ഞാന്‍ ഇനി ഒരിക്കലും റിയാന്‍ പരാഗിന് വേണ്ടി പന്തെറിയില്ല; കടുപ്പിച്ച് രാജസ്ഥാന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍
IPL
ഞാന്‍ ഇനി ഒരിക്കലും റിയാന്‍ പരാഗിന് വേണ്ടി പന്തെറിയില്ല; കടുപ്പിച്ച് രാജസ്ഥാന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 9th April 2022, 3:35 pm

ഇനിയൊരിക്കലും റിയാന്‍ പരാഗിന് വേണ്ടി നെറ്റ്‌സില്‍ പന്തെറിയില്ല എന്ന് രാജസ്ഥാന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ജിമ്മി നീഷം. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇനി പരാഗിന് വേണ്ടി പന്തെറിയില്ല എന്ന് പറഞ്ഞിരിക്കുന്നത്.

‘ഞാന്‍ ഇതിനാല്‍ റിയാന്‍ പരാഗിന് വേണ്ടി നെറ്റ്‌സില്‍ പന്തെറിയുന്നതില്‍ നിന്നും വിരമിക്കുന്നതിനായി അറിയിക്കുന്നു’ എന്നാണ് താരം കുറിച്ചത്.

ഇതിനോടൊപ്പം തന്നെ നീഷം പരാഗിന് വേണ്ടി നെറ്റ്‌സില്‍ പന്തെറിയുന്ന വീഡിയോയും പങ്കുവെച്ചിരുന്നു.

 

നീഷം പരാഗിന് നെറ്റ്‌സില്‍ പന്തെറിയുന്നതും, പരാഗിന്റെ ഷോട്ടില്‍ നിന്നും ഒഴിഞ്ഞുമാറുന്നതിനിടെ താഴെ വീഴുന്നതുമാണ് വീഡിയോയിലുള്ളത്.

നീഷം ഇനിയും രാജസ്ഥാന് വേണ്ടി കളത്തിലിറങ്ങിയിട്ടില്ല. വരാനിരിക്കുന്ന മത്സരത്തില്‍ ഈ കിവി ഓള്‍റൗണ്ടര്‍ രാജസ്ഥാന് വേണ്ടി സഞ്ജു ആര്‍മിയില്‍ ഉണ്ടാകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും റിയാന്‍ പരാഗ് മിഡില്‍ ഓര്‍ഡറില്‍ ഇറങ്ങിയിരുന്നു. കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതിരുന്ന പരാഗിനെ ബെഞ്ചിലിരുത്തി നീഷം അടക്കമുള്ള താരങ്ങളെ പ്ലെയിംഗ് ഇലവനിലേക്ക് കൊണ്ടുവരാനും ആരാധകര്‍ മുറവിളി കൂട്ടിയിരുന്നു.

പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന രാജസ്ഥാന്‍ കഴിഞ്ഞ മത്സരത്തിലെ പരാജയത്തോടെ പോയിന്റ് പട്ടികയില്‍ നാലാമതേക്ക് വീണിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് ജയത്തോടെ നാല് പോയിന്റാണ് രാജസ്ഥാനുള്ളത്.

നാല് മത്സരത്തില്‍ നിന്നും മൂന്ന് ജയവുമായി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ഗുജറാത്ത് രണ്ടാമതും നാല് മത്സരത്തില്‍ നിന്നും മൂന്ന് ജയവുമായി ലഖ്‌നൗ മൂന്നാമതും പോയിന്റ് പട്ടികയില്‍ തുടരുന്നു.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് രാജസ്ഥാന്റെ അടുത്ത മത്സരത്തിലെ എതിരാളികള്‍. ഏപ്രില്‍ 10ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.

 

Content Highlight: Rajasthan Royals all rounder Jimmy Neesham says he wont bowl to Riyan Parag in nets