വെള്ള ഉടുപ്പും കാലില്‍ പാദസരവുമിട്ട്, മുടി അഴിച്ചിട്ട്, വത്തക്കയില്‍ ഒരു മെഴുകുതിരിയും വെച്ച് ഞാന്‍ നടന്നു; അയ്യോ അമ്മച്ചീ എന്ന നിലവിളിയായിരുന്നു; സര്‍പ്രൈസ് കഥ പറഞ്ഞ് രജിഷ വിജയന്‍
Entertainment news
വെള്ള ഉടുപ്പും കാലില്‍ പാദസരവുമിട്ട്, മുടി അഴിച്ചിട്ട്, വത്തക്കയില്‍ ഒരു മെഴുകുതിരിയും വെച്ച് ഞാന്‍ നടന്നു; അയ്യോ അമ്മച്ചീ എന്ന നിലവിളിയായിരുന്നു; സര്‍പ്രൈസ് കഥ പറഞ്ഞ് രജിഷ വിജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th May 2022, 7:51 pm

അമ്മയുടെ പിറന്നാളിന് കൊടുത്ത ഒരു കിടിലന്‍ സര്‍പ്രൈസിന്റെ കഥ പറഞ്ഞ് നടി രജിഷ വിജയന്‍. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

സര്‍പ്രൈസ് കൊടുക്കാന്‍ ശ്രമിച്ചിട്ട് അത് പരാജയപ്പെട്ടിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രജിഷ.

”എന്റെ സര്‍പ്രൈസുകളെല്ലാം അടിപൊളിയാണ്. ഇതുവരെ ഒന്നും പൊളിഞ്ഞിട്ടില്ല. ഞാന്‍ മിക്കവാറും ബര്‍ത്ത്‌ഡേയ്ക്കാണ് സര്‍പ്രൈസുകള്‍ കൊടുക്കാറ്. അതെല്ലാം പൊതുവെ വര്‍ക്കാവാറുണ്ട്.

എന്റെ അമ്മയുടെ ബര്‍ത്ത്‌ഡേയ്ക്ക് ഇങ്ങനെ സര്‍പ്രൈസ് കൊടുത്തിരുന്നു.

അമ്മ എന്റെയടുത്ത് രണ്ട് ദിവസമായി ഭയങ്കര പിണക്കമായിരുന്നു. ഒരു കാര്യവുമില്ലാതെ അമ്മയും ഞാനും തമ്മില്‍ വെറും സൗന്ദര്യപ്പിണക്കം. അമ്മയുടെ പിറന്നാളായിട്ടും അമ്മ എന്നോട് മിണ്ടുന്നില്ല.

അന്ന് രാത്രി പന്ത്രണ്ട് മണിക്കായിരുന്നു ബര്‍ത്ത്‌ഡേ, ഞാന്‍ ആവുന്നത്ര ശ്രമിച്ചുനോക്കുന്നുണ്ട്. പക്ഷെ അമ്മ എന്നെ മൈന്‍ഡ് ചെയ്യുന്നില്ല.

ഞാന്‍ ഒരു കാര്യം ചെയ്തു. ഞാന്‍ വെള്ള ഉടുപ്പൊക്കെ ഇട്ട്, കാലില്‍ ചിലും ചിലും ശബ്ദമുള്ള പാദസരമിട്ട്, മുടി അഴിച്ചിട്ട്, വത്തക്കയില്‍ ഒരു മെഴുകുതിരിയും വെച്ചു. ഞാന്‍ രാത്രി അച്ഛനും അമ്മയും കിടക്കുന്ന റൂമിന്റെ ഡോര്‍ തുറന്ന് അതിന്റെ മുന്നിലൂടെ പാദസരം കിലുക്കിക്കൊണ്ട് രണ്ടുമൂന്ന് തവണ നടന്നു.

അയ്യോ അമ്മച്ചീ, എന്നും പറഞ്ഞ് അച്ഛനും അമ്മയും ഞെട്ടി എണീറ്റു. അത് കഴിഞ്ഞ് രണ്ടാഴ്ച ലൈറ്റ് ഓണ്‍ ആക്കി വെച്ചാണ് അമ്മ കിടന്നുറങ്ങിയത്.

അമ്മ പാവം ഭയങ്കരമായി പേടിച്ചുപോയി. എന്നാലും അന്ന് നീ അങ്ങനെ ചെയ്തുകളഞ്ഞല്ലോ എന്ന് അമ്മ ഇപ്പോഴും പറയാറുണ്ട്. ഇങ്ങനെ ചില യമണ്ടന്‍ സര്‍പ്രൈസുകളുണ്ട്,” രജിഷ വിജയന്‍ പറഞ്ഞു.

രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കീടം ആണ് രജിഷയുടെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ശ്രീനിവാസന്‍, മണികണ്ഠന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

അതിന് മുമ്പായി ആസിഫ് അലിക്കൊപ്പം രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായി ജിബു ജേക്കബ് സംവിധാനം ചെയ്ത എല്ലാം ശരിയാകും തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു.

Content Highlight: Rajisha Vijayan about a birthday surprise she has given to her mother