ഭയം വേണ്ട, സഞ്ജുവിന് തുണയായി അവനുണ്ടാകും; മാസ് വീഡിയോയുമായി രാജസ്ഥാന്‍ റോയല്‍സ്
IPL
ഭയം വേണ്ട, സഞ്ജുവിന് തുണയായി അവനുണ്ടാകും; മാസ് വീഡിയോയുമായി രാജസ്ഥാന്‍ റോയല്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st March 2023, 9:40 pm

ഐ.പി.എല്‍ 2023ല്‍ കരീബിയന്‍ സൂപ്പര്‍ താരം ഒബെഡ് മക്കോയ് ടീമിനൊപ്പമുണ്ടാകുമെന്ന് സ്ഥിരീകരിച്ച് രാജസ്ഥാന്‍ റോയല്‍സ്. താരത്തിന് പരിക്കേറ്റിരുന്നുവെന്നും അതിനാല്‍ സീസണ്‍ മുഴുവനായുമോ അല്ലെങ്കില്‍ ആദ്യത്തെ ചില മത്സരങ്ങളോ നഷ്ടമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഈ അഭ്യൂഹങ്ങളെയെല്ലാം കാറ്റില്‍ പറത്തിയാണ് മക്കോയ് രാജസ്ഥാനൊപ്പമുണ്ടാകുമെന്ന് ടീം അറിയിച്ചത്.

കഴിഞ്ഞ സീസണിലാണ് താരം രാജസ്ഥാനൊപ്പം ചേരുന്നത്. 75 ലക്ഷം രൂപക്കായിരുന്നു രാജസ്ഥാന്‍ മക്കോയ്‌യെ ടീമിലെത്തിച്ചത്. കളിച്ച ആദ്യ മത്സരങ്ങളില്‍ അത്യാവശ്യം അടി കിട്ടിയെങ്കിലും ടീം മക്കോയ്‌യിലുള്ള വിശ്വാസം മുറുകെ പിടിക്കുകയായിരുന്നു.

തുടര്‍ന്നുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മക്കോയ് ടീമിന്റെ പ്രധാന താരങ്ങളില്‍ ഒരാളായി സ്വയം അടയാളപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ സീസണിലെ ഏഴ് മത്സരത്തില്‍ നിന്നും 11 വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

നോക്ക് ഔട്ടില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിലായിരുന്നു മക്കോയ് തന്റെ ടീമിന്റെ രക്ഷകനായത്. 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം രണ്ടാം ക്വാളിഫയറില്‍ സ്വന്തമാക്കിയത്. ഇതുതന്നെയാണ് താരത്തിന്റെ മികച്ച പ്രകടനവും.

ഈ സീസണിലും 75 ലക്ഷം രൂപക്ക് തന്നെയാണ് റോയല്‍സ് മക്കോയ്‌യെ നിലനിര്‍ത്തിയത്.

എസ്.എ 20യില്‍ പാള്‍ റോയല്‍സിന്റെ താരമായിരുന്ന മക്കോയ്ക്ക് പരിക്ക് മൂലം സീസണ്‍ നഷ്ടമായിരുന്നു. ഐ.പി.എല്ലിലും താരം കളിച്ചേക്കില്ല എന്ന ആശങ്കയും ഇതോടൊപ്പം ഉടലെടുത്തിരുന്നു.

 

 

ഏപ്രില്‍ രണ്ടിനാണ് ഐ.പി.എല്‍ 2023 ല്‍ രാജസ്ഥാന്റെ ആദ്യ മത്സരം. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. ഈ മത്സരത്തിലടക്കം മക്കോയ് ടീമിന്റെ തുറുപ്പുചീട്ടാകുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഐ.പി.എല്‍ 2023 രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍, യശസ്വി ജയ്സ്വാള്‍, ജോ റൂട്ട്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍, റിയാന്‍ പരാഗ്, ട്രെന്റ് ബോള്‍ട്ട്, ഒബെഡ് മക്കോയ്, നവദീപ് സൈനി, കുല്‍ദീപ് സെന്‍, കുല്‍ദീപ് യാദവ്, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, ജേസണ്‍ ഹോള്‍ഡര്‍, ഡോണോവന്‍ ഫെരേര, കുണാല്‍ റാത്തോര്‍, ആദം സാംപ, കെ.എം. ആസിഫ്, മുരുഗന്‍ അശ്വിന്‍, ആകാശ് വസിഷ്ഠ്, അബ്ദുള്‍ ബാസിത് പി.എ.

 

Content highlight: Rajasthan Royals have confirmed that Obed McCoy will be with the team in IPL 2023