20 വര്‍ഷം മുന്‍പ് തിയേറ്ററില്‍ തകര്‍ന്നടിഞ്ഞ രജനിചിത്രം; രണ്ടാം വരവില്‍ സൂപ്പര്‍ഹിറ്റടിച്ച് ബാബ
Entertainment news
20 വര്‍ഷം മുന്‍പ് തിയേറ്ററില്‍ തകര്‍ന്നടിഞ്ഞ രജനിചിത്രം; രണ്ടാം വരവില്‍ സൂപ്പര്‍ഹിറ്റടിച്ച് ബാബ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st December 2022, 10:52 am

ഇരുപത് വര്‍ഷത്തിനുശേഷം വീണ്ടും തിയേറ്ററിലെത്തിയിരിക്കുകയാണ് രജനികാന്ത് ചിത്രം ബാബ. 2002ല്‍ സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത സിനിമ തിയേറ്ററില്‍ വലിയ പരാജയമായിരുന്നു. ഇപ്പോള്‍ രജനിയുടെ എഴുപത്തിരണ്ടാമത് പിറന്നാളിനോട് അനുബന്ധിച്ച് സിനിമ വീണ്ടും തിയേറ്ററില്‍ റിലീസ് ചെയ്തിരുന്നു. എന്നാല്‍ സിനിമയിപ്പോള്‍ സൂപ്പര്‍ ഹിറ്റായി ഓടുകയാണ്.

സിനിമ കാണാനായി ആരാധകര്‍ തിയേറ്ററില്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണിപ്പോള്‍. അതുകൊണ്ട് സ്‌ക്രീനുകളുടെ എണ്ണം ഇരുനൂറില്‍നിന്ന് മുന്നൂറായി വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് പിന്നണി പ്രവര്‍ത്തകര്‍. ദൈര്‍ഘ്യത്തിന്റെ പേരില്‍ ഏറെ പഴികേട്ടിരുന്ന ചിത്രം പുതിയതലമുറയെ ആകര്‍ഷിക്കുന്നതരത്തില്‍ 30 മിനിറ്റ് ഒഴിവാക്കിയാണ് വീണ്ടും പ്രദര്‍ശിപ്പിച്ചത്. സിനിമാപ്രേമികളുടെ അഭിരുചിക്കനുസരിച്ച് ക്ലൈമാക്‌സും മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

രജനിയുടെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ പരാജയമായി വിലയിരുത്തപ്പെടുന്ന ചിത്രമായിരുന്നു ബാബ. ചിത്രം നിര്‍മിച്ചത് രജനീകാന്ത് തന്നെയാണ്. അന്ന് ബാബ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നിരുന്നു. തുടര്‍ന്ന് സിനിമയ്ക്കുവേണ്ടി നിക്ഷേപിച്ച തുകയുടെ 25 ശതമാനം രജിനീകാന്ത് മടക്കിനല്‍കുകയും ചെയ്തു.

സാങ്കേതികമേന്മയുടെ പേരില്‍ സിനിമ വലിയ പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നുവെങ്കിലും ബോക്സോഫീസില്‍ വന്‍പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഏതെങ്കിലും രാഷ്ട്രീയ ക്യാമ്പെയിന്റെ ഭാഗമായിട്ടാണോ സിനിമ നിര്‍മിക്കപ്പെട്ടത് എന്ന തരത്തിലുള്ള ചര്‍ച്ചകളും അക്കാലത്ത് ഉയര്‍ന്നുവന്നിരുന്നു. പുകവലിച്ചുകൊണ്ട് നില്‍ക്കുന്ന നായകന്റെ പോസ്റ്ററുകള്‍ യുവാക്കളെ വഴിതെറ്റിക്കും എന്നായിരുന്നു മറ്റൊരു വിമര്‍ശനം. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ പ്രേക്ഷകര്‍ ആക്രമിക്കുകയും ഫിലിം റോളുകള്‍ കത്തിക്കുകയും ചെയ്തിരുന്നു. ചിത്രത്തിലെ സംഗീതത്തേക്കുറിച്ചും വിമര്‍ശനങ്ങള്‍ അക്കാലത്ത് ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായ വിവാദങ്ങളെ തുടര്‍ന്ന് അഭിനയത്തില്‍ നിന്ന് രജനീകാന്ത് കുറേകാലം വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

മനീഷ കൊയ്‌രാള, അമരീഷ് പുരി, ആശിഷ് വിദ്യാര്‍ത്ഥി, എം.എന്‍. നമ്പ്യാര്‍ തുടങ്ങി നിരവധി താരങ്ങളാണ് ബാബയില്‍ അണിനിരന്നത്. ഇവര്‍ക്ക് പുറമേ രാഘവാ ലോറന്‍സ്, രമ്യാകൃഷ്ണന്‍, നാസര്‍, പ്രഭുദേവ, രാധാരവി, ശരത് ബാബു എന്നിവര്‍ അതിഥി വേഷങ്ങളിലും എത്തിയിരുന്നു.

 

 

 

content highlight: rajanikanth’s old movie baba re released in theater