ക്വിന്റണ്‍ ഡി കോക്ക് നിറഞ്ഞാടി; രാജസ്ഥാന് 188 റണ്‍സ് വിജയലക്ഷ്യം
IPL 2019
ക്വിന്റണ്‍ ഡി കോക്ക് നിറഞ്ഞാടി; രാജസ്ഥാന് 188 റണ്‍സ് വിജയലക്ഷ്യം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 13th April 2019, 5:58 pm

മുംബൈ: രാജസ്ഥാന്‍ റോയല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സിന് മികച്ച സ്‌കോര്‍. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 187 റണ്‍സ് നേടി.

52 പന്തില്‍ 81 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കാണ് മുംബൈയ്ക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ് പുറത്തിരിക്കേണ്ടിവന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ 32 പന്തില്‍ 47 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ കത്തിക്കയറിയ ഹാര്‍ദിക് പാണ്ഡ്യയും (11 പന്തില്‍ 28) നിര്‍ണായകമായി.

രാജസ്ഥാനുവേണ്ടി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റും ധവാല്‍ കുല്‍ക്കര്‍ണി, ജയദേവ് ഉനദ്കട്ടും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തേ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിതും ഡി കോക്കും ചേര്‍ന്നുള്ള ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് 10.5 ഓവറില്‍ 96 റണ്‍സ് നേടി മികച്ച അടിത്തറയൊരുക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണെങ്കിലും ഡി കോക്ക് ഒരറ്റത്ത് ഉറച്ചുനില്‍ക്കുകയായിരുന്നു. അവസാന ഓവറുകളില്‍ ഹെലികോപ്ടര്‍ ഷോട്ടടക്കം കളിച്ച പാണ്ഡ്യ മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചു.

നിലവില്‍ ആറു മത്സരങ്ങളില്‍ നിന്ന് നാലു വിജയമുള്ള മുംബൈ മൂന്നാം സ്ഥാനത്തും അത്രയും മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുള്ള രാജസ്ഥാന്‍ ഏഴാം സ്ഥാനത്തുമാണ്.