍ കേരളത്തില്‍ ജാതി മൂലമുളള പ്രശ്‌നങ്ങള്‍ കുറവാണെന്നും, ജാതി സമ്പ്രദായം സമൂഹത്തില്‍ നിന്ന്
എടുത്ത് കളയേണ്ട സമയം അതിക്രമിച്ചെന്നും നടി രജിഷ വിജയന്‍.

രജിഷ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രം ലവ് ഫുള്ളി യുവര്‍ വേദയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് അറിയിച്ചത്.

കര്‍ണ്ണന്‍, ജയ് ഭീം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷമാണ് ജാതീയതയുടെ ഭീകരാവസ്ഥ താന്‍ മനസിലാക്കിയതെന്നും, നോര്‍ത്തിന്ത്യന്‍ സംസ്ഥാനങ്ങളെ വെച്ച് നോക്കുമ്പോള്‍ കേരളത്തില്‍ കുറച്ച് കൂടി മെച്ചപ്പെട്ട സാമൂഹ്യ സ്ഥിതിയാണ് നിലനില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു.

‘ഒരു രീതിയിലും ആവശ്യമില്ലാത്ത സാധനമാണ് കാസ്റ്റ്. എന്തിന് ഇതുണ്ടാക്കി വെച്ചെന്ന് എനിക്ക് മനസിലായിട്ടില്ല. അതൊരു ഹൊറിബ്ള്‍ സിസ്റ്റമാണ്. അതൊക്കെ എന്നോ എടുത്ത് കളയേണ്ട സമയം അതിക്രമിച്ചു എന്നാണ് എനിക്ക് തോന്നുന്നത്.

കര്‍ണനും, ജയ് ഭീമും പോലുള്ള സിനിമകള്‍ ചെയ്തപ്പോഴാണ് എത്രമാത്രം ജാതി ഇന്നും നമ്മുടെ സമൂഹത്തില്‍ നില നില്‍ക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നത്.

നമ്മുടെ നാട്ടില്‍ പിന്നെയും അത് അത്രക്ക് അറിയുന്നില്ല. നോര്‍ത്തിലോ, തമിഴ്‌നാട്ടിലോ, ആന്ധ്രയിലുമൊക്കെ പോവുമ്പോഴാണ് നമുക്ക് അതറിയാന്‍ സാധിക്കുന്നത്. ജാതിയുടെ പേരിലൊക്കെ തഴയപ്പെടുന്ന ആളുകളും, ദുരഭിമാനക്കൊലകളും ഇന്നും അവിടെയൊക്കെ സംഭവിക്കുന്നുണ്ട്.

അത് കൊണ്ട് തന്നെ ഒരു രീതിയിലും ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കാന്‍ പാടില്ലാത്ത ഒരു സാധനം തന്നെയാണ് ജാതി എന്ന് ഞാന്‍ വിശ്വസിക്കുന്നു,’ രജിഷ പറഞ്ഞു.


ജാതി വ്യവസ്ഥയുടെ ഭീകരാവസ്ഥ പ്രമേയമാക്കി 2021ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളാണ് ധനുഷ് നായകനായ കര്‍ണനും, സൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജയ് ഭീമും. രണ്ട് ചിത്രങ്ങളിലെയും രജിഷയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.

Content highlight: Rajisha vijayan comment on cast system