ഈ 2022 അവന്റേതാണ്; യുവതാരത്തിന് ആശംസയുമായി സഞ്ജുവിന്റെ രാജസ്ഥാന്‍
Sports News
ഈ 2022 അവന്റേതാണ്; യുവതാരത്തിന് ആശംസയുമായി സഞ്ജുവിന്റെ രാജസ്ഥാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 24th November 2022, 10:57 pm

വരാനിരിക്കുന്ന ഐ.പി.എല്ലിന് മുമ്പായി രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയവരില്‍ പ്രധാനിയാണ് യുവതാരം യശസ്വി ജെയ്‌സ്വാള്‍. ജോസ് ബട്‌ലറിനൊപ്പം രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് അവിസ്മരണീയമാക്കിയ ഈ 20കാരന്‍ റോയല്‍സിന്റെ നിരവധി വിജയങ്ങളിലും നിര്‍ണായകമായിരുന്നു.

രാജസ്ഥാനെ ഫൈനല്‍ വരെയെത്തിക്കാന്‍ ജെയ്‌സ്വാള്‍ വഹിച്ച പങ്ക് ചില്ലറയല്ല. ഐ.പി.എല്‍ 2022ല്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലെ താരത്തിന്റെ ഹാര്‍ഡ് ഹിറ്റിങ് ഒരു രാജസ്ഥാന്‍ ആരാധകനും മറക്കാന്‍ ഇടയില്ല.

രണ്ട് മത്സരത്തില്‍ തോറ്റ രാജസ്ഥാനെ വിജയപാതയിലേക്ക് മടക്കിക്കൊണ്ടുവന്നത് ജെയ്‌സ്വാളിന്റെ ഇന്നിങ്‌സായിരുന്നു. ഒരുവശത്ത് വന്‍മരങ്ങള്‍ കടപുഴകി വീഴുമ്പോള്‍ മറുവശത്ത് ആഞ്ഞടിച്ചായിരുന്നു ജെയ്‌സ്വാള്‍ പഞ്ചാബ് ഉയര്‍ത്തിയ 190 റണ്‍സിന്റെ വിജയലക്ഷ്യം മറികടന്നത്.

രാജസ്ഥാന്റെ വിജയത്തിനൊപ്പം മോശം ഫോമില്‍ ഉഴറിയിരുന്ന ജെയ്‌സ്വാളിന്റെ തിരിച്ചുവരവുകൂടിയായിരുന്നു ആ മത്സരത്തില്‍ കണ്ടത്. തുടര്‍ന്നങ്ങോട്ടുള്ള താരത്തിന്റെ വെടിക്കെട്ട് രാജസ്ഥാനെ ഫൈനല്‍ വരെയെത്തിച്ചു.

ഐ.പി.എല്ലില്‍ മാത്രമല്ല, ആഭ്യന്തര ക്രിക്കറ്റിലും ജെയ്‌സ്വാള്‍ ആഞ്ഞടിച്ചു. ഒന്നിന് പിറകെ ഒന്നായി റണ്‍മലകള്‍ താണ്ടിക്കൊണ്ടായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായ ഈ കൊച്ചുപയ്യന്‍ ക്രിക്കറ്റിനെ ആഘോഷമാക്കിയത്.

ഈ വര്‍ഷത്തെ താരത്തിന്റെ പ്രകടനം ഏതൊരു ക്രിക്കറ്റര്‍ക്കും പ്രചോദനമാകുന്നതാണ്. യശസ്വി ജെയ്‌സ്വാളിന്റെ ഈ വര്‍ഷത്തെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയ രാജസ്ഥാന്‍ റോയല്‍സിന്റെ ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ഐ.പി.എല്ലിലെയും രഞ്ജിയിലെയും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെയും ദുലീപ് ട്രോഫിയിലെയും വിജയ് ഹസാരെ ട്രോഫിയിലെയുമടക്കമുള്ള താരത്തിന്റെ പ്രകടനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് രാജസ്ഥാന്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, ബംഗ്ലാദേശിനെതിരെ നടക്കുന്ന ഫോര്‍ ഡേ ഗെയിമിനുള്ള ഇന്ത്യ എ ടീമിലും താരം ഇടം കണ്ടെത്തിയിരുന്നു. പരമ്പരയിലെ രണ്ട് മത്സരത്തിലും താരം ഉള്‍പ്പെട്ടിട്ടുണ്ട്. ജെയ്‌സ്വാളിന് പുറമെ രാജസ്ഥാന്റെ സൂപ്പര്‍ താരം നവ്ദീപ് സെയ്‌നിയും ടീമിന്റെ ഭാഗമാണ്.

 

ഇന്ത്യ എ ടീം

നവംബര്‍ 29ലെ ആദ്യ മത്സരത്തിനുള്ള ടീം: അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍, യശ്വസി ജയ്സ്വാള്‍, യാഷ് ദുള്‍, സര്‍ഫ്രാസ് ഖാന്‍, തിലക് വര്‍മ, ഉപേന്ദ്ര യാദവ് (വിക്കറ്റ് കീപ്പര്‍ ), സൗരവ് കുമാര്‍, രാഹുല്‍ ചഹര്‍, ജയന്ത് യാദവ്, മുകേഷ് കുമാര്‍, നവദീപ് സെയ്‌നി, ആതിത് സേഥ്.

ഡിസംബര്‍ ആറിലെ രണ്ടാം മത്സരത്തിനുള്ള ടീം: അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍, യശ്വസി ജയ്സ്വാള്‍, യാഷ് ദുള്‍, സര്‍ഫ്രാസ് ഖാന്‍, തിലക് വര്‍മ, ഉപേന്ദ്ര യാദവ് (വിക്കറ്റ് കീപ്പര്‍ ), സൗരവ് കുമാര്‍, രാഹുല്‍ ചഹര്‍, ജയന്ത് യാദവ്, മുകേഷ് കുമാര്‍,
നവദീപ് സെയ്‌നി, ആതിത് സേഥ്, ചേതേശ്വര്‍ പൂജാര, ഉമേഷ് യാദവ്, കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍).

 

Content Highlight: Rajasthan Royals shares a post about Yashasvi Jaiswal